Saturday, April 27, 2024
HomeIndiaഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ച്‌ പഞ്ചാബ്‌ കിങ്‌സ്

ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ച്‌ പഞ്ചാബ്‌ കിങ്‌സ്

മുലാന്‍പുര്‍: ഡല്‍ഹി ക്യാപിറ്റല്‍സിനെ നാല്‌ വിക്കറ്റിനു തോല്‍പ്പിച്ച്‌ പഞ്ചാബ്‌ കിങ്‌സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റില്‍ ജയിച്ചു തുടങ്ങി.

മുലാന്‍പുരിലെ മഹാരാജാ യദവീന്ദ്ര സിങ്‌ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തില്‍ നടന്ന കന്നി ഐ.പി.എല്‍. മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ഡല്‍ഹി ക്യാപിറ്റല്‍സ്‌ ഒന്‍പത്‌ വിക്കറ്റിന്‌ 174 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത പഞ്ചാബ്‌ കളി തീരാന്‍ നാല്‌ പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു.

സുമിത്‌ കുമാര്‍ എറിഞ്ഞ അവസാന ഓവറില്‍ പഞ്ചാബിന്‌ ജയിക്കാന്‍ വേണ്ടിയിരുന്നത്‌ ആറ്‌ റണ്‍. ലിയാം ലിവിങ്‌സ്റ്റണും (21 പന്തില്‍ മൂന്ന്‌ സിക്‌സറും രണ്ട്‌ ഫോറുമടക്കം പുറത്താകാതെ 38) ഹര്‍പ്രീത്‌ ബ്രാറുമായിരുന്നു (രണ്ട്‌ പന്തില്‍ രണ്ട്‌) ബാറ്റര്‍മാര്‍. സുമിതിന്റെ ആദ്യ രണ്ട്‌ പന്തുകളും വൈഡായി. ആദ്യ പന്തില്‍ ലിവിങ്‌സ്റ്റണിനു റണ്ണെടുക്കാനായില്ല. രണ്ടാം പന്ത്‌ സിക്‌സറടിച്ച്‌ ഇംഗ്‌ളണ്ട്‌ താരം ടീമിനെ ജയത്തിലെത്തിച്ചു. ഇംഗ്‌ളണ്ട്‌ താരം സാം കറന്റെ (47 പന്തില്‍ ഒരു സിക്‌സറും ആറ്‌ ഫോറുമടക്കം 63) വെടിക്കെട്ട്‌ ബാറ്റിങാണ്‌ കിങ്‌സിന്റെ ജയത്തിന്റെ അടിത്തറ. 39 പന്തില്‍ അര്‍ധ സെഞ്ചുറിയടിച്ച കറന്‍ മത്സരത്തിലെ താരവുമായി.

നായകനും ഓപ്പണറുമായ ശിഖര്‍ ധവാന്‍ (16 പന്തില്‍ 22), ഇംപാക്‌ട് പ്ലേയര്‍ പ്രഭ്‌സിമ്രന്‍ സിങ്‌ (17 പന്തില്‍ 26) എന്നിവരും മികച്ച ബാറ്റിങ്‌ പുറത്തെടുത്തു. ഡല്‍ഹിക്കായി ഖലീല്‍ അഹമ്മദ്‌, കുല്‍ദീപ്‌ യാദവ്‌ എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതമെടുത്തു. ഇഷാന്ത്‌ ശര്‍മയ്‌ക്കാണ്‌ ഒരു വിക്കറ്റ്‌. ടോസ്‌ നേടിയ പഞ്ചാബ്‌ നായകന്‍ ശിഖര്‍ ധവാന്‍ ഡല്‍ഹിയെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു.

സാം കറന്‍ എറിഞ്ഞ ആദ്യ ഓവറില്‍ ഡേവിഡ്‌ വാര്‍ണറും (21 പന്തില്‍ രണ്ട്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം 29) മിച്ചല്‍ മാര്‍ഷും (12 പന്തില്‍ രണ്ട്‌ സിക്‌സറും രണ്ട്‌ ഫോറുമടക്കം 20) ചേര്‍ന്നു 10 റണ്‍ അടിച്ചെടുത്തു. മാര്‍ഷിനെ പുറത്താക്കി അര്‍ഷദീപ്‌ സിങ്‌ ഓപ്പണിങ്‌ കൂട്ടുകെട്ട്‌ പൊളിച്ചു. വാര്‍ണര്‍, നായകന്‍ ഋഷഭ്‌ പന്ത്‌ (13 പന്തില്‍ 18) എന്നിവരെ പുറത്താക്കി ഹര്‍ഷല്‍ പട്ടേലും ഡല്‍ഹിയെ ഞെട്ടിച്ചു. 25 പന്തില്‍ രണ്ട്‌ സിക്‌സറും രണ്ട്‌ ഫോറുമടക്കം 33 റണ്ണുമായിനിന്ന ഷായ്‌ ഹോപ്പിനെ കാഗിസോ റബാഡയും പുറത്താക്കി.

റിക്കി ഭുയ്‌ (മൂന്ന്‌), ട്രിസ്‌റ്റന്‍ സ്‌റ്റബ്‌സ് (അഞ്ച്‌) എന്നിവരും മടങ്ങിയതോടെ ഡല്‍ഹി ആറിന്‌ 128 റണ്ണെന്ന നിലയിലായി. ബംഗാളിന്റെ അഭിഷേക്‌ പോറലാണ്‌ (10 പന്തില്‍ രണ്ട്‌ സിക്‌സറും നാല്‌ ഫോറുമടക്കം പുറത്താകാതെ 32) സ്‌കോര്‍ 170 ലെത്തിച്ചത്‌. നാല്‌ ഓവറുകള്‍ എറിഞ്ഞ ഹര്‍ഷല്‍ പട്ടേല്‍ 47 റണ്ണാണ്‌ ആകെ വഴങ്ങിയത്‌. രണ്ടു വിക്കറ്റുകള്‍ വീഴ്‌ത്തിയെങ്കിലും 20-ാം ഓവറില്‍ 25 റണ്‍ വഴങ്ങി.

അഭിഷേക്‌ മൂന്ന്‌ ഫോറും രണ്ട്‌ സിക്‌സറുമാണ്‌ ഓവറില്‍ അടിച്ചെടുത്തത്‌. 2021 ഐ.പി.എല്ലില്‍ രവീന്ദ്ര ജഡേജ അവസാന ഓവറില്‍ 37 റണ്‍ അടിക്കുമ്ബോഴും ഹര്‍ഷലായിരുന്നു ബൗളര്‍. ഇന്നലെ പഞ്ചാബിനായി അര്‍ഷദീപ്‌ സിങ്‌, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതമെടുത്തു. കാഗിസോ റബാഡ, ഹര്‍പ്രീത്‌ ബ്രാര്‍, രാഹുല്‍ ചാഹാര്‍ എന്നിവര്‍ ഒരു വിക്കറ്റ്‌ വീതവുമെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular