Sunday, April 28, 2024
HomeGulfഏഷ്യൻ കപ്പ്: കൊറിയയെ പൂട്ടി ജോര്‍ഡൻ

ഏഷ്യൻ കപ്പ്: കൊറിയയെ പൂട്ടി ജോര്‍ഡൻ

ദോഹ: കിരീട പ്രതീക്ഷയുമായി എത്തിയ സാമുറായികള്‍ ഒരു നാള്‍ മുമ്ബ് ഇറാഖിനു മുന്നില്‍ കീഴടങ്ങിയതിനു പിറകെ ജോർഡനു മുന്നില്‍ സമനിലയുമായി രക്ഷപ്പെട്ട് ദക്ഷിണ കൊറിയ.

ആദ്യ 10 മിനിറ്റിനിടെ ഗോളടിച്ച്‌ ആവേശക്കൊടുമുടിയേറിയ സണ്‍ ഹ്യൂങ് മിന്നിന്റെ സംഘമാണ് അവസാന നിമിഷം വരെ തോല്‍വി ഭീതിയില്‍ നിന്നശേഷം എതിർവലയില്‍ വീണ സെല്‍ഫ്ഗോളില്‍ കഷ്ടിച്ച്‌ രക്ഷപ്പെട്ടത്.

അല്‍തുമാമ മൈതാനത്ത് ആദ്യാവസാനം കരുത്തരുടെ നേരങ്കം കണ്ട കളിയില്‍ ഇരുടീമും ഒരേ വേഗത്തിലായിരുന്നു കളി നയിച്ചത്. ഒമ്ബതാം മിനിറ്റില്‍ ബോക്സില്‍ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി സണ്‍ ഹ്യൂങ് മിൻ തന്നെ വലയിലെത്തിച്ചതോടെ കൊറിയക്കാർ ജയം പിടിക്കുമെന്ന് തോന്നിച്ചു. ക്ലിൻസ്മാൻ സ്റ്റൈലില്‍ വശങ്ങളിലൂടെ ഇരച്ചുകയറി ഗോള്‍മുഖം തുറക്കുകയെന്ന നയവുമായി കൊറിയക്കാർ പിന്നെയും നിറഞ്ഞുനിന്നു. അതിനിടെ, 21ാം മിനിറ്റില്‍ മൂസ അല്‍തമരിയുടെ ഇടംകാലൻ ഷോട്ട് കൊറിയൻ ബോക്സില്‍ അപകടം വിതച്ചെങ്കിലും ഗോളി കഷ്ടിച്ച്‌ രക്ഷപ്പെടുത്തി അപകടമൊഴിവാക്കി.

എന്നാല്‍, നിരന്തരം ആക്രമണങ്ങളുമായി മൈതാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ജോർഡൻ 37ാം മിനിറ്റില്‍ സമനില പിടിച്ചു. അല്‍മർദി എടുത്ത കോർണർ പാർക് യോങ് വൂ രക്ഷപ്പെടുത്താനായി തലവെച്ചത് സ്വന്തം പോസ്റ്റില്‍ പതിക്കുകയായിരുന്നു. വൈകാതെ യസൻ അല്‍നുഐമത് ടീമിനെ മുന്നിലെത്തിച്ചു. അവസാന നിമിഷങ്ങളില്‍ സെല്‍ഫ് ഗോളാണ് അർഹിച്ച ജയം ജോർഡനില്‍നിന്ന് തട്ടിത്തെറിപ്പിച്ചത്. ജയിക്കുന്നവർ നോക്കൗട്ടിലെത്തുമെന്നിടത്ത് സമനിലയില്‍ പിരിഞ്ഞതോടെ അവസാന മത്സരം വരെ ഇരുവർക്കും കാത്തിരിക്കണം.

നേരത്തേ 3-5-2 ഫോർമേഷനില്‍ കളി തുടങ്ങിയ ജോർഡൻ എതിർടീമിന്റെ പ്രകടനം കണക്കിലെടുത്ത് 5-3-2ലേക്ക് ഫോർമേഷൻ മാറ്റിയതോടെയാണ് കളിയും സ്വന്തം വരുതിയിലായത്. സമനിലയോടെ ഇരുടീമും പോയന്റ് നിലയില്‍ ഒപ്പത്തിനൊപ്പമാണെങ്കിലും ഗോള്‍ശരാശരിയില്‍ ജോർഡനാണ് മുന്നില്‍. അവസാന മത്സരങ്ങളില്‍ കൊറിയ മലേഷ്യക്കെതിരെയും ജോർഡൻ ബഹ്റൈനെതിരെയുമാണ് ഇറങ്ങുക. ഇരു മത്സരങ്ങളും വ്യാഴാഴ്ചയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular