Tuesday, May 21, 2024
HomeAsiaഎരിയുന്ന തീക്കനലില്‍ ഫലസ്തീനികള്‍ ഒലീവിലപ്പച്ചയുടെ മിടിപ്പ് കാത്തുസൂക്ഷിക്കുന്നുണ്ട്

എരിയുന്ന തീക്കനലില്‍ ഫലസ്തീനികള്‍ ഒലീവിലപ്പച്ചയുടെ മിടിപ്പ് കാത്തുസൂക്ഷിക്കുന്നുണ്ട്

മ്മളാരും യുദ്ധത്തിന്റെ രുചി എന്താണെന്നറിഞ്ഞിട്ടില്ല. തലയ്ക്കു മുകളില്‍ ഏതു നിമിഷവും വന്നു പതിക്കാവുന്ന മരണത്തിന്റെ മിസൈലുകളെ പേടിച്ചിരുന്നിട്ടില്ല.

ചിതറിത്തെറിച്ച ജീവിതത്തിന്റെ ബാക്കി മാറാപ്പു കെട്ടി ട്രക്കുകളില്‍ അഭയാര്‍ഥി ക്യാമ്ബുകളിലേക്ക് യാത്ര പോയിട്ടില്ല. ഏതുനിമിഷവും കൊല്ലപ്പെട്ടേക്കാവുന്ന സ്വന്തം കുഞ്ഞുങ്ങളെ തിരിച്ചറിയാന്‍ അവരുടെ കൈകളിലും കാലുകളിലും മരണത്തിന്റെ ചാപ്പ കുത്തേണ്ടി വന്നിട്ടില്ല. അതുകൊണ്ടാണ് നമുക്ക് ഇതെല്ലാം വാര്‍ത്ത മാത്രമായി മൊബൈലില്‍ സ്‌ക്രോള്‍ ചെയ്തു നമ്മുടെ കുഞ്ഞുങ്ങളോടൊത്ത് രാത്രിയില്‍ സ്വസ്ഥമായി ഉറങ്ങാന്‍ കഴിയുന്നത്.

ഇന്ന് ലോകത്തൊരു നരകമുണ്ടെങ്കില്‍ അതാണ് ഗസ്സ. വാര്‍ത്താ മാധ്യമങ്ങള്‍ക്ക് അതിന്റെ പുതുമ എന്നേ നഷ്ടപ്പെട്ടു കഴിഞ്ഞു. മരണത്തിന്റെ എണ്ണ കണക്കുകള്‍ മാത്രമാക്കി ഉള്‍പേജുകളില്‍ വാര്‍ത്ത ചുരുങ്ങിക്കഴിഞ്ഞിട്ട് എത്രയോ നാളുകളായി. മര്‍ദിതന്റെ നിലവിളിക്കും ചൂഷകന്റെ ആക്രോശങ്ങള്‍ക്കും ഇടയില്‍ സമീകരണത്തിന്റെ പുതിയ സിദ്ധാന്തങ്ങള്‍ പടച്ചുണ്ടാക്കുവാന്‍ അധിനിവേശത്തിന്റെ വാലാട്ടികള്‍ ഇപ്പോഴും ശ്രമിക്കുന്നുമുണ്ട്.

മനുഷ്യന്‍ എത്രതന്നെ പുരോഗമിച്ചാലും മനുഷ്യത്വത്തെക്കുറിച്ച്‌ നിരന്തരം പറഞ്ഞുകൊണ്ടിരുന്നാലും യുദ്ധക്കൊതിക്ക് അന്നും ഇന്നും ഒരറുതിയുമില്ല. യുദ്ധം ബാക്കി വെക്കുന്നത് കണ്ണീരും ചോരയും ദുരിതവും പട്ടിണിയും മാറാ രോഗങ്ങളും മാത്രമാണെന്ന് ആര്‍ക്കാണ് അറിയാത്തത്.

ഇസ്രായേലിന് ആയുധങ്ങള്‍ അടക്കമുള്ള സഹായങ്ങള്‍ നല്‍കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ജൂത സംഘടനയായ ജ്യൂസ് വോയിസ് ഫോര്‍ പീസ് നടത്തിയ പ്രതിഷേധത്തില്‍ ജൂത പുരോഹിതന്മാരടക്കം പങ്കെടുത്തു. തങ്ങളടങ്ങുന്ന സമുദായത്തിന്റെ പേരുപറഞ്ഞ് മനുഷ്യരെ കൂട്ടക്കുരുതി ചെയ്യുന്നത് നിര്‍ത്തൂ എന്നായിരുന്നു അവരുടെ മുദ്രാവാക്യം. എന്നിട്ടും അവസാന ഫലസ്തീനിയും മരിച്ചു വീഴുന്നത് വരെ നരവേട്ട തുടരുമെന്ന് ആക്രോശിക്കുകയാണ് ഇസ്രയേല്‍ മേധാവികള്‍.

ഓരോ 24 മണിക്കൂറിലും കൊല്ലപ്പെടുന്ന 100 കണക്കിന് ആളുകള്‍, അതിലേറെയും കുഞ്ഞുങ്ങള്‍. നാളെയുടെ തലമുറയെ ഇല്ലാതാക്കുവാന്‍ കുഞ്ഞുങ്ങളെ തിരഞ്ഞുപിടിച്ചു കൊല്ലുന്ന നരാധമന്മാര്‍. അഭയാര്‍ത്ഥി കേന്ദ്രങ്ങള്‍ വരെ ആക്രമിക്കുന്നു, വിശന്നു പൊരിഞ്ഞ് പൊതിച്ചോറിനായി കൈനീട്ടുന്ന ആള്‍ക്കൂട്ടത്തിന് നേരെ ബോംബറിഞ്ഞ് കൊന്നു രസിക്കുന്നു. ഗര്‍ഭിണികളും വൃദ്ധരും കുട്ടികളും രോഗികളും എല്ലാം അടങ്ങുന്ന അഭയാര്‍ഥി ക്യാമ്ബുകള്‍ ഭക്ഷണം പോലും കിട്ടാതെ വൃത്തിഹീനമായി മാറാരോഗങ്ങള്‍ നിറഞ്ഞ് അക്ഷരാര്‍ഥത്തില്‍ നരകമാണെന്ന് യു.എന്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂട്ടക്കുഴിമാടങ്ങള്‍ക്കിടയില്‍ ഉറ്റവരുടെ മൃതദേഹങ്ങള്‍ തിരയേണ്ടി വരുന്ന നിസ്സഹായരായ ഒരു ജനത!

ആരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് യുദ്ധം ഇനിയും തുടര്‍ന്നുകൊണ്ടിരിക്കുന്നത്? വളരെ ചെറിയ ഒരു ന്യൂനപക്ഷത്തിന്റെ ക്രൂരമായ അധികാര മോഹങ്ങള്‍ക്ക് വേണ്ടി മാത്രം. ഒരു നാടിനെ മുഴുവന്‍ ചുട്ടെരിച്ചു കളയുന്ന നരവേട്ട മാസങ്ങള്‍ പിന്നിടുമ്ബോഴും, മനഃസാക്ഷിയുള്ള ലോക രാഷ്ട്രങ്ങളും മനുഷ്യാവകാശ സംഘടനകളും നിര്‍ത്തൂ എന്ന് അലമുറയിടുമ്ബോഴും സമാധാനം എത്രയോ അകലെ. ഫലസ്തീന് എതിരായ ഇസ്രായേലിന്റെ കടന്നാക്രമണങ്ങള്‍ക്ക് ഇസ്രയേലിലും യു.എസിലും തന്നെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയരുന്നതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രത്യേകിച്ച്‌ അമേരിക്കന്‍ യുവത്വത്തിന്റെ ശക്തമായ പ്രതിഷേധം അവിടുത്തെ കാമ്ബസുകളില്‍ പടരുകയാണ്. കൊളംബിയ സര്‍വ്വകലാശാലയിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ ക്ലാസ്സുകള്‍ തന്നെ റദ്ദാക്കി. ഇസയേലിനെ സഹായിക്കുന്നത് നിര്‍ത്തണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ നൂറോളം പ്രതിഷേധക്കാരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇസ്രായേലിന് ആയുധങ്ങള്‍ അടക്കമുള്ള സഹായങ്ങള്‍ നല്‍കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ജൂത സംഘടനയായ ജ്യൂസ് വോയിസ് ഫോര്‍ പീസ് നടത്തിയ പ്രതിഷേധത്തില്‍ ജൂത പുരോഹിതന്മാരടക്കം പങ്കെടുത്തു. തങ്ങളടങ്ങുന്ന സമുദായത്തിന്റെ പേരുപറഞ്ഞ് മനുഷ്യരെ കൂട്ടക്കുരുതി ചെയ്യുന്നത് നിര്‍ത്തൂ എന്നായിരുന്നു അവരുടെ മുദ്രാവാക്യം. എന്നിട്ടും അവസാന ഫലസ്തീനിയും മരിച്ചു വീഴുന്നത് വരെ നരവേട്ട തുടരുമെന്ന് ആക്രോശിക്കുകയാണ് ഇസ്രയേല്‍ മേധാവികള്‍. ഇക്കാര്യത്തില്‍ ഏറെക്കുറെ നിസ്സംഗരായി കൈ കെട്ടി നില്‍ക്കുന്ന അറബ് രാജ്യങ്ങളെ കവച്ചുവെച്ചു കൊണ്ട് ഇറാനും യമനിലെ ഹൂതികളും ഇസ്രയേലിനു നേരെ ഒറ്റയായ തിരിച്ചടികള്‍ നടത്തുന്നത് കാര്യങ്ങള്‍ മറ്റൊരു വഴിത്തിരിവിലേക്ക് എത്തിക്കാനാണ് സാധ്യത.

ജ്യൂസ് വോയിസ് ഫോര്‍ പീസ് പ്രവര്‍ത്തകര്‍ ക്യാപിറ്റോള്‍ ഹില്ലില്‍ നടത്തിയ കുത്തിയിരിപ്പ് സമരം

മനുഷ്യരാശിയുടെ നീണ്ട ചരിത്രത്തിലുടനീളം വിനാശകരമായ പലയുദ്ധങ്ങളും നാം കണ്ടിട്ടുണ്ട്. തീവ്രമായ സ്വത്വ രാഷ്ട്രീയവും മതവും വര്‍ഗീയതയും വംശീയതയും ഫാസിസവും നാസിസവും സ്വേച്ഛാധിപത്യമോഹങ്ങളും അധികാരക്കൊതിയും. അങ്ങനെ യുദ്ധത്തിനും കലാപങ്ങള്‍ക്കും കാരണങ്ങള്‍ക്ക് ഒരു കുറവുമുണ്ടായിരുന്നില്ല. ഈ പറഞ്ഞതില്‍ നാസിസം എന്ന ആശയത്തിന്റെ, തുടര്‍ച്ചയായ നരവേട്ടക്കും ക്രൂരതയ്ക്കും ഇരയായ ജൂതന്മാരില്‍ ഒരു വിഭാഗം തന്നെയാണ് ഇപ്പോള്‍ ഈ കൂട്ടക്കുരുതിക്ക് നേതൃത്വം നല്‍കുന്നത് എന്നത് ചരിത്രപരമായ മറ്റൊരു വൈരുധ്യം!

എപ്പോള്‍ മുതലാണ് ഫലസ്തീനിയുടെ ആകാശം ഇരുണ്ടു തുടങ്ങിയത്? മനുഷ്യര്‍ വെട്ടി മുറിച്ചുണ്ടാക്കിയ ഭൂപടത്തില്‍ ഇസ്രായേലിന്റെയും ഈജിപ്തിന്റെയും നടുക്ക് ഒരു കൊച്ചു മുനമ്ബായി കുടുങ്ങിക്കിടക്കുന്ന ഗസ്സക്ക്, നൂറ്റാണ്ടിലധികം പഴക്കമുള്ള രാഷ്ട്രീയ വേലിയേറ്റങ്ങളുടെയും വേലിയിറക്കങ്ങളുടെയും പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥകള്‍ പറയാനുണ്ട്.

ആകെ 365 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണമുള്ള, 20 ലക്ഷം ജനങ്ങള്‍ പാര്‍ക്കുന്ന ഗസ്സ, ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്ബ് സെമിറ്റിക് സംസ്‌കാരങ്ങള്‍ വച്ചുപുലര്‍ത്തിയ കന്‍ആനികളുടെ വാസസ്ഥലമായിരുന്നു. പിന്നീട് 350 വര്‍ഷക്കാലം ഈജിപ്റ്റുകാരുടെ കയ്യിലായിരുന്നു. സ്വച്ഛമായ കാലാവസ്ഥയും ഫലഭൂയിഷ്ടമായ ഭൂപ്രകൃതിയുമുള്ള ഗസ്സക്കുവേണ്ടി വന്‍കിട സാമ്രാജ്യത്വ ശക്തികള്‍ രക്ത രൂക്ഷിതമായ പോരാട്ടങ്ങള്‍ നടത്തിയിട്ടുണ്ട്. പിന്നീട് കീഴടക്കിയെങ്കിലും, ബി.സി 320 ല്‍ ഗസ്സയുടെ നിശ്ചയദാര്‍ഢ്യത്തിന് മുമ്ബില്‍ ശക്തനായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിക്ക് തോറ്റു പിന്മാറേണ്ടി വന്ന കഥ ഈ നാടിന് പറയാനുണ്ട്. അലക്‌സാണ്ടറുടെ കാലത്തിനുശേഷം ഹെല്ല നെസ്റ്റിക് യുഗത്തില്‍ ഇസ്‌ലാമിന്റെയും ക്രൈസ്തവതയുടെ പ്രധാന കേന്ദ്രമായി ഇവിടം. എ.ഡി 407 ല്‍ പോര്‍ഫിറിയസ് വിഭാഗം ക്രൈസ്തവ വിശ്വാസികള്‍ ഗസ്സയില്‍ ബിഷപ്പ് ചര്‍ച്ച്‌ സ്ഥാപിച്ചു. എ.ഡി. 637 ല്‍ ഖലീഫ ഉമറിന്റെ കാലത്ത് അംറ്ബുനു ആസിന്റെ നേതൃത്വത്തിലാണ് ഇസ്ലാമിക ഭരണത്തിന്‍ കീഴില്‍ വരുന്നത്. ഖലീഫ കാലഘട്ടത്തിനുശേഷം അമവികളും അബ്ബാസികളും ഭരണം കയ്യാളി. എ.ഡി. 868 മുതല്‍ തുര്‍ക്കി പാരമ്ബര്യമുള്ള തുലൂനികള്‍ ഭരണം പിടിച്ചെടുത്തുവെങ്കിലും 1100 ആകുമ്ബോഴേക്കും ഫാത്വിമി ഭരണാധികാരികളുടെ കൈകളിലേക്ക് ഗസ്സയുടെ നിയന്ത്രണം എത്തി. അതിനുശേഷം കുരിശു യുദ്ധങ്ങളുടെ ഒരു പരമ്ബര തന്നെ ഈ നാട് നേരിട്ടു. സലാഹുദ്ദീന്‍ അയ്യൂബിയുടെ നേതൃത്വത്തില്‍ രാജ്യം ഇസ്‌ലാമിക ഭരണത്തിന്‍ കീഴില്‍ തന്നെ നിലനിന്നു. പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ രാജ്യത്തിന്റെ ഭരണം മംലൂക്കുകളുടെ കയ്യില്‍ വന്നു. പതിനാറാം നൂറ്റാണ്ട് ആയപ്പോഴേക്കും ഒട്ടോമന്‍ തുര്‍ക്കികളിലെ രാജവംശത്തിന്റെ കീഴില്‍ ഗസ്സ അതിന്റെ സുവര്‍ണ്ണ കാലഘട്ടത്തിന് സാക്ഷ്യം വഹിച്ചു.

ആറു വര്‍ഷം നീണ്ട ഇന്‍തിഫാദ പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ 1993 ല്‍ ഓസ്ലോ കരാര്‍ പ്രകാരം ഗസ്സ ഫലസ്തീന്‍ അതോറിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിന് കീഴിലാവുകയും ഇസ്രായേല്‍ പിന്മാറുകയും ചെയ്തു. എന്നാല്‍, ഫലസ്തീന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങള്‍ക്കും ജനങ്ങള്‍ക്കും ഇടയില്‍ തന്നെ ചില ആശയ കുഴപ്പങ്ങള്‍ ഉണ്ടായിരുന്നു. 2001 ല്‍ ഏരിയല്‍ ഷാരോണ്‍ ഇസ്രയേല്‍ പ്രധാനമന്ത്രിയായ ഉടന്‍ ഫലസ്തീന്‍ പ്രസിഡന്റ് യാസര്‍ അറഫാത്ത് റാമല്ലയില്‍ തടവിലാക്കപ്പെടുകയും ഹമാസ് നേതാവ് അഹമ്മദ് യാസിന്‍ ഗസ്സയില്‍ രക്തസാക്ഷിയാവുകയും ചെയ്തു.

ഗസക്കു മേലുള്ള ഇസ്രായേല്‍ അധിനിവേശത്തിന് വഴിത്തിരിവായത് 1917 ലെ ഒന്നാം ലോക മഹായുദ്ധമാണെന്ന് പറയാം. ഇന്ത്യയിലെ കശ്മീര്‍ വിഭജന ചരിത്രവുമായി റഫ പട്ടണത്തിന്റെ വിഭജനത്തിന് സാമ്യമുണ്ട്. 1906-ല്‍ ബ്രിട്ടന്റെ കീഴിലായിരുന്ന ഈജിപ്തിനെയും ഒട്ടോമന്‍ സാമ്രാജ്യത്തിന് കീഴിലായിരുന്ന ഗസ്സയെയും തമ്മില്‍ വേര്‍തിരിച്ചുകൊണ്ട് അതിര്‍ത്തി നിലവില്‍ വന്നു. അപ്പോള്‍ പ്രധാന കച്ചവട കേന്ദ്രമായ റഫ പട്ടണം എന്തു ചെയ്യുമെന്ന കാര്യത്തില്‍ രണ്ട് ഭരണകൂടത്തിനുമിടയില്‍ തര്‍ക്കം വന്നു. ഒന്നാം ലോക യുദ്ധം നടക്കുന്നതിനിടയില്‍ ഈ അതിര്‍ത്തി പ്രശ്‌നം ഒട്ടോമന്‍ ബ്രിട്ടീഷ് സാമ്രാജ്യത്വങ്ങള്‍ക്കിടയില്‍ വീണ്ടും രൂക്ഷമായി. പലതരം പിടിവലികള്‍ക്കൊടുവില്‍, 1917 നവംബര്‍ 9ന് ഒട്ടോമന്‍ സാമ്രാജ്യത്വത്തെ പരാജയപ്പെടുത്തി ബ്രിട്ടന്‍ ഗസ്സ അടങ്ങുന്ന പ്രദേശം അധീനപ്പെടുത്തി. അന്നേ ദിവസമാണ് ഗസ്സയില്‍ പ്രവേശിച്ച ബ്രിട്ടീഷ് ജനറലായിരുന്ന എഡ്മണ്ട് അലന്‍ബി ഫലസ്തീനില്‍ ജൂത ജനതയ്ക്ക് അവകാശം സ്ഥാപിക്കുന്ന ബാല്‍ഫര്‍ കരാര്‍ പ്രഖ്യാപനം നടത്തുന്നത്. മൂന്ന് പോരാട്ടങ്ങള്‍ക്കൊടുവില്‍ ഗസ്സ നിര്‍ബന്ധിത കൊളോണിയല്‍ ഭരണത്തിന്റെ കീഴിലായി. അന്നത്തെ ബ്രിട്ടീഷ് ജനറലായിരുന്ന എഡ്മണ്ട് അലന്‍ബി സയണിസ്റ്റുകളുമായി ചേര്‍ന്ന് ബാല്‍ഫര്‍ കരാര്‍ പ്രഖ്യാപനം നടത്തി. 1898 ല്‍ ജുത രാഷ്ട്ര നിര്‍മാണമെന്ന ലക്ഷ്യത്തോടെ രൂപവല്‍ക്കരിക്കപ്പെട്ട സയണിസ്റ്റ് പ്രസ്ഥാനത്തിന് ഇത് നല്ലൊരു അവസരമായി. 1948 അറബ് ഇസ്രായേല്‍ യുദ്ധത്തിനൊടുവില്‍ ഗസ്സയും ചുറ്റുമുള്ള പ്രദേശങ്ങളും ഈജിപ്തിനു കീഴിലായി. ഇവിടം പിന്നീട് ഗസ്സ മുനമ്ബ് (ഗസ്സ സ്ട്രിപ്) എന്ന് വിളിക്കപ്പെട്ടു.

The Balfour Declaration of 1917

1967 ജൂണ്‍ അഞ്ചു മുതല്‍ പത്തു വരെ നടന്ന യുദ്ധത്തിലാണ് ഇസ്രയേല്‍ ഗസ്സക്ക് മേല്‍ അധിനിവേശാധികാരം സ്ഥാപിച്ചത്. കാലങ്ങളായുള്ള ഇസ്രായേല്‍ അടിച്ചമര്‍ത്തലിനെതിരെ 1980കളില്‍ ഒരു പ്രതിരോധ വിപ്ലവ പ്രസ്ഥാനം രൂപംകൊണ്ടു. അതാണ് ഹമാസ്. ആറു വര്‍ഷം നീണ്ട ഇന്‍തിഫാദ പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ 1993 ല്‍ ഓസ്ലോ കരാര്‍ പ്രകാരം ഗസ്സ ഫലസ്തീന്‍ അതോറിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിന് കീഴിലാവുകയും ഇസ്രായേല്‍ പിന്മാറുകയും ചെയ്തു. എന്നാല്‍, ഫലസ്തീന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങള്‍ക്കും ജനങ്ങള്‍ക്കും ഇടയില്‍ തന്നെ ചില ആശയ കുഴപ്പങ്ങള്‍ ഉണ്ടായിരുന്നു. 2001 ല്‍ ഏരിയല്‍ ഷാരോണ്‍ ഇസ്രയേല്‍ പ്രധാനമന്ത്രിയായ ഉടന്‍ ഫലസ്തീന്‍ പ്രസിഡന്റ് യാസര്‍ അറഫാത്ത് റാമല്ലയില്‍ തടവിലാക്കപ്പെടുകയും ഹമാസ് നേതാവ് അഹമ്മദ് യാസിന്‍ ഗസ്സയില്‍ രക്തസാക്ഷിയാവുകയും ചെയ്തു.

ചരിത്രപരമായി സമ്ബന്നമായ ഗസ്സയുടെ അസ്ഥിത്വം തകര്‍ക്കുക എന്ന പ്രഖ്യാപിത അജണ്ടയുമായി 2006 മുതല്‍ ഇസ്രായേല്‍ പിന്തുടരുന്ന രാഷ്ട്രീയ നീക്കങ്ങളുടെ പ്രതിഫലനമാണ് ഇപ്പോള്‍ ഇസ്രായേലും ഹമാസും തമ്മിലുള്ള പോരാട്ടങ്ങള്‍ക്ക് നിദാനം. മനുഷ്യനെ പച്ചക്ക് കൂട്ടക്കശാപ്പു ചെയ്ത് ഗസ്സയെ സമ്ബൂര്‍ണ്ണമായി ഇല്ലാതാക്കുക എന്നതാണ് ഇസ്രയേലിന്റെ അജണ്ട.

ഒക്ടോബര്‍ ഏഴിന് നടന്ന ഹമാസ് ആക്രമണമാണ് ഇപ്പോള്‍ നാം കാണുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് പ്രത്യക്ഷത്തില്‍ തോന്നാമെങ്കിലും ഗസ്സയുടെ അതിജീവന പോരാട്ടം തുടങ്ങുന്നത് അവിടെ നിന്നല്ല എന്ന് ചരിത്രം പരിശോധിക്കുമ്ബോള്‍ മനസ്സിലാവും. ഇതൊന്നും കാണാതെ അധിനിവേശത്തിന് സ്തുതി പാടുന്നവരോടും, ഇപ്പോഴും ഉറക്കം നടിക്കുന്നവരോടും, ഇതൊന്നും നമ്മുടെ മുറ്റത്ത് അല്ലല്ലോ എന്ന് സ്വയം ആശ്വസിച്ചു സ്വസ്ഥമായി ഉറങ്ങുന്ന ഞാന്‍ അടക്കമുള്ള മനഃസ്സാക്ഷി സമൂഹത്തിനോടും ഒന്നും പറയാനില്ല. എത്രതന്നെ ചവിട്ടി അരച്ചിട്ടും പിന്നെയും ഫീനിക്‌സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ഫലസ്തീനിയുടെ, ഫലസ്തീന്‍ കുഞ്ഞുങ്ങളുടെ കണ്ണിലെ നിശ്ചയദാര്‍ഢ്യം, കല്ലും കവണയും മാത്രം ഉപയോഗിച്ച്‌ കുറ്റന്‍ മിസൈലുകള്‍ക്കെതിരെ ടാങ്കറുകള്‍ക്കെതിരെയും പോരാടിക്കൊണ്ടിരിക്കുന്നു. അവര്‍ക്ക് ബോംബും മിസൈലുകളും മരണവും വിശപ്പും അനാഥത്വവുമെല്ലാം നിത്യജീവിതത്തിന്റെ ഭാഗം മാത്രമായിക്കഴിഞ്ഞു. എങ്കിലും എരിയുന്ന തീ കനലില്‍ ഇപ്പോഴും ഒരൊലീവിലപ്പച്ചയുടെ മിടിപ്പ് ഇന്നും ഫലസ്തീനി കാത്തുസൂക്ഷിക്കുന്നുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്ബ് അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയെ പരാജയപ്പെടുത്തിയ നിശ്ചയദാര്‍ഢ്യത്തോടെ ഇന്നും ലോകത്തിനു നേരെ വിരല്‍ ചൂണ്ടുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular