Friday, May 3, 2024
HomeIndiaബില്‍ക്കിസ് ബാനു കേസിലെ പ്രതികള്‍ ഗോധ്ര സബ്‌ജയിലില്‍ കീഴടങ്ങി

ബില്‍ക്കിസ് ബാനു കേസിലെ പ്രതികള്‍ ഗോധ്ര സബ്‌ജയിലില്‍ കീഴടങ്ങി

ന്യൂഡല്‍ഹി: ബില്‍ക്കീസ് ബാനു കേസിലെ 11 പ്രതികളും കീഴടങ്ങി. ഇന്നലെ രാത്രി 11. 45ഓടെ ഗോധ്ര സബ് ജയില്‍ അധികൃതർക്ക് മുമ്ബാകെയാണ് പ്രതികള്‍ കീഴടങ്ങിയത്.

കീഴടങ്ങാൻ സമയം തേടി കുറ്റവാളികള്‍ സമർപ്പിച്ച അപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. ഇന്നലെയായിരുന്നു കീഴടങ്ങാൻ കോടതി അനുവദിച്ച അവസാന ദിവസം. അർദ്ധരാത്രിക്ക് തൊട്ടുമുമ്ബ് ഇരുവാഹനങ്ങളിലായാണ് പ്രതികള്‍ ജയിലിലെത്തിയത്. പ്രതികളെല്ലാവരും കീഴടങ്ങിയതായി പൊലീസ് അറിയിച്ചു.

ആരോഗ്യപ്രശ്നം, മാതാപിതാക്കളെ ശുശ്രൂഷിക്കല്‍, വിളവെടുപ്പ്, കുടുംബത്തിലെ വിവാഹം തുടങ്ങിയ കാരണങ്ങളാണ് കീഴടങ്ങലിന് സമയം ചോദിച്ചു കൊണ്ട് കുറ്റവാളികള്‍ സുപ്രീംകോടതിയില്‍ ഹർജി നല്‍കിയത്. ഈ കാരണങ്ങളില്‍ കഴമ്ബില്ലെന്ന നിലപാടാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജല്‍ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് സ്വീകരിച്ചത്. സമയം അനുവദിക്കാൻ ന്യായമായ കാരണങ്ങള്‍ ഇല്ലെന്ന് കോടതി വ്യക്തമാക്കി.

ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും, മൂന്നര വയസുള്ള പെണ്‍കുഞ്ഞിനെ അടക്കം 14 പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ ജീവപര്യന്തം കഠിനതടവാണ് 11 പേർക്കും ഗ്രേറ്റർ മുംബയിലെ പ്രത്യേക വിചാരണക്കോടതി വിധിച്ചത്. 2022 ആഗസ്റ്റ് 15ന് ശിക്ഷായിളവ് നല്‍കി ഗുജറാത്ത് സർക്കാർ ഇവരെ ജയില്‍ മോചിതരാക്കിയത് രൂക്ഷമായ വിമർശനത്തോടെ ജനുവരി എട്ടിന് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. കുറ്റവാളികള്‍ രണ്ടാഴ്ച്ചയ്ക്കകം ജയിലില്‍ കീഴടങ്ങണമെന്നും ഉത്തരവിട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular