Friday, May 3, 2024
HomeUSAഅല്‍ അഹ്ലി ആശുപത്രി ആക്രമണം: ഇസ്രായേല്‍ വാദത്തിന്‍റെ മുനയൊടിച്ച്‌ ന്യൂയോര്‍ക് ടൈംസ്

അല്‍ അഹ്ലി ആശുപത്രി ആക്രമണം: ഇസ്രായേല്‍ വാദത്തിന്‍റെ മുനയൊടിച്ച്‌ ന്യൂയോര്‍ക് ടൈംസ്

ന്യൂയോര്‍ക്: നൂറുകണക്കിനു പേരുടെ മരണത്തിനിടയാക്കിയ ഗസ്സയിലെ അല്‍ അഹ്ലി ആശുപത്രി ആക്രമണത്തില്‍ ഇസ്രായേല്‍, യു.എസ് വാദങ്ങള്‍ തള്ളി ന്യൂയോര്‍ക് ടൈംസ്.

ഇസ്ലാമിക് ജിഹാദിന്‍റെ മിസൈല്‍ ഗതിതെറ്റി വീണാണ് അപകടമെന്നായിരുന്നു പാശ്ചാത്യ മാധ്യമങ്ങളെ കൂട്ടുപിടിച്ചുള്ള പ്രചാരണം. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ തെല്‍ അവീവ് സന്ദര്‍ശനത്തിനെത്തുന്നതിന്‍റെ തലേന്ന് രാത്രിയാണ് ലോകത്തെ ഞെട്ടിച്ച ആക്രമണമുണ്ടായത്.

ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ 500 പേര്‍ മരിച്ചുവെന്നായിരുന്നു ആദ്യ വാര്‍ത്തകള്‍. ഇസ്രായേലി ഭരണ നേതൃത്വവുമായും സൈന്യവുമായും അടുപ്പമുള്ളവര്‍ ഈ ആക്രമണം ഏറ്റെടുക്കുകയും ഹമാസിന്‍റെ കേന്ദ്രമാണ് ആക്രമിച്ചതെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു. ആശുപത്രി ആക്രമിക്കപ്പെട്ടുവെന്ന വാര്‍ത്ത കാട്ടുതീ പോലെ പടരുകയും രാജ്യാന്തര തലത്തില്‍ വലിയ പ്രതിഛായ നഷ്ടം സംഭവിക്കുമെന്ന് ഉറപ്പാകുകയും ചെയ്തതോടെ ഇസ്രായേല്‍ മെല്ലെ നിലപാട് മാറ്റി. ഇസ്ലാമിക് ജിഹാദിന്‍റെ മിസൈല്‍ വഴി തെറ്റി വീണതാണെന്ന പുതിയ ആഖ്യാനം ചമയ്ക്കപ്പെട്ടത് അങ്ങനെയാണ്.

അടുത്ത ദിവസം നെതന്യാഹുവുമൊത്ത് മാധ്യമങ്ങളെ കണ്ട ബൈഡൻ ‘മറ്റേ ടീം’ ആണ് പണി പറ്റിച്ചതെന്ന മട്ടില്‍ പ്രതികരിക്കുകയും ചെയ്തതോടെ ഇസ്രായേലിന് ആശ്വാസമായി. ഇസ്ലാമിക് ജിഹാദിന്‍റെ മിസൈല്‍ ആണ് വീണതെന്ന് കാണിക്കാൻ അല്‍ ജസീറയുടേത് ഉള്‍പ്പെടെ വിഡിയോ ദൃശ്യങ്ങളാണ് ഇസ്രായേല്‍ പ്രചരിപ്പിച്ചത്. മിക്ക പാശ്ചാത്യ മാധ്യമങ്ങളും ആ കഥ ഏറ്റുപാടുകയും ചെയ്തു.

അതിനിടക്കാണ് ഇസ്രായേല്‍ പുറത്തുവിട്ട വിഡിയോ ദൃശ്യങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്ത് ന്യൂയോര്‍ക് ടൈംസ് ബുധനാഴ്ച രംഗത്തെത്തിയത്. ഈ വിഡിയോ വിശദമായി വിശകലനം ചെയ്യുമ്ബോള്‍ മറ്റുചിലതാണ് തെളിയുന്നതെന്ന് ന്യൂയോര്‍ക് ടൈംസ് സൂചിപ്പിക്കുന്നു. വിഡിയോയില്‍ കാണുന്ന മിസൈല്‍ അല്ല യഥാര്‍ഥത്തില്‍ ആശുപത്രിയില്‍ സ്ഫോടനം സൃഷ്ടിച്ചത്. വിഡിയോയിലെ മിസൈല്‍ സംഭവ സ്ഥലത്തുനിന്ന് രണ്ടു മൈല്‍ അകലെ ആകാശത്തു വെച്ച്‌ പൊട്ടിച്ചിതറുകയായിരുന്നുവത്രേ. ഇസ്രായേലി വാദങ്ങളെ ഖണ്ഡിക്കുന്നുണ്ടെങ്കിലും യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച്‌ ന്യൂയോര്‍ക് ടൈംസ് വിശദീകരിക്കുന്നില്ല.

ആശുപത്രിയില്‍ സ്ഫോടനം നടക്കുന്നതിന് തൊട്ടുമുമ്ബ് ഗസ്സയുടെ തെക്കു പടിഞ്ഞാറ് ഭാഗത്തുനിന്ന് ഇസ്രായേലിലേക്ക് മിസൈലാക്രമണം ഉണ്ടായിരുന്നു. ഈ മിസൈലുകളുടെ ഉറവിടത്തിലേക്കുള്ള തിരിച്ചടിയില്‍ ലക്ഷ്യം കാണും മുമ്ബ് വീണ ഇസ്രായേലി മിസൈലാകാം അപകടം ഉണ്ടാക്കിയതെന്ന നേരിയ സൂചന മാത്രമുണ്ട്. ന്യൂയോര്‍ക് ടൈംസിന്‍റെ നിഗമനങ്ങളോട് പ്രതികരിക്കാൻ ഇസ്രായേല്‍, യു.എസ് അധികാരികള്‍ തയാറായിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular