Saturday, April 27, 2024
HomeIndiaകൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്‌ നാല്‌ റണ്‍ ജയം

കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്‌ നാല്‌ റണ്‍ ജയം

ഡന്‍ ഗാര്‍ഡന്‍സ്‌: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഐ.പി.എല്‍. ക്രിക്കറ്റ്‌ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്‌ നാല്‌ റണ്‍ ജയം.

ആദ്യം ബാറ്റ്‌ ചെയ്‌ത കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഏഴ്‌ വിക്കറ്റിന്‌ 207 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത സണ്‍റൈസേഴ്‌സിനായി ഹെന്റിച്‌ ക്ലാസാനും (29 പന്തില്‍ എട്ട്‌ സിക്‌സറടക്കം 63) ഷാബാസ്‌ അഹമ്മദും (അഞ്ച്‌ പന്തില്‍ 16) വെടിക്കെട്ട്‌ ബാറ്റിങ്‌ പുറത്തെടുത്തു. പക്ഷേ അവര്‍ക്ക്‌ ഏഴ്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 204 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. ഹൈദരാബാദിന്‌ അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത്‌ 13 റണ്‍. ഹര്‍ഷിത്‌ റാണ എറിഞ്ഞ ആദ്യ പന്ത്‌ ക്ലാസാന്‍ സിക്‌സറടിച്ചു. അടുത്ത പന്തില്‍ ഒരു റണ്‍. മൂന്നാമത്തെ പന്തില്‍ ഷാബാസ്‌ നായകന്‍ ശ്രേയസ്‌ അയ്യരുടെ കൈയില്‍ ഭദ്രമായെത്തി. ലക്ഷ്യം മൂന്ന്‌ പന്തില്‍ ആറ്‌. ക്രീസിലെത്തിയ മാര്‍കോ ജാന്‍സന്‍ ഒരു റണ്ണെടുത്തു. അഞ്ചാം പന്തില്‍ ക്ലാസാന്‍ സൂയാഷ്‌ ശര്‍മയുടെ കൈയിലെത്തി. അതോടെ ജയിക്കാന്‍ വേണ്ടത്‌ ഒരു പന്തില്‍ അഞ്ച്‌ റണ്‍. ക്രീസിലെത്തിയ നായകന്‍ പാറ്റ്‌ കുമ്മിന്‍സിനു റണ്ണെടുക്കാനായില്ല. അതോടെ ജയം കൊല്‍ക്കത്തയ്‌ക്കൊപ്പമായി.

ടോസ്‌ നേടിയ സണ്‍റൈസേഴ്‌സ് നായകന്‍ പാറ്റ്‌ കുമ്മിന്‍സ്‌ കൊല്‍ക്കത്തയെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു. ബാറ്റിങ്‌ തകര്‍ച്ച്‌ നേരിട്ട നൂറ്‌ റണ്ണിലെത്തില്ലെന്നു കരുതിയ കൊല്‍ക്കത്തയെ ആന്ദ്രെ റസല്‍ (25 പന്തില്‍ ഏഴ്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം പുറത്താകാതെ 64) 200 കടത്തി.

ഓപ്പണര്‍ ഫില്‍ സാള്‍ട്ടിന്റെ (40 പന്തില്‍ മൂന്ന്‌ വീതം സിക്‌സറും ഫോറുമടക്കം 54) അര്‍ധ സെഞ്ചുറിയും ടീമിനു മുതല്‍ക്കൂട്ടായി. ആറിന്‌ 119 റണ്ണെന്ന നിലയില്‍ നിന്നാണു കൊല്‍ക്കത്ത അടിച്ചു കയറിയത്‌. അവസാന ഓവറുകളിലെ റസലിന്റെ കൂറ്റനടികളാണ്‌ കൊല്‍ക്കത്തയെ മികച്ച സ്‌കോറിലെത്തിച്ചത്‌. ഓപ്പണറുടെ റോളില്‍ തിരിച്ചെത്തിയ സുനില്‍ നരേന്‍ (രണ്ട്‌), വെങ്കടേഷ്‌ അയ്യര്‍ (ഏഴ്‌), നായകന്‍ ശ്രേയസ്‌ അയ്യര്‍ (0) എന്നിവര്‍ ക്ഷണത്തില്‍ പുറത്തായതോടെയാണു കൊല്‍ക്കത്ത തകര്‍ന്നത്‌.
നാല്‌ പന്തുകള്‍ നേരിട്ട നരേന്‍ റണ്ണൗട്ടായതോടെയാണു തകര്‍ച്ച തുടങ്ങിയത്‌. വെങ്കടേഷ്‌ അയ്യരെയും ശ്രേയസ്‌ അയ്യരെയും ടി. നടരാജന്‍ ഒരേ ഓവറില്‍ പുറത്താക്കി. മൂന്നിന്‌ 32 റണ്ണെന്ന നിലയില്‍നിന്ന കൊല്‍ക്കത്തയെ നിതീഷ്‌ റാണ (ഒന്‍പത്‌) കൂടി പുറത്തായതു കൂടുതല്‍ സമ്മര്‍ദത്തിലാക്കി. രമണ്‍ദീപ്‌ സിങും (17 പന്തില്‍ നാല്‌ സിക്‌സറും ഒരു ഫോറുമടക്കം 35) സാള്‍ട്ടും ചേര്‍ന്നാണു ടീമിനെ കരകയറ്റിയത്‌. അഞ്ചാം വിക്കറ്റ്‌ കൂട്ടുകെട്ട്‌ 27 പന്തില്‍ 50 റണ്ണെടുത്തു. 38 പന്തില്‍ 50 റണ്ണെടുത്ത സാള്‍ട്ടാണു കൂടുതല്‍ ആക്രമിച്ചത്‌. ടീം നൂറ്‌ കടന്ന്‌ വൈകാതെ രമണ്‍ദീപ്‌ മടങ്ങി. നായകന്‍ പാറ്റ്‌ കുമ്മിന്‍സിന്റെ പന്തില്‍ മായങ്ക്‌ മര്‍കാണ്ഡെ പിടിച്ചാണു രമണ്‍ദീപ്‌ മടങ്ങിയത്‌. സാള്‍ട്ടിനെ മായങ്ക്‌ മര്‍കാണ്ഡെ മാര്‍കോ ജാന്‍സെനിന്റെ കൈയിലെത്തിക്കുമ്ബോള്‍ കൊല്‍ക്കത്ത ആറിന്‌ 119 റണ്ണെന്ന നിലയിലായിരുന്നു. സാള്‍ട്ടിന്റെ കൊല്‍ക്കത്തയ്‌ക്കായുള്ള കന്നി മത്സരമായിരുന്നു അത്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular