Monday, May 6, 2024
HomeKerala'തൃശൂരില്‍ ബിജെപി 28000ത്തിലധികം കള്ളവോട്ടുകള്‍ ചേര്‍ത്തു, പട്ടികയില്‍ സുരേഷ് ഗോപിയുടെ ജീവനക്കാരും'; ടിഎൻ പ്രതാപൻ

‘തൃശൂരില്‍ ബിജെപി 28000ത്തിലധികം കള്ളവോട്ടുകള്‍ ചേര്‍ത്തു, പട്ടികയില്‍ സുരേഷ് ഗോപിയുടെ ജീവനക്കാരും’; ടിഎൻ പ്രതാപൻ

തൃശൂർ: വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ജില്ലയില്‍ ബിജെപി വ്യാപകമായി കള്ളവോട്ട് ചേർത്തതായി ഗുരുതര ആരോപണവുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് ടിഎൻ പ്രതാപൻ.

പട്ടികയില്‍ സുരേഷ് ഗോപിയുടെ ജീവനക്കാർ ഉള്‍പ്പെടെ ഉണ്ടെന്നും അന്യസംസ്ഥാന തൊഴിലാളികളെ വരെ പട്ടികയില്‍ ചേർത്തിട്ടുണ്ടെന്നും ആകെ 28000ത്തിലധികം കള്ളവോട്ടുകളാണ് ബിജെപി ചേർത്തതെന്നും പ്രതാപൻ ആരോപിച്ചു.

വിഷയത്തില്‍ കളക്‌ടർക്ക് പരാതി നല്‍കിയെന്നും പ്രതാപൻ പറയുന്നു. ‘28000ത്തോളം വ്യാജ വോട്ടുകള്‍ ചേർത്തിരിക്കുന്നു. അവരില്‍ പലരും മറ്റ് പല മണ്ഡലങ്ങളിലും വോട്ടുള്ളവരാണ്. സുരേഷ് ഗോപിയുടെ കൂടെ നടക്കുന്ന ജീവനക്കാരുടെ വോട്ട്, ആലത്തൂർ മണ്ഡലത്തില്‍ പലയിടത്തുള്ള ബിജെപി പ്രവർത്തകരുടെ വോട്ട്, അന്യസംസ്ഥാന തൊഴിലാളികളുടെ വോട്ട് പണംകൊടുത്ത് ഇതില്‍ ചേർത്തിട്ടുണ്ട്’ പ്രതാപൻ മാധ്യമങ്ങളോട് പറഞ്ഞു.

‘വളരെ ഗുരുതരമാണ് ഈ ജില്ലയിലെ കള്ളവോട്ട്. ഞങ്ങളുടെ പാർട്ടിയുടെ ബൂത്ത് ലെവല്‍ ഏജന്റുമാർ കൃത്യമായി നടത്തിയ സൂക്ഷ്‌മ പരിശോധനയിലാണ് ഞങ്ങള്‍ക്ക് ഇക്കാര്യം കണ്ടുപിടിക്കാൻ കഴിഞ്ഞത്. ഇതില്‍ ഭൂരിഭാഗം ബിഎല്‍ഒമാർ ഭൂരിപക്ഷവും സിപിഎം അനുകൂലികളാണ്. അത്തരത്തില്‍ ഇതില്‍ അവരുടെ പങ്കും അന്വേഷിക്കണം. ഇതില്‍ കൂട്ടുനിന്ന ജീവനക്കാരെ ഉടൻ സസ്‌പെൻഡ് ചെയ്യണം’ പ്രതാപൻ ആവശ്യപ്പെട്ടു.

കണ്ടെത്തിയ വോട്ടുകള്‍ മുഴുവൻ ബിജെപിയുടേത് ആണെന്നും അദ്ദേഹം പറഞ്ഞു. ബിഎല്‍ഒമാരായ ഇടതുപക്ഷക്കാരെ സ്വാധീനിച്ച്‌ വോട്ട് ചേർത്തത് നേരത്തെ പറഞ്ഞ അന്തർധാരയുടെ ഒരു ഭാഗമാണ്. ഞങ്ങളുടെ ബിഎല്‍എമാർ കണ്ടുപിടിച്ച്‌ ശബ്‌ദം ഉയർത്തിയപ്പോഴാണ് ഇവിടുത്തെ ഒരു കൗണ്‍സിലർ ബിഎല്‍ഒയെ വീട്ടിലേക്ക് വിളിപ്പിച്ചു.അവിടെ അന്തർധാരയുടെ ഭാഗമാണ് ഇതെന്നും പ്രതാപൻ ആരോപിച്ചു.

അതേസമയം, തൃശൂരില്‍ പോരാട്ടം അവസാന ഘട്ടത്തില്‍ എത്തിയപ്പോള്‍ ആർക്ക് ജയം നേടാനാകും എന്ന കാര്യം തീർത്തു പറയാനാവാത്ത നിലയിലാണ്. ഇടത് വലത് മുന്നണികള്‍ക്ക് ഒപ്പം സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ ബിജെപിയും ഇവിടെ കരുത്ത് തെളിയിക്കുന്നുണ്ട്. എന്നാല്‍ ജയം കൈപ്പിടിയിലാവുമോ എന്ന് കണ്ടറിയണം.

എല്‍ഡിഎഫ് സ്ഥാനാർത്ഥിയായ വിഎസ് സുനില്‍കുമാറും യുഡിഎഫ് സ്ഥാനാർത്ഥിയായ കെ മുരളീധരനും തികഞ്ഞ ജയ പ്രതീക്ഷയിലാണ്. എന്നാല്‍ അതിനിടയിലാണ് ഇപ്പോള്‍ ബിജെപിക്കെതിരെ കള്ളവോട്ട് ആരോപണം ശക്തമാവുന്നത്. ഇതോടെ കേരളത്തിന്റെ മുഴുവൻ ശ്രദ്ധയും തൃശൂരിലേക്ക് തിരിയുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular