Wednesday, May 1, 2024
HomeKeralaയൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാന് നോട്ടീസ്; തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാന് നോട്ടീസ്; തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

തിരുവനന്തപുരം: നവകേരള യാത്രക്കിടെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന് നോട്ടീസ്.

തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ഗണ്‍മാൻ അനില്‍ കുമാറിനാണ് ആലപ്പുഴ സൗത്ത് പൊലീസ് നോട്ടീസ് നല്‍കിയത്.

ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തിരുവനന്തപുരത്ത് എത്തിയാണ് നോട്ടീസ് കൈമാറിയത്. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദേശ പ്രകാരം കേസെടുത്ത് ഒരു മാസം പിന്നിടുമ്ബോഴാണ് പൊലീസ് നടപടി.

കേസിലെ ഒന്നാം പ്രതിയാണ് മുഖ്യമന്ത്രിയുടെ ഗണ്‍മാനായ അനില്‍ കുമാർ. സുരക്ഷാസേനയിലെ എസ്. സദ്ദീപും കണ്ടാലയറിയുന്ന ഉദ്യോഗസ്ഥരുമാണ് മറ്റ് പ്രതികള്‍. ആയുധം കൊണ്ട് ഗുരുതര പരിക്കേല്‍പ്പിക്കല്‍, അസഭ്യം പറയല്‍ അടക്കമുള്ള വകുപ്പുകാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

യൂത്ത് കോണ്‍ഗ്രസ്- കെ.എസ്.യുകാരെ മർദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരെ കേസെടുക്കാൻ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ആലപ്പുഴ സൗത്ത് പൊലീസിന് നിർദേശം നല്‍കിയത്. ഗണ്‍മാന്‍റെ മർദനമേറ്റ കെ.എസ്.യു ജില്ല പ്രസഡന്‍റ് എ.ഡി. തോമസ് നല്‍കിയ ഹരജിയിലാണ് കോടതി നിർദേശിച്ചത്. പൊലീസ് കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രിയുടെ ഗണ്‍മാൻ മർദിച്ചെന്നായിരുന്നു പരാതി.

മുഖ്യമന്ത്രിയുടെ നവകേരള സദസിനെതിരെ പ്രതിഷേധിച്ച കെ.എസ്.യു ജില്ല പ്രസിഡന്‍റ് എ.ഡി. തോമസിനെയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം ജുവല്‍ കുര്യാക്കോസിനെയും മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാരും പൊലീസും ചേർന്ന് വളഞ്ഞിട്ട് തല്ലിയിരുന്നു.

മുഖ്യമന്ത്രി സഞ്ചരിക്കുന്ന ബസ് ആലപ്പുഴ ജനറല്‍ ആശുപത്രി ജങ്ഷനില്‍ എത്തിയപ്പോഴായിരുന്നു സംഭവം. മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസ്- കെ.എസ്.യു പ്രവർത്തകരില്‍ രണ്ടു പേരെ സംഭവ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാർ സമീപത്തെ കടയുടെ മുന്നിലേക്ക് മാറ്റിയിരുന്നു. ഈ സമയം മുഖ്യമന്ത്രിയെയും വഹിച്ചു കൊണ്ടുള്ള ബസ് കടന്നു പോയി. എന്നാല്‍, ബസിന് പിന്നാലെ വന്ന വാഹനവ്യൂഹത്തില്‍ ഉണ്ടായിരുന്ന ഗണ്‍മാൻ അടക്കമുള്ള അംഗരക്ഷകർ കാറില്‍ നിന്ന് ഇറങ്ങിവന്ന് ലാത്തി കൊണ്ട് മർദിക്കുകയായിരുന്നു.

സംഭവത്തെ തുടർന്ന് സുരക്ഷ ഉദ്യോഗസ്ഥരായ അനില്‍ കല്ലിയൂരിനും സന്ദീപിനും എതിരെ എസ്.പിക്ക് പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ല. ജോലിയുടെ ഭാഗമായി ചെയ്ത പ്രവൃത്തിയെന്നാണ് ഉദ്യോഗസ്ഥർ എസ്.പിക്ക് റിപ്പോർട്ട് നല്‍കി. ഇതേതുടർന്നാണ് പൊലീസ് കേസെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയില്‍ ഹരജി നല്‍കിയത്.

മുഖ്യമന്ത്രിയുടെ ഗണ്‍മാൻ അനില്‍ സമരക്കാരെ തല്ലുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, നവകേരള ബസിന് നേരെ കരിങ്കൊടി കാണിക്കാൻ എത്തിയവരെ ഗണ്‍മാൻ മർദിക്കുന്നത് കണ്ടിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മർദന ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടതില്ലെന്നും ബസിന് നേരെയുള്ള ആക്രമണങ്ങളെ തടയേണ്ടത് ഗണ്‍മാന്‍റെ ചുമതലയാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular