Saturday, May 4, 2024
Homeചെങ്കോട്ട അടച്ചു

ചെങ്കോട്ട അടച്ചു

ന്യൂഡല്‍ഹി: “ദില്ലി ചലോ” മാര്‍ച്ചിനെ നേരിടാന്‍ നേരത്തേ കര്‍ഷകസമരത്തിന്‌ വേദിയായ സിംഗു, തിക്രി അതിര്‍ത്തികളില്‍ പോലീസ്‌ ഒരുക്കിയിരിക്കുന്നത്‌ കനത്ത സന്നാഹം.

വാഹനങ്ങള്‍ തടയാന്‍ മുള്‍വേലികളും കോണ്‍ക്രീറ്റ്‌-ലോഹ ബാരിക്കേഡുകളും നിരത്തിയിട്ടുണ്ട്‌. ദ്രുതകര്‍മസേനയെയും അര്‍ധസൈനിക വിഭാഗത്തെയും ഇവിടങ്ങളില്‍ വിന്യസിച്ചു.

ഡല്‍ഹിയുടെ അതിര്‍ത്തിപ്രദേശങ്ങളായ സിംഗു, ഗാസിപ്പുര്‍, ബദര്‍പുര്‍ എന്നിവിടങ്ങളിലും പോലീസ്‌ കനത്ത സുരക്ഷാ സന്നാഹമാണ്‌ ഒരുക്കിയിരിക്കുന്നത്‌. ഡല്‍ഹിയിലെ മെട്രോ സ്‌റ്റേഷനുകളുടെ ഗേറ്റുകളും അടച്ചു.

ഇരുന്നൂറോളം കര്‍ഷകസംഘടനകളുടെ നേതൃത്വത്തില്‍ പഞ്ചാബ്‌, ഹരിയാന, ഉത്തര്‍പ്രദേശ്‌ എന്നീ സംസ്‌ഥാനങ്ങളില്‍നിന്നുള്ള കര്‍ഷകരാണ്‌ “ദില്ലി ചലോ” മാര്‍ച്ചില്‍ പങ്കെടുക്കുന്നത്‌. കേന്ദ്രമന്ത്രി അര്‍ജുന്‍ മുണ്ടയും കര്‍ഷകസംഘടനാ നേതാക്കളും തമ്മില്‍ തിങ്കളാഴ്‌ച രാത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ്‌ ഇന്നലെ രാവിലെ മാര്‍ച്ച്‌ ആരംഭിച്ചത്‌. ഇന്നലെ വൈകുന്നേരത്തോടെ “വെടിനിര്‍ത്തല്‍” പ്രഖ്യാപിച്ച കര്‍ഷകനേതാക്കള്‍ ഇന്ന്‌ സമരം പൂര്‍വാധികം ശക്‌തമാക്കുമെന്ന്‌ വ്യക്‌തമാക്കി.

കര്‍ഷകര്‍ ഡല്‍ഹിയിലേക്ക്‌ എത്താതിരിക്കാന്‍ വ്യാപക ഒരുക്കങ്ങളാണ്‌ പോലീസ്‌ നടത്തിയത്‌. വഴികളില്‍ കോണ്‍ക്രീറ്റ്‌ ബാരിക്കേഡുകളും മുള്ളുവേലികളും നിരത്തിയും ദ്രുതകര്‍മസേനയെ ഉള്‍പ്പെടെ വിന്യസിച്ചും നിരോധനാജ്‌ഞ പ്രഖ്യാപിച്ചുമായിരുന്നു പോലീസിന്റെ മുന്നൊരുക്കങ്ങള്‍. ഏഴു ജില്ലകളില്‍ ഇന്റര്‍നെറ്റ്‌ സേവനങ്ങളും വിലക്കിയിട്ടുണ്ട്‌. എന്നാല്‍, ട്രാക്‌ടറുകളിലും ട്രക്കുകളിലുമായെത്തിയ കര്‍ഷകര്‍ ബാരിക്കേഡ്‌ മറികടന്നു.

പതിനായിരത്തിലേറെ കര്‍ഷകരാണ്‌ ശംഭു അതിര്‍ത്തിയിലെത്തിയത്‌. കര്‍ഷകര്‍ സമാധാനപരമായാണ്‌ സമരം നടത്തുന്നതെന്നും എന്നാല്‍, ഡ്രോണുകള്‍ വഴി തങ്ങള്‍ക്കെതിരേ പോലീസ്‌ കണ്ണീര്‍ വാതകം പ്രയോഗിക്കുന്നതായും പഞ്ചാബ്‌ കിസാന്‍ മസ്‌ദൂര്‍ സംഘര്‍ഷ്‌ കമ്മിറ്റി ജനറല്‍ സെക്രട്ടറി സര്‍വാന്‍ സിങ്‌ പന്ധേര്‍ ചൂണ്ടിക്കാട്ടി. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹി നഗരത്തില്‍ അടുത്ത മാസം 12 വരെ പ്രതിഷേധപ്രകടനങ്ങളും പൊതുയോഗങ്ങളും ഉള്‍പ്പെടെ നിരോധിച്ചിട്ടുണ്ട്‌. പ്രതിഷേധസാധ്യത കണക്കിലെടുത്ത്‌ ചെങ്കോട്ട താല്‍ക്കാലികമായി അടച്ചു. അറിയിപ്പുണ്ടാകുന്നതു വരെ ഇവിടെ സന്ദര്‍ശകര്‍ക്ക്‌ പ്രവേശനമുണ്ടാകില്ല.

ഡല്‍ഹിയുടെ അതിര്‍ത്തിമേഖലകളില്‍ വാഹനപരിശോധന പോലീസ്‌ കര്‍ശനമാക്കി. ഇതോടെ നഗരത്തില്‍ ഗതാഗതക്കുരുക്കും രൂക്ഷമായി.

പഞ്ചാബിലെ കര്‍ഷകര്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ തമിഴ്‌നാട്ടിലെ ട്രിച്ചിയില്‍നിന്നുള്ള കര്‍ഷകര്‍ ദില്ലി ചലോ മാര്‍ച്ചില്‍ പങ്കെടുത്തു. മനുഷ്യ അസ്‌ഥികൂടങ്ങള്‍ പിടിച്ച്‌ റോഡില്‍ കിടന്ന്‌ അവര്‍ പിന്തുണ അറിയിച്ചു. ചിലര്‍ മൊബൈല്‍ ടവറുകള്‍ക്കു മുകളില്‍ കയറിയും പ്രതിഷേധം രേഖപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular