Saturday, April 27, 2024
HomeKeralaകടുത്ത പ്രതിസന്ധി; സാമ്ബത്തികവര്‍ഷം തീരാന്‍ ഒരാഴ്‌ച; പൂര്‍ത്തിയായ പദ്ധതികള്‍ 64.75%

കടുത്ത പ്രതിസന്ധി; സാമ്ബത്തികവര്‍ഷം തീരാന്‍ ഒരാഴ്‌ച; പൂര്‍ത്തിയായ പദ്ധതികള്‍ 64.75%

തിരുവനന്തപുരം: സാമ്ബത്തികവര്‍ഷം അവസാനിക്കാന്‍ കഷ്‌ടിച്ച്‌ ഒരാഴ്‌ച ശേഷിക്കേ, സംസ്‌ഥാനത്തെ പദ്ധതിപ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍.

ഇതുവരെ 64.75% പ്രവര്‍ത്തനങ്ങളേ നടന്നിട്ടുള്ളൂവെന്ന്‌ സര്‍ക്കാരിന്റെ ഔദ്യോഗിക പദ്ധതി നിര്‍വഹണസംവിധാനമായ പ്ലാന്‍സ്‌പേസ്‌ കേരള വ്യക്‌തമാക്കുന്നു.

കടുത്ത സാമ്ബത്തികപ്രതിസന്ധിക്കിടെ, സുപ്രീം കോടതിയിലെ കേസിന്റെ അടിസ്‌ഥാനത്തില്‍ 13,600 കോടി രൂപ വായ്‌പയെടുക്കാന്‍ കഴിഞ്ഞെങ്കിലും അത്‌ നിത്യച്ചെലവുകള്‍ക്കേ തികഞ്ഞുള്ളൂ. പദ്ധതിപ്രവര്‍ത്തനങ്ങള്‍ ഒട്ടും മുന്നോട്ടുപോയില്ലെന്നു കണക്കുകള്‍ വ്യക്‌തമാക്കുന്നു.
2023-24 സാമ്ബത്തികവര്‍ഷം ആകെ 38,629.19 കോടി രൂപയുടെ പദ്ധതിയാണ്‌ ആവിഷ്‌കരിച്ചത്‌. ആകെ പദ്ധതിയില്‍ 64.75 ശതമാനവും 8258 കോടി രൂപയുടെ തദ്ദേശപദ്ധതിയില്‍ 67.64 ശതമാനവുമേ പൂര്‍ത്തിയായുള്ളൂ.

സാമ്ബത്തികവര്‍ഷം അവസാനിക്കാന്‍ ഒരാഴ്‌ച മാത്രം ശേഷിക്കേ, പദ്ധതി പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തില്ലെന്നു വ്യക്‌തം. തദ്ദേശസ്വയംഭരണസ്‌ഥാപനങ്ങളുടെ പദ്ധതിവിഹിതത്തിലെ അവസാനഗഡുവായി 1851 കോടി രൂപ കഴിഞ്ഞദിവസം ധനവകുപ്പ്‌ അനുവദിച്ചിരുന്നു. ഇതോടെ തദ്ദേശപദ്ധതിവിഹിതം പൂര്‍ണമായി കൈമാറി. എന്നാല്‍, സാമ്ബത്തിക അനിശ്‌ചിതത്വം പദ്ധതിപ്രവര്‍ത്തനങ്ങളെയാകെ ബാധിച്ചു.
22,112 കോടി രൂപയുടെ സംസ്‌ഥാനപദ്ധതിയില്‍ 65.65% മാത്രമാണു പൂര്‍ത്തിയായത്‌.
8,259.19 കോടി രൂപയുടെ കേന്ദ്രാവിഷ്‌കൃതപദ്ധതികള്‍ 60% പോലും എത്തിയില്ല. പൂര്‍ത്തിയായത്‌ 59.45% മാത്രം. പദ്ധതി പ്രവര്‍ത്തനം മന്ദീഭവിച്ചതു സാമ്ബത്തികവര്‍ഷാവസാനത്തെ ഞെരുക്കം മറികടക്കാന്‍ സര്‍ക്കാരിനു സഹായകമായെന്ന വിലയിരുത്തലുമുണ്ട്‌.
സാമ്ബത്തികവര്‍ഷം അവസാനിക്കുന്ന മാര്‍ച്ച്‌ 31-നു ബുദ്ധിമുട്ടില്ലാതെ ട്രഷറി ഇടപാടുകള്‍ പൂര്‍ത്തിയാക്കാമെന്നാണു ധനവകുപ്പിന്റെ പ്രതീക്ഷ. കഴിഞ്ഞ 19 വരെ ട്രഷറിയില്‍ ലഭിച്ച എല്ലാ ബില്ലും പാസാക്കി പണം നല്‍കാന്‍ 1211 കോടി രൂപ ലഭ്യമാക്കി. തദ്ദേശസ്‌ഥാപനങ്ങളുടേത്‌ ഉള്‍പ്പെടെ എല്ലാ ബില്ലും മുന്‍ഗണനാടിസ്‌ഥാനത്തില്‍ മാറിനല്‍കാനാണു നിര്‍ദേശം.
വായ്‌പയുമായി ബന്ധപ്പെട്ട്‌ സംസ്‌ഥാനസര്‍ക്കാരിന്റെ പരാതിയില്‍ കഴിഞ്ഞദിവസം വാദം പൂര്‍ത്തിയായിരുന്നു.
സുപ്രീം കോടതിയില്‍നിന്ന്‌ അനുകൂലവിധിയുണ്ടായാല്‍ ധനകാര്യ കമ്മിഷന്‍ ശിപാര്‍ശചെയ്യുന്ന വായ്‌പ വെട്ടിക്കുറയ്‌ക്കാന്‍ കേന്ദ്രത്തിനു കഴിയില്ലെന്നു സംസ്‌ഥാനസര്‍ക്കാര്‍ കണക്കുകൂട്ടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular