Friday, May 3, 2024
HomeIndia'യു.എ.ഇ സമവായ'ത്തെ അനുമോദിച്ച്‌ ലോകം

‘യു.എ.ഇ സമവായ’ത്തെ അനുമോദിച്ച്‌ ലോകം

ദുബൈ: ബുധനാഴ്ച രാവിലെ 11.13ന് ചരിത്രം പിറക്കുകയായിരുന്നു. ഒരുപക്ഷേ അസാധ്യമെന്ന് ലോകം വിലയിരുത്തിയ മഹാപ്രഖ്യാപനമായിരുന്നു അത്.

മനുഷ്യ ചരിത്രത്തിന്‍റെ ഗതിവേഗം നിര്‍ണയിച്ച ഫോസില്‍ ഇന്ധനങ്ങളുടെ അവസാനത്തിന്‍റെ തുടക്കമെന്നാണ് ഈ സമയത്തെ വിദഗ്ധര്‍ പലരും വിലയിരുത്തിയത്. ഫോസില്‍ ഇന്ധനം കുറച്ചുകൊണ്ടുവരാനുള്ള പ്രഖ്യാപനമടക്കം ഉള്‍ക്കൊള്ളുന്ന രേഖ ലോക രാജ്യങ്ങള്‍ അംഗീകരിച്ചത് ആ നിമിഷത്തിലായിരുന്നു.

കാലാവസ്ഥ വ്യതിയാനത്തിനെതിരായ പ്രവര്‍ത്തനത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണ് ഫോസില്‍ ഇന്ധനങ്ങള്‍ കുറക്കുന്നതെന്ന ശാസ്ത്രസത്യത്തെ തിരസ്കരിച്ച്‌ മുന്നോട്ടുപോകാനാവില്ലെന്ന തിരിച്ചറിവ് അടയാളപ്പെടുത്തുകയായിരുന്നു ‘യു.എ.ഇ സമവായം’.

വിവിധ ലോക രാജ്യങ്ങളില്‍നിന്നെത്തിയ പ്രതിനിധികളെല്ലാം വളരെ ആഹ്ലാദപൂര്‍വമാണ് കോപ് 28 ഉടമ്ബടിയെ സ്വീകരിച്ചത്.

പലരും ഇക്കാര്യം ലോക മാധ്യമങ്ങള്‍ക്കു മുന്നില്‍ വ്യക്തമാക്കുകയും ചെയ്തു. ഈ രേഖ ലോകത്തിന് വളരെ ശക്തമായ സന്ദേശമാണ് നല്‍കുന്നതെന്നായിരുന്നു യു.എസ് കാലാവസ്ഥ ദൂതൻ ജോണ്‍ കെറിയുടെ അഭിപ്രായം. കൃതജ്ഞതയുടെയും നിശ്ചയദാര്‍ഢ്യത്തിന്‍റെയും ദിവസമാണിതെന്നായിരുന്നു യൂറോപ്യൻ യൂനിയൻ കാലാവസ്ഥ കമീഷണര്‍ വോപ്കെ ഹീക്സ്ട്രയുടെ പ്രതികരണം. മനുഷ്യലോകം വൈകിയാണെങ്കിലും അക്കാര്യം നിര്‍വഹിച്ചിരിക്കുന്നു.

ഫോസില്‍ ഇന്ധനങ്ങളുടെ അവസാനത്തിന് തുടക്കം കുറിക്കാൻ നാം മൂന്നു ദശാബ്ദമെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചരിത്രപരമായ തീരുമാനം എന്നായിരുന്നു ജര്‍മനിയുടെ കാലാവസ്ഥ ദൂതൻ ജെന്നിഫര്‍ മോര്‍ഗന്‍റെ അഭിപ്രായം. ഭാവി പുനരുപയോഗ ഊര്‍ജത്തിന്‍റേതാണെന്നുള്ള ശക്തമായ സൂചനയാണ് ഇതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.എന്നാല്‍, ചില പ്രതിനിധികള്‍ കാലാവസ്ഥ ഉടമ്ബടിയുടെ കാര്യത്തില്‍ അസന്തുഷ്ടിയും പ്രകടിപ്പിച്ചു. ചെറുദ്വീപ് രാജ്യങ്ങളുടെ കൂട്ടായ്മയുടെ പ്രതിനിധികളാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ദുര്‍ബലമായതും ദ്വാരങ്ങളുള്ളതുമായ തോണിപോലെയാണ് ഉടമ്ബടിയെന്ന് വിശേഷിപ്പിച്ച മാര്‍ഷല്‍ ഐലൻഡ് പ്രതിനിധി തലവൻ ജോണ്‍ സില്‍ക്, എന്നാല്‍ മറ്റു വഴികളില്ലാത്തതിനാല്‍ ഈ തോണി വെള്ളത്തിലിറക്കാൻ നിര്‍ബന്ധിതരാണെന്നും പറഞ്ഞു. വിമര്‍ശനങ്ങളുള്ളതോടൊപ്പവും കോപ് 28 കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടത്തില്‍ വിജയകരമായ ഒരധ്യായമാണെന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്. 2015ലെ പാരിസ് ഉടമ്ബടിക്കുശേഷം ഏറ്റവും സുപ്രധാനമായ കരാറാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular