Tuesday, May 7, 2024
HomeKeralaസംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യത, നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മഴ മുന്നറിയിപ്പ് പന്ത്രണ്ട് ജില്ലകളില്‍

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യത, നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മഴ മുന്നറിയിപ്പ് പന്ത്രണ്ട് ജില്ലകളില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. അതിശക്തമായ മഴ തുടരുന്ന നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ബാക്കി എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

തെക്കൻ തമിഴ്‌നാടിനു മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇത് മറ്റന്നാളോടെ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാൻ സാദ്ധ്യതയുണ്ട്. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി വീണ്ടും ശക്തി പ്രാപിച്ചേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. അറബിക്കടലില്‍ ന്യൂനമര്‍ദ്ദ സാദ്ധ്യതയുണ്ട്. സംസ്ഥാനത്ത്‌ അടുത്ത അഞ്ച് ദിവസം കൂടി ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

അതേസമയം, തലസ്ഥാനത്ത് ഇന്നലെ മുതല്‍ പെയ്ത കനത്ത മഴയില്‍ വ്യാപക നാശമുണ്ടായി. വെള്ളായണിയിലും, പോത്തൻകോടും, കഴക്കൂട്ടത്തുമൊക്കെ നിരവധി വീടുകളിലും റോഡുകളിലും വെള്ളം കയറി. വേളി മാധവപുരത്ത് വീട് ഇടിഞ്ഞുവീണു. വേങ്ങാനൂരില്‍ വീടിന് പുറത്ത് മണ്ണിടിഞ്ഞ് വീണു.

ടെക്‌നോപാര്‍ക്കിലും, കോസ്‌മോ ആശുപത്രിയിലും വെള്ളക്കെട്ടുണ്ടായി. പോത്തൻകോട് മതിലിടിഞ്ഞ് വീണ് യുവാവിന് പരിക്കേറ്റു. കൊച്ചുവേളി റെയില്‍വേ സ്റ്റേഷൻ ട്രാക്കില്‍ വെള്ളം കയറി. ഇതുമൂലം തിരുവനന്തപുരം – ന്യൂഡല്‍ഹി കേരള എക്‌സ്‌പ്രസ് വൈകിയേ പുറപ്പെടുകയുള്ളൂ. പന്ത്രണ്ടരയ്ക്ക് പുറപ്പെടേണ്ട ട്രെയിൻ വൈകിട്ട് ഏഴരയ്ക്കാണ് പുറപ്പെടുക. പള്ളിച്ചലില്‍ തോട് കരകവിഞ്ഞ് പതിനേഴ് വീടുകളില്‍ വെള്ളം കയറി. ഫയര്‍ഫോഴ്സ് രക്ഷാപ്രവര്‍ത്തനം നടത്തുന്നു.

തലസ്ഥാനത്ത് താലൂക്ക് അടിസ്ഥാനത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. തിരുവനന്തപുരം: 0471 2462006, 9497711282, നെയ്യാറ്റിൻകര: 04712222227.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular