Tuesday, April 30, 2024
HomeIndiaഎം.പിമാരെ ഞെട്ടിച്ച്‌ മോദി വക ഉച്ചഭക്ഷണ 'ശിക്ഷ'

എം.പിമാരെ ഞെട്ടിച്ച്‌ മോദി വക ഉച്ചഭക്ഷണ ‘ശിക്ഷ’

ന്യൂഡല്‍ഹി: തന്റെ വസതിയില്‍ ഉച്ചഭക്ഷണം കഴിക്കാനൊരുങ്ങുമ്ബോഴാണ് എൻ.കെ.പ്രേമചന്ദ്രൻ എം.പിക്ക് പ്രധാനമന്ത്രിയുടെ ഓഫീസിലെ മെഹ്‌തയുടെ ഫോണ്‍ വരുന്നത്.

ഡല്‍ഹിയിലുണ്ടോ, ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് പാർലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തണം. കാര്യമെന്തറിയാതെ പ്രേമചന്ദ്രൻ ഉടൻ തിരിച്ചു.

പുതിയ പാർലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയപ്പോള്‍ കേന്ദ്രമന്ത്രി എല്‍.മുരുകനും,വിവിധ പാർട്ടികളിലെ മറ്റ് ആറ് എംപിമാരുമുണ്ട്. അല്‍പ്പ സമയം കഴിഞ്ഞ് പ്രധാനമന്ത്രി കാബിനില്‍ നിന്ന് പുറത്തു വന്ന് പറഞ്ഞു: ‘ഞാൻ ഇന്നു നിങ്ങളെ ശിക്ഷിക്കാൻ പോകുകയാണ്’. തുടർന്ന് മോദി അവർക്കൊപ്പം ലിഫ്റ്റില്‍ കയറി ഒന്നാം നിലയിലെ എം.പിമാരുടെ കാന്റീനിലേക്ക്. അവിടെ ഒരു മേശ പ്രത്യേകം മാറ്റിയിട്ടിരുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മറ്റ് എംപിമാരും അദ്‌ഭുതത്തോടെ നോക്കി. ‘ഞാൻ ആദ്യമായാണ് ഈ കാന്റീനില്‍ വരുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാമെന്ന് കരുതി.”, അദ്ദേഹം പറഞ്ഞു.

സുരക്ഷാ ഉദ്യോഗസ്ഥരെ ഒഴിവാക്കി സാധാരണ മട്ടിലായിരുന്നു മോദിയുടെ ഇടപെടലുകള്‍. അദ്ദേഹം തന്റെ ഭക്ഷണ ശീലവും ദിനചര്യവും വിവരിച്ചു. രാവിലെയും ഉച്ചയ്‌ക്കും ലളിത ഭക്ഷണം. സൂര്യാസ്‌തമയം കഴിഞ്ഞ് ഭക്ഷണം കഴിക്കില്ല. മൂന്നര മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങില്ല. രാവിലെ കൃത്യമായി യോഗ. വിമാനത്തിലായാലും ഒഴിവാക്കില്ല.

2015ല്‍ അന്നത്തെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ ചെന്നതും നേപ്പാളില്‍ ഭൂകമ്ബമുണ്ടായ വിവരം അവിടത്തെ പ്രധാനമന്ത്രിയെ വിളിച്ചറിയിച്ചതും ,ഭൂകമ്ബം തകർത്ത കച്ച്‌ തിരക്കുള്ള വിനോദ സഞ്ചാര കേന്ദ്രമായി മാറിയതും, അഫ്ഗാനിസ്ഥാൻ യാത്രയുമെല്ലാം അദ്ദേഹം ഓർത്തു. പ്രധാനമന്ത്രി 45 മിനിറ്റോളം എം പിമാർക്കൊപ്പം ചെലവഴിച്ചു

സാധാരണക്കാരനെപ്പോലെയാണ് പ്രധാനമന്ത്രി പെരുമാറിയതെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. വിവിധ പാർട്ടികളിലും, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും നിന്നുള്ള പാർലമെന്റിലെ സഹപ്രവർത്തകർക്കൊപ്പം വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം ആസ്വദിച്ചെന്ന് മോദി പിന്നീട് എക്സില്‍ കുറിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular