Tuesday, April 30, 2024
HomeAsiaഇറാൻ ആക്രമണത്തെ പ്രതിരോധിക്കാൻ ഇസ്രയേലിന് ചെലവായത് 4,600 കോടി; എന്നിട്ടും മിസൈലുകള്‍ വ്യോമ കേന്ദ്രത്തില്‍ പതിച്ചു

ഇറാൻ ആക്രമണത്തെ പ്രതിരോധിക്കാൻ ഇസ്രയേലിന് ചെലവായത് 4,600 കോടി; എന്നിട്ടും മിസൈലുകള്‍ വ്യോമ കേന്ദ്രത്തില്‍ പതിച്ചു

തെല്‍ അവീവ്: ഇറാൻ തൊടുത്തുവിട്ട ഡ്രോണുകളെയും മിസൈലുകളെയും പ്രതിരോധിക്കാൻ ഇസ്രയേലിന് ചെലവായത് കോടികളെന്ന് റിപ്പോർട്ട്.

4,600 കോടിയോളം രൂപ (550 മില്യണ്‍ ഡോളർ) ഇസ്രായേല്‍ ചെലവിട്ടതായി തെല്‍ അവീവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നാഷണല്‍ സെക്യൂരിറ്റി സ്റ്റഡീസ് ആണ് വ്യക്തമാക്കിയത്.

ഇറാന്‍റെ ബാലിസ്റ്റിക് മിസൈലിനെ പ്രതിരോധിക്കാനുള്ള ഒരു ‘ആരോ’ മിസൈലിന് ഏകദേശം 3.5 മില്യണ്‍ യു.എസ് ഡോളർ ചെലവ് വരും. ഒരു ‘മാജിക് വാൻഡ്’ മിസൈലിന്‍റെ വില ഒരു മില്യണ്‍ യു.എസ് ഡോളറാണ്. 4,600 കോടിക്ക് പുറമെ ഇന്ധനത്തിന്‍റെയും മറ്റ് യുദ്ധ സാമഗ്രികളുടെയും ചെലവ് അധികമായി വരും.

ഇറാൻ തൊടുത്ത 300 മിസൈലുകളിലും ഡ്രോണുകളിലും 99 ശതമാനവും തടഞ്ഞതായി ഇസ്രായേല്‍ പ്രതിരോധ സേന (ഐ.ഡി.എഫ്) വക്താവ് ഡാനിയേല്‍ ഹഗാരി വ്യക്തമാക്കുന്നു. 170 ഡ്രോണുകള്‍, 30 ക്രൂസ് മിസൈലുകള്‍, 120 ബാലിസ്റ്റിക് മിസൈലുകള്‍ എന്നിവയാണ് ഇസ്രായേല്‍ ലക്ഷ്യമാക്കി വന്നത്.

ഇറാന്‍റെ ആക്രമണത്തെ പ്രതിരോധിക്കാൻ ദീർഘദൂര വ്യോമ പ്രതിരോധ സംവിധാനമാണ് മുഖ്യമായും സേന ഉപയോഗിച്ചത്. 100 ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ആറു മണിക്കൂറാണ് ആകാശത്ത് പറന്നത്. 10 ബാലിസ്റ്റിക് മിസൈലുകളെ തകർത്തത് യുദ്ധവിമാനങ്ങളാണ്.

അതേസമയം, ഇറാൻ വിക്ഷേപിച്ച മിസൈലുകളില്‍ ചുരുക്കം ചിലത് ഇസ്രായേല്‍ അതിർത്തിക്കുള്ളില്‍ പതിച്ചു. തെക്കൻ ഇസ്രായേലിലെ ഒരു സൈനിക കേന്ദ്രത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും ഒരു പെണ്‍കുട്ടിക്ക് പരിക്കേറ്റതായും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

ഏപ്രില്‍ ഒന്നിന് സിറിയയിലെ കോണ്‍സൂലേറ്റ് ബോംബിട്ട് തകർക്കുകയും മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുകയും ചെയ്തതിന് തിരിച്ചടിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച ഹുർമൂസ് കടലിടുക്കില്‍ നിന്ന് ഇസ്രായേല്‍ ബന്ധമുള്ള ചരക്കു കപ്പല്‍ ഇറാൻ സൈന്യം പിടിച്ചെടുത്തതിനു പിന്നാലെയാണ് ഇറാൻ നേരിട്ടുള്ള ആക്രമണം നടത്തിയത്.

ഇറാനില്‍ നിന്നാണ് ഭൂരിഭാഗം മിസൈലുകളും ഇസ്രായേലിന് നേരെ വിക്ഷേപിച്ചത്. കൂടാതെ ഇറാഖില്‍ നിന്നും യെമനില്‍ നിന്നും മിസൈല്‍ ആക്രമണം നടന്നതായി റിപ്പോർട്ടുണ്ട്. ഇസ്രായേലിന് നേരെയുള്ള തിരിച്ചടിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച്‌ നൂറുകണക്കിന് പേർ ഇറാൻ തലസ്ഥാനമായ തെഹ്റാനില്‍ ദേശീയ പതാകയുമേന്തി പ്രകടനം നടത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular