Tuesday, April 30, 2024
HomeIndiaബിജെപി പതിറ്റാണ്ടുകളോളം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്രസ്ഥാനത്ത് തുടരും; രാഹുൽ തിരിച്ചറിഞ്ഞിട്ടില്ല: പ്രശാന്ത് കിഷോർ

ബിജെപി പതിറ്റാണ്ടുകളോളം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്രസ്ഥാനത്ത് തുടരും; രാഹുൽ തിരിച്ചറിഞ്ഞിട്ടില്ല: പ്രശാന്ത് കിഷോർ

ബി ജെ പി തുടർന്നുള്ള പതിറ്റാണ്ടുകളിലും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ (Indian Politics) കേന്ദ്രസ്ഥാനത്ത് തുടരുമെന്നും ഈ യാഥാർഥ്യം തിരിച്ചറിയാത്തതാണ് രാഹുൽ ഗാന്ധിയുടെ (Rahul Gandhi) പ്രശ്നമെന്നും തെരഞ്ഞടുപ്പ് തന്ത്രജ്ഞൻ (Poll Strategist) പ്രശാന്ത് കിഷോർ (Prashant Kishore). ഗോവയിൽ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കവെ വ്യാഴാഴ്ചയാണ് പ്രശാന്ത് കിഷോർ ഈ പരാമർശം നടത്തിയത്.

“കോൺഗ്രസ് ആദ്യത്തെ 40 വർഷക്കാലം നിന്നതുപോലെ തന്നെ, തെരഞ്ഞെടുപ്പിൽ വിജയിച്ചാലും പരാജയപ്പെട്ടാലും ബി ജെ പി ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്രസ്ഥാനത്ത് തുടരും. ദേശീയ തലത്തിൽ 30 ശതമാനത്തിലേറെ വോട്ട് നേടിയാൽ അതിനർത്ഥം നിങ്ങൾ വേഗത്തിൽ അസ്തമിക്കാൻ പോകുന്നില്ല എന്നാണ്. ജനങ്ങൾ രോഷാകുലരാണ്, അതിനാൽ അവർ മോദിയെ വലിച്ചു താഴെയിടും എന്നൊക്കെയുള്ള മിഥ്യാധാരണകളിൽപ്പെടാതിരിക്കുക. ഒരുപക്ഷെ ജനങ്ങൾ മോദിയെ അധികാരത്തിൽ നിന്ന് താഴെയിറക്കിയേക്കാം, എന്നാൽ ബി ജെ പി എങ്ങോട്ടും പോകില്ല. ബിജെപി ഇനിയുള്ള വർഷങ്ങളിലും ഇവിടെ തുടരും”, കിഷോർ പറഞ്ഞു.

“രാഹുൽ ഗാന്ധിയുടെ പ്രശ്നം, ജനങ്ങൾ ബി ജെ പിയെ കൈവിടും എന്ന് കരുതുന്നതാണ്. അങ്ങനെ സംഭവിക്കാൻ പോകുന്നില്ല”, അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രശാന്ത് കിഷോർ ഈ പരാമർശങ്ങൾ നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചവരിൽ ബി ജെ പി നേതാവ് അജയ് ഷെറാവത്തും ഉൾപ്പെടുന്നു. “വരാൻ പോകുന്ന ദശകങ്ങളിലും ബി ജെ പി ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായക ശക്തിയായി തുടരുമെന്ന് ഒടുവിൽ പ്രശാന്ത് കിഷോറും അംഗീകരിക്കുന്നു. ഇത് തന്നെയാണ് എത്രയോ മുമ്പ് അമിത് ഷാ ജിയും പ്രഖ്യാപിച്ചത്”, വീഡിയോ ദൃശ്യം പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചു.

ഈ മാസം ആദ്യം, കോൺഗ്രസിൽ “ആഴത്തിൽ വേരൂന്നിയ” ചില പ്രശ്‌നങ്ങൾ പ്രശാന്ത് കിഷോർ ചൂണ്ടിക്കാണിച്ചിരുന്നു. നിർഭാഗ്യവശാൽ കോൺഗ്രസിൽ ഈ പ്രശ്നങ്ങൾക്കും ഘടനാപരമായ ബലഹീനതകൾക്കും പെട്ടെന്നൊരു പരിഹാരമില്ലെന്നും” അദ്ദേഹം പറയുകയുണ്ടായി.

പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ ഉപദേശക സ്ഥാനത്ത് നിന്ന് പ്രശാന്ത് കിഷോർ ഒഴിഞ്ഞത് ഒരു ‘സ്വതന്ത്ര ഏജന്റ്’ ആയി തുടരാൻ ഇനി അദ്ദേഹത്തിന് താത്പര്യമില്ല എന്നതിന്റെ സൂചനയാണെന്ന് നിരീക്ഷകർ വിലയിരുത്തിയിരുന്നു. അതിനു പകരം ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായി 2024 ൽ വരാൻ പോകുന്ന പൊതുതെരഞ്ഞെടുപ്പിൽ നേരിട്ടുള്ള ഇടപെടൽ നടത്താനാകും പ്രശാന്ത് കിഷോറിന്റെ നീക്കമെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസിന്റെ ആഭ്യന്തര സ്രോതസുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ വിശ്വാസയോഗ്യമാണെങ്കിൽ 2022 ൽ ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ തന്ത്രങ്ങൾ മെനയാൻ പ്രശാന്ത് കിഷോർ ഉണ്ടാകില്ല.

പാർട്ടിയിൽ സംഘടനാതലത്തിൽ വിപുലമായ ഒരു അഴിച്ചുപണിയിലാണ് പ്രശാന്ത് കിഷോർ ഉന്നം വെയ്ക്കുന്നതെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular