Tuesday, May 7, 2024
HomeKeralaപന്തല്ലൂരില്‍ മൂന്നുവയസുകാരിയെ കൊന്ന പുലിയെ മയക്കുവെടിവെച്ച്‌ പിടികൂടി

പന്തല്ലൂരില്‍ മൂന്നുവയസുകാരിയെ കൊന്ന പുലിയെ മയക്കുവെടിവെച്ച്‌ പിടികൂടി

നീലഗിരി: തമിഴ്നാട് നീലഗിരി പന്തല്ലൂരില്‍ മൂന്നുവയസുകാരിയെ കൊന്ന പുലിയെ പിടികൂടി. ഞായറാഴ്ച ഉച്ചയോടെ അംബ്രോസ് വളവിനടത്തുവെച്ച്‌ രണ്ടു ഡോസ് മയക്കുവെടി വെച്ചാണ് പുലിയെ പിടികൂടിയത്.

കേരള വനംവകുപ്പിന്റെ വയനാട്ടില്‍ നിന്നുള്ള പ്രത്യേക ദൗത്യസംഘവും കൂടി തമിഴ്നാട് വനംവകുപ്പിനൊപ്പം ചേര്‍ന്നാണ് മയക്കുവെടി വെച്ചത്.

പുലിയെ വനംവകുപ്പ് സംഘം സ്ഥലത്തുനിന്നും കൊണ്ടുപോയി. തത്കാലം ഗൂഡലൂര്‍ ഡിഎഫ്‌ഒ ഓഫീസിലേക്കാണ് മാറ്റിയത്. വനത്തില്‍ തുറന്നുവിടണോയെന്ന് തമിഴ്നാട് വനംവകുപ്പ് പിന്നീട് തീരുമാനിക്കും. ഞായറാഴ്ച രാവിലെ പ്രദേശവാസികള്‍ പുലിയെ നേരിട്ടുകണ്ടതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അവിടെ തിരച്ചില്‍ നടത്തുകയായിരുന്നു.

പന്തല്ലൂര്‍ ബിതേര്‍ക്കാട് മാംഗോ എസ്റ്റേറ്റിലെ തൊഴിലാളികളുടെ മകളായ നാൻസിയായിരുന്നു ശനിയാഴ്ച പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അങ്കണവാടിയില്‍ നിന്നും അമ്മയോടൊപ്പം വീട്ടിലേക്ക് പോകുമ്ബോഴായിരുന്നു കുട്ടിയെ പുലി കടിച്ചുകൊണ്ടുപോയത്.

കുട്ടിക്കായി തോട്ടം തൊഴിലാളികളും പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് തേയിലച്ചെടികള്‍ക്കിടയില്‍ കുഞ്ഞിനെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. ഗുരുതര പരിക്കുകളോടെ ബോധരഹിതയായ അവസ്ഥയിലായിരുന്ന ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്.

ഡിസംബര്‍ 21ന് ഇളമണ്ണ പ്രദേശത്ത് വെച്ച്‌ മൂന്ന് സ്ത്രീകള്‍ക്ക് പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഇവരില്‍ സരിത എന്ന യുവതി ഡിസംബര്‍ 29ന് മരിച്ചു. പിന്നീട് ജനുവരി നാലിന് മറ്റൊരു കുട്ടിയെ പുലി ആക്രമിക്കുകയും ചെറിയ പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തിരുന്നു. ഇതെല്ലാം ഒരേ പുലിയാണെന്നാണ് നിഗമനം. കഴിഞ്ഞ് 16 ദിവസത്തിനുള്ളില്‍ പന്തല്ലൂരില്‍ അഞ്ചുപേരെ പുലി ആക്രമിച്ചെന്നും ഇതില്‍ രണ്ടുപേര്‍ മരിച്ചെന്നുമാണ് വിവരം.

പുലിയെ പിടിക്കാനായി നേരത്തെയും വനംവകുപ്പ് കെണിയൊരുക്കിയിരുന്നു. പുലിയെ പിടിക്കാത്തതില്‍ പ്രതിഷേധിച്ച്‌ ഗൂഡല്ലൂര്‍, പന്തല്ലൂര്‍, നാടുകാണി തുടങ്ങിയ സ്ഥലങ്ങളില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളില്‍ ഞായറാഴ്ച ഹര്‍ത്താലുമായിരുന്നു. അതേസമയം പുലിയെ പിടികൂടിയെങ്കിലും വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരമാവശ്യപ്പെട്ട് ഇനിയും സമരം തുടരുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular