Monday, May 6, 2024
HomeKeralaകെപിസിസിയുടെ "സമരാഗ്നി' ജനകീയ പ്രക്ഷോഭയാത്ര ഫെബ്രുവരി ഒൻപതു മുതല്‍

കെപിസിസിയുടെ “സമരാഗ്നി’ ജനകീയ പ്രക്ഷോഭയാത്ര ഫെബ്രുവരി ഒൻപതു മുതല്‍

തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന “സമരാഗ്നി’ ജനകീയ പ്രക്ഷോഭയാത്രയ്ക്ക് ഫെബ്രുവരി ഒൻപതിനു തുടക്കം.
വൈകുന്നേരം നാലിനു കാസർഗോഡ് മുനിസിപ്പല്‍ മൈതാനത്തുനിന്ന് ആരംഭിക്കുന്ന യാത്രയുടെ ഉദ്ഘാടനം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി നിർവഹിക്കും. കേരളത്തിന്‍റെ ചുമതലയുള്ള ദീപാദാസ് മുൻഷി അടക്കമുള്ളവർ പങ്കെടുക്കും.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടി തുറന്നു കാട്ടിയാകും സമരാഗ്നി 14 ജില്ലകളിലും പര്യടനം നടത്തുക. ഫെബ്രുവരി 29ന് ജാഥ തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് പൊതുസമ്മേളനത്തോടെ സമാപിക്കും.

മുപ്പത്തിലധികം സമ്മേളനങ്ങളാണ് സമരാഗ്നിയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്. കോഴിക്കോട് കടപ്പുറത്തും കൊച്ചിയില്‍ മറൈൻ ഡ്രൈവിലും തൃശൂർ തേക്കിൻകാട് മൈതാനത്തും തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്തും ഉള്‍പ്പെടെ മുഴുവൻ സ്ഥലങ്ങളിലും മഹാറാലികളും നടത്തും.

സമ്മേളനങ്ങളില്‍ 15 ലക്ഷത്തോളം പ്രവർത്തകരെ കോണ്‍ഗ്രസ് അണിനിരത്തും. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ മൂന്ന് വീതം പൊതുസമ്മേളനവും കണ്ണൂർ, കോഴിക്കോട്, തൃശൂർ, കോട്ടയം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളില്‍ രണ്ടു വീതവും കാസർഗോഡ്, വയനാട്, പത്തനംതിട്ട ജില്ലകളില്‍ ഒന്നുവീതവും പൊതുസമ്മേളനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.

കോണ്‍ഗ്രസിന്‍റെ ദേശീയ നേതാക്കളും സംസ്ഥാനത്തെ യുഡിഎഫിന്‍റെ പ്രമുഖ നേതാക്കളും പങ്കെടുക്കും. സമാപനസമ്മേളനത്തില്‍ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോ പ്രിയങ്കാ ഗാന്ധിയോ പങ്കെടുപ്പിക്കാനാണ് ആലോചന.

എല്ലാ ദിവസവും വെകുന്നേരങ്ങളിലാണ് പൊതുസമ്മേളനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular