Thursday, May 2, 2024
HomeIndiaഅഗ്നിരക്ഷ സേനയില്‍ തീപടര്‍ത്തി പഴഞ്ചൻ വണ്ടികള്‍

അഗ്നിരക്ഷ സേനയില്‍ തീപടര്‍ത്തി പഴഞ്ചൻ വണ്ടികള്‍

ബംഗളൂരു: അഗ്നിബാധയും അത്യാഹിതങ്ങളും സംഭവിച്ചാല്‍ വിളിപ്പുറത്ത് കുതിച്ചെത്തേണ്ട കർണാടകയിലെ സേനയുടെ ഉള്ളിലിപ്പോള്‍ തീയാണ്.

15 വർഷം പിന്നിട്ട വാഹനങ്ങള്‍ നിരത്തിലിറക്കുന്നത് നിയമവിരുദ്ധം. സംഭവസ്ഥലങ്ങളില്‍ എത്തേണ്ടത് കൃത്യനിർവഹണം.

കർണാടക സർക്കാർ 2022ല്‍ ഭേദഗതി വരുത്തിയ ഗതാഗത നിയമം അനുസരിച്ച്‌ 15 വർഷമോ അതിലധികമോ പഴക്കമുള്ള വാഹനങ്ങള്‍ ആക്രിയാണ്. എൻജിൻ പ്രവർത്തനക്ഷമമായാലും നിയമത്തില്‍ ഇളവില്ല.

ഈ നിയമം മൂലം അഗ്നിരക്ഷ സേന നേരിടുന്ന പ്രശ്നം ചൂണ്ടിക്കാട്ടി ഫയർ ആൻഡ് എമർജൻസി വിഭാഗം ഡി.ജി.പി കമല്‍ പന്ത് സർക്കാറിന് തുടർച്ചയായി മൂന്നു കത്തുകള്‍ അയച്ചെങ്കിലും മറുപടി ലഭ്യമായില്ലെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. സംസ്ഥാനത്ത് സേനയുടെ 400 വാഹനങ്ങളില്‍ 284 എണ്ണം 15 വർഷമോ അധികമോ പഴക്കമുള്ളവയാണെന്ന് ഡി.ജി.പി കത്തില്‍ പറഞ്ഞു. തള്ളിയാല്‍ സ്റ്റാർട്ടാവുന്ന, 35 വർഷംവരെ പഴക്കമുള്ളവയും കൂട്ടത്തിലുണ്ട്.

പുതിയ വാഹനങ്ങള്‍ വാങ്ങാനുള്ള നടപടി സർക്കാർ സ്വീകരിച്ചിട്ടില്ല. അതിലേക്ക് കടന്നാലും ലഭ്യമാകാൻ മൂന്നു വർഷമെടുക്കും. രാജ്യത്ത് എട്ടോ ഒമ്ബതോ കമ്ബനികള്‍ മാത്രമാണ് ഫയർ സർവിസ് വാഹനങ്ങള്‍ നിർമിക്കുന്നത്. സ്പെഷല്‍ പർപ്പസ് വെഹിക്കിള്‍ (എസ്.പി.വി) ഇളവുകള്‍ അഗ്നിരക്ഷ സേനക്കും നല്‍കി 15 വർഷം പിന്നിട്ട വണ്ടികള്‍ മൂന്നു വർഷം കൂടി സർവിസ് നടത്താൻ അനുമതി നല്‍കണമെന്ന ആവശ്യവും ഡി.ജി.പി ഉന്നയിച്ചു. ഇത് സാധ്യമായില്ലെങ്കില്‍ ഒറ്റ വണ്ടി മാത്രമുള്ള ഫയർ സ്റ്റേഷനുകളുടെ പ്രവർത്തനം നിലക്കും.

കാട്ടുതീ പടരുന്ന സമയം അടുത്തിരിക്കെ അഗ്നിരക്ഷ സേനയുടെ ഉള്ളില്‍ തീയാണെന്ന് വനമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഫയർറെസ്ക്യു അധികൃതർ പറഞ്ഞു. കഴിഞ്ഞ വർഷം കർണാടകയില്‍ 2042 കാട്ടുതീയുണ്ടായെന്നാണ് വനം വകുപ്പിന്റെ കണക്ക്. ഇതില്‍ 827 എണ്ണം വൻ തീപിടിത്തമായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular