Saturday, May 4, 2024
HomeKeralaവോട്ട് മുടക്കാൻ നാട്ടുകാരോട് ആവശ്യപ്പെട്ട് തോക്കുധാരികളായ മാവോയിസ്റ്റ് സംഘം കമ്ബമലയില്‍; അതിസുരക്ഷയൊരുക്കാന്‍ തീരുമാനം; കൂടുതല്‍ കേന്ദ്രസേനയെ...

വോട്ട് മുടക്കാൻ നാട്ടുകാരോട് ആവശ്യപ്പെട്ട് തോക്കുധാരികളായ മാവോയിസ്റ്റ് സംഘം കമ്ബമലയില്‍; അതിസുരക്ഷയൊരുക്കാന്‍ തീരുമാനം; കൂടുതല്‍ കേന്ദ്രസേനയെ നിയോഗിക്കും

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്തെ മാവോയിസ്റ്റ് നീക്കം ഗൌരവമെന്ന വിലയിരുത്തലില്‍ വയനാട്ടില്‍ അതിസുരക്ഷയൊരുക്കാന്‍ തീരുമാനം.

കൂടുതല്‍ കേന്ദ്ര സേനയെ നിയോഗിക്കും. തലപ്പുഴ കമ്ബമലയില്‍ തുടർച്ചയായി മാവോയിസ്റ്റുകള്‍ എത്തുന്ന സാഹചര്യത്തിലാണ് ഇത്. വോട്ടെടുപ്പിന് തൊട്ടുമുമ്ബുള്ള ഇവരുടെ സാന്നിധ്യം സുരക്ഷാ വീഴ്ചയാണെന്ന വിലയിരുത്തല്‍ വിവിധ ഏജന്‍സികള്‍ക്കുണ്ട്. കേരളാ പോലീസിന്റെ കമാൻഡോകളെയും തണ്ടര്‍ബോള്‍ട്ടിനെയും നിയോഗിക്കും. വനമേഖലയില്‍ കര്‍ശന നിരീക്ഷണം ഉറപ്പാക്കാനാണ് തീരുമാനം.

ബുധനാഴ്ച രാവിലെ 6.15ന് കമ്ബമലയിലെത്തിയ മാവോയിസ്റ്റുകള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തത് പോലീസിനെ ഞെട്ടിച്ചിട്ടുണ്ട്. 20 മിനിറ്റോളം തൊഴിലാളികളുമായി സംസാരിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സി.പി.മൊയ്തീന്‍, ആഷിഖ്, സന്തോഷ്, സോമന്‍ എന്നിവരാണ് എത്തിയതെന്നാണ് വിവരം. നാട്ടുകാരോട് സംസാരിച്ച രണ്ടുപേരുടെയും കയ്യില്‍ തോക്കുകള്‍ ഉണ്ടായിരുന്നു. മറ്റ് രണ്ടുപേർ അല്‍പം മാറി കാട്ടിലേക്കുള്ള പാതയില്‍ ഇവരെ കാത്തുനിന്നു. വീഡിയോ മാധ്യമ സിൻഡിക്കറ്റിന് ലഭിച്ചു.

തൊഴിലാളികള്‍ താമസിക്കുന്ന പാടിയോട് ചേര്‍ന്ന കവലയിലാണ് മാവോയിസ്റ്റുകളെത്തിയത്. മാവോയിസ്റ്റുകള്‍ മുമ്ബും ഈ പ്രദേശത്ത് എത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ട് ഒരു കാര്യവുമില്ലെന്നും വോട്ട് ബഹിഷ്‌കരിക്കണമെന്നും മാവോയിസ്റ്റുകള്‍ നാട്ടുകാരോട് ആവശ്യപ്പെടുന്നത് വീഡിയോയില്‍ കേള്‍ക്കാം. എന്നാല്‍ നാട്ടുകാർ തർക്കിച്ചതോടെ ഇവർ കാട്ടിലേക്ക് മടങ്ങുകയായിരുന്നു. രണ്ടുപേരാണ് പാടിയിലേക്ക് ഇറങ്ങിവന്ന് സംസാരിച്ചത്. അരമണിക്കൂറോളം മാവോയിസ്റ്റുകള്‍ നിന്നിട്ടും പോലീസും മറ്റും എത്താത്തത് സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ മാവോയിസ്റ്റ് സംഘമെത്തി കമ്ബമലയില്‍ പ്രവര്‍ത്തിക്കുന്ന വനം വികസന കോര്‍പ്പറേഷന്‍ മാനന്തവാടി ഡിവിഷണല്‍ മാനേജരുടെ ഓഫിസ് തകര്‍ക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സായുധരായ അഞ്ചംഗ സംഘമാണ് തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യമെന്ന പേരില്‍ ഓഫിസില്‍ നാശം വരുത്തിയത്. കമ്ബമല പാടിയിലെത്തിയ സായുധസംഘം മാവോയിസ്റ്റ് നിരീക്ഷണത്തിനായി പൊലീസ് സ്ഥാപിച്ച ക്യാമറ തകര്‍ക്കുകയും ചെയ്തിരുന്നു. ഇത്തരം അക്രമത്തിന് വേദിയായിട്ടുള്ള സ്ഥലത്ത് വീണ്ടും മാവോയിസ്റ്റുകള്‍ക്ക് അനായാസം എത്താനായതും സുരക്ഷാ ഏജൻസികളുടെ കണ്ണില്‍പെടാതെ രക്ഷപെടാനായതും ഗൗരവമാണെന്നാണ് വിലയിരുത്തല്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular