Tuesday, May 21, 2024
HomeKeralaതത്സമയ സംപ്രേഷണത്തിനിടെ ചാനല്‍ സ്റ്റുഡിയോയിലേക്ക് അതിക്രമിച്ചുകയറി തോക്കുധാരികള്‍ -ദൃശ്യങ്ങള്‍ വൈറല്‍

തത്സമയ സംപ്രേഷണത്തിനിടെ ചാനല്‍ സ്റ്റുഡിയോയിലേക്ക് അതിക്രമിച്ചുകയറി തോക്കുധാരികള്‍ -ദൃശ്യങ്ങള്‍ വൈറല്‍

കീറ്റോ: ലാറ്റിനമേരിക്കൻ രാജ്യമായ എക്വഡോറില്‍ തത്സസമയ സംപ്രേഷണത്തിനിടെ ചാനല്‍ സ്റ്റുഡിയോയിലേക്ക് അതിക്രമിച്ചു കയറി തോക്കുധാരികള്‍.

മുഖംമൂടി ധരിച്ച സംഘമാണ് ലൈവ് പരിപാടി നടക്കുന്നതിനിടെ ചാനല്‍ സ്റ്റുഡിയോയില്‍ കടന്ന് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയുംം ബന്ദികളാക്കുകയും ചെയ്തത്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഗുണ്ട സംഘങ്ങളുടെ അഴിഞ്ഞാട്ടം.

ഗ്വയാക്വില്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടിസി ടെലിവിഷന്‍ ചാനല്‍ സ്റ്റുഡിയോയിലാണ് അക്രമിസംഘം എത്തിയത്. പിസ്റ്റളും ഗ്രനേഡുമായാണ് സംഘം സ്റ്റുഡിയോയില്‍ എത്തിയത്. അക്രമികള്‍ സ്റ്റുഡിയോയില്‍ പ്രവേശിക്കുന്നതിന്റെയും ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുന്നതിന്റെയും തത്സമയ ദൃശ്യങ്ങളും പുറത്തുവന്നു. തൊട്ടുപിന്നാലെ പതിനഞ്ച് മിനിറ്റോളം ചാനലിലെ തത്സമയ സംപ്രേഷണം തടസപ്പെട്ടു. ജീവനക്കാര്‍ ഷൂട്ട് ചെയ്യരുതെന്ന് അപേക്ഷിക്കുന്നതും ദൃശ്യങ്ങളില്‍ കാണാനാകും.

കഴിഞ്ഞ ദിവസം കുപ്രസിദ്ധ ലഹരി മാഫിയാ തലവനായ അഡോള്‍ഫോ ഫിറ്റോ മാസിയാസ് ജയിലില്‍നിന്ന് രക്ഷപ്പെട്ടിരുന്നു. പിന്നാലെ എക്വഡോര്‍ പ്രസിഡന്റ് ഡാനിയല്‍ നൊബോവ രാജ്യത്ത് രണ്ടുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഗുണ്ടാ സംഘങ്ങള്‍ക്കെതിരെ പൊലീസ് നടപടിയും ആരംഭിച്ചു. ഇതോടെ മാഫിയ സംഘങ്ങളും വ്യാപകമായി അക്രമം അഴിച്ചുവിടുകയാണ്.

വിവിധ നഗരങ്ങളില്‍ സ്ഫോടനങ്ങള്‍ നടത്തുകയും പൊലീസുകാരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. ചാനല്‍ സ്റ്റുഡിയോയിലേക്ക് അതിക്രമിച്ചു കയറിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്‍റ് മുന്നറിയിപ്പ് നല്‍കി.

സംഭവത്തില്‍ 13 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ തീവ്രവാദക്കുറ്റം ചുമത്തി. എന്നാല്‍, അതിക്രമത്തിനു പിന്നില്‍ ആരാണെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

https://x.com/zoo_bear/status/1744818230601150617?s=20

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular