Monday, May 13, 2024
HomeUncategorizedഅന്ന് കിര്‍കുക്കിലെ അഭയാര്‍ഥി; ഇന്ന് ഇറാഖിന്റെ അഭിമാനം

അന്ന് കിര്‍കുക്കിലെ അഭയാര്‍ഥി; ഇന്ന് ഇറാഖിന്റെ അഭിമാനം

ദോഹ: കിർകുക്കിലെ അഭയാർഥി ക്യാമ്ബില്‍നിന്ന് ഇറാഖി ഒളിമ്ബിക് ടീമിലേക്ക് വിളിയെത്തുകയും പിന്നീട് ദേശീയ ടീമിലെത്തി ഗോളടിച്ച്‌ കൂട്ടുകയും ചെയ്യുന്ന ഒരാളുണ്ട്, പേര് അയ്മൻ ഹുസൈൻ.

എ.എഫ്.സി ഏഷ്യൻ കപ്പ് ഗ്രൂപ് ഡിയിലെ രണ്ട് മത്സരത്തില്‍നിന്നായി ഇറാഖിനായി മൂന്നു ഗോളുകളാണ് ഈ ആറടി രണ്ടിഞ്ചുകാരൻ അടിച്ചുകൂട്ടിയത്. ഇതില്‍ രണ്ടാം മത്സരത്തില്‍ ജപ്പാനെതിരെ നേടിയ രണ്ടുഗോളിന് തിളക്കമേറെയാണ്. ആദ്യ മത്സരത്തില്‍ താരതമ്യേന ദുർബലരായ ഇന്തോനേഷ്യയെയാണ് തകർത്തതെങ്കില്‍ അജയ്യരായി നോക്കൗണ്ട് റൗണ്ടിലേക്ക് പ്രവേശിക്കാമെന്ന മോഹവുമായെത്തിയ ബ്ലൂ സാമൂറായീസിനെയാണ് അയ്മൻ ഹുസൈന്റെ രണ്ട് ഗോളുകളിലൂടെ ഇറാഖ് തകർത്തെറിഞ്ഞത്.

1996ല്‍ ഇറാഖിലെ കിർകുക്കില്‍ ജനിച്ച അയ്മൻ ഹുസൈൻ 2009ല്‍ അല്‍ അലാം ക്ലബിലൂടെയാണ് ഫുട്‌ബാള്‍ രംഗത്തെത്തുന്നത്. 2013ല്‍ സീനിയർ പ്രഫഷനല്‍ ഫുട്‌ബാളിലേക്കെത്തിയ താരം ദുഹോക് ടീമിനായാണ് ആദ്യം ബൂട്ട് കെട്ടിയത്. പിന്നീട് അല്‍ നഫ്ത്, അല്‍ ഷുർത, സി.എസ് എക്‌സ്ഫാക്‌സിയൻ, അല്‍ ഖുവ അല്‍ ജവിയ, ഉംസലാല്‍, അല്‍ മർഖിയ, അല്‍ ജസീറ, രാജ സി.എ തുടങ്ങിയ ക്ലബുകള്‍ക്കുവേണ്ടിയും കളത്തിലിറങ്ങി. നിലവില്‍ 2019-2021 സീസണിലെ തന്റെ പഴയ തട്ടകമായ അല്‍ ഖുവ അല്‍ ജവിയയുടെ താരമാണ് അയ്മൻ ഹുസൈൻ.

2014ല്‍ ഇറാഖ് അണ്ടർ 20 ടീമിലൂടെയാണ് അയ്മൻ ദേശീയ ടീമിലെത്തുന്നത്. 2015 മുതല്‍ 2018 വരെ അണ്ടർ 23 താരമായ അയ്മൻ 14 മത്സരങ്ങളില്‍നിന്നായി 11 തവണ ദേശീയ ടീമിനുവേണ്ടി ലക്ഷ്യംകണ്ടു. 2015 മുതല്‍ ഇറാഖിന്റെ സീനിയർ ടീമിലെ സ്ഥിര സാന്നിധ്യമായ താരം, 71 മത്സരങ്ങളില്‍നിന്നായി 20 ഗോളുകളും നേടിയിട്ടുണ്ട്.

ഇറാഖിലെ സംഘർഷകാലത്ത് 2014ലെ സംഭവങ്ങള്‍ താരം ഇപ്പോഴും നടുക്കത്തോടെയാണ് ഓർക്കുന്നത്. ആ വർഷം വടക്കൻ ഇറാഖിലും പടിഞ്ഞാറൻ ഇറാഖിലുമായി ഇസ്ലാമിക് സ്റ്റേറ്റ്‌സിന്റെ (ഐ.എസ്) മേധാവിത്വം വ്യാപിച്ചതോടെ ഉണ്ടായ സംഘർഷങ്ങളെത്തുടർന്ന് കുടുംബത്തോടൊപ്പം വീടുവിട്ടിറങ്ങിയ വ്യക്തിയാണ് അയ്മൻ ഹുസൈൻ. ഇറാഖ് പൊലീസിലായിരുന്ന അദ്ദേഹത്തിന്റെ പിതാവ് സംഘർഷങ്ങളില്‍ കൊല്ലപ്പെടുകയും സഹോദരനെ ഐസിസ് തട്ടിക്കൊണ്ട് പോകുകയും ചെയ്തിരുന്നു. സഹോദരനെക്കുറിച്ച്‌ പിന്നീട് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് അയ്മൻ പറയുന്നുണ്ട്.

2016ലെ റിയോ ഒളിമ്ബിക്‌സിന് യോഗ്യത നേടിയ ഇറാഖ് ടീമിലേക്ക് അപ്രതീക്ഷിതമായാണ് അയ്മൻ ഹുസൈന് വിളിയെത്തിയത്. അഭയാർഥിയായതിന്റെ 18 മാസങ്ങള്‍ കഴിഞ്ഞാണ് അയ്മൻ ഹുസൈന് പ്രഫഷനല്‍ ഫുട്‌ബാള്‍ തുടരാൻ പ്രചോദനം നല്‍കിക്കൊണ്ടുള്ള ഇറാഖ് ഫുട്‌ബാളിന്റെ വിളി ലഭിച്ചത്. ടീമില്‍ മടങ്ങിയെത്തിയ അയ്മൻ അന്ന് ഖത്തറിനെതിരെ നിർണായക ഗോള്‍ നേടി ദേശീയ ടീമിന് ഒളിമ്ബിക് യോഗ്യത നേടിക്കൊടുക്കുകയും ചെയ്തു.

കടുത്ത ദുരിതങ്ങള്‍ താണ്ടി നീണ്ട ഇടവേളക്കുശേഷം ടീമിലെത്തുകയും രാജ്യത്തിന് ഒളിമ്ബിക് യോഗ്യത നേടിക്കൊടുത്ത് ഹീറോ ആകുകയും ചെയ്ത അയ്മൻ ഹുസൈനെ അന്നത്തെ ഇറാഖ് പ്രധാനമന്ത്രി ഹൈദർ അല്‍ അബാദി സ്വന്തം ഭവനത്തിലേക്ക് ക്ഷണിച്ച്‌ വിരുന്നൂട്ടുകയും ചെയ്തിരുന്നു. കിരീട ഫേവറിറ്റുകളായ ജപ്പാനെതിരെ രണ്ടുഗോള്‍ നേടി ഇറാഖിനെ ഏഷ്യൻ കപ്പിന്റെ നോക്കൗട്ട് റൗണ്ടിലേക്കെത്തിച്ച്‌ വീണ്ടും ഹീറോ ആയിരിക്കുകയാണ് അയ്മൻ ഹുസൈൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular