Tuesday, April 30, 2024
HomeGulfദുരിതക്കയത്തില്‍ ദുബായ്; റദ്ദാക്കിയത് നൂറുകണക്കിന് വിമാന സര്‍വീസുകള്‍, നിരവധി കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുന്നു

ദുരിതക്കയത്തില്‍ ദുബായ്; റദ്ദാക്കിയത് നൂറുകണക്കിന് വിമാന സര്‍വീസുകള്‍, നിരവധി കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുന്നു

ദുബായ്: സമാനതകള്‍ ഇല്ലാത്ത പ്രതിസന്ധിയിലൂടെയാണ് ദുബായും യുഎഇയും കഴിഞ്ഞ രണ്ട് ദിവസങ്ങളായി കടന്നുപോവുന്നത്. അപ്രതീക്ഷിതമായി പെയ്‌തിറങ്ങിയ മഴയ്ക്കും കൊടുങ്കാറ്റിനും മറുപടിയില്ലാതെ വിറങ്ങലിച്ചു നില്‍ക്കുകയാണ് നഗരം.

ഏറ്റവും ഒടുവില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്‌ ദുബായ് വിമാനത്താവളത്തിലെ സ്ഥിതിഗതികള്‍ എല്ലാം തന്നെ താറുമാറായ നിലയിലാണ്.

കനത്ത മഴയും കാറ്റും കാരണം നൂറുകണക്കിന് വിമാന സർവീസുകളാണ് റദ്ദാക്കിയത്. അതിലേറെ സർവീസുകള്‍ വൈകുകയും ചെയ്യുന്നു. ഇതോടെ വിവിധ ദേശങ്ങളിലേക്ക് യാത്ര ചെയ്യേണ്ടയിരുന്ന കുടുംബങ്ങള്‍ അടക്കം നിരവധി യാത്രക്കാർ വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുകയാണ്. പ്രശ്‌നപരിഹാരം എപ്പോഴുണ്ടാവും എന്ന കാര്യത്തില്‍ ആർക്കും കൃത്യമായ മറുപടിയില്ല.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഫ്ലൈറ്റുകള്‍ ബന്ധിപ്പിക്കുന്നതിനുള്ള പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായ ദുബായ് ഇന്റർനാഷണല്‍ എയർപോർട്ടിലേക്കും തിരിച്ചുമുള്ള 290 ഫ്ലൈറ്റുകളാണ് ബുധനാഴ്‌ച മാത്രം റദ്ദാക്കിയതെന്നാണ് ഫ്ലൈറ്റ് അവെയർ ഡാറ്റ വ്യക്തമാക്കുന്നത്. കൂടാതെ 440ഓളം സർവീസുകള്‍ വൈകുകയും ചെയ്യുന്നുവെന്നാണ് റിപ്പോർട്ട്.

വ്യാഴാഴ്‌ചയും ഈ സാഹചര്യത്തില്‍ സമാനമായി വിമാന സർവീസുകള്‍ റദ്ദാക്കാനും, വൈകാനും ഇടയുണ്ടെന്നാണ് വിവരം. വിമാനത്താവളത്തിന്റെ പ്രവർത്തനം പഴയ നിലയില്‍ പുനഃസ്ഥാപിക്കാൻ സമയം എടുക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം മാത്രം 8 കോടിയോളം യാത്രക്കാർക്ക് സേവനം നല്‍കിയ ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാനത്താവളങ്ങളില്‍ ഒന്നാണ് ദുബായിലേത്.

ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ നിർദ്ദേശ പ്രകാരം എയർലൈനുകളുടെ കൃത്യമായ ഉറപ്പോടെ മാത്രം ടെർമിനല്‍ ഒന്നിലേക്ക് യാത്രക്കാർക്ക് പ്രവേശിക്കാൻ അനുമതിയുള്ളൂ. കൂടാതെ പരമാവധി വിമാനത്താവളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. കഴിഞ്ഞ ദിവസം വിമാനത്താവളത്തില്‍ വെള്ളം കയറിയത് കാര്യങ്ങള്‍ കൂടുതല്‍ ദുഷ്‌കരമാക്കിയിരുന്നു.

കൂടുതല്‍ കാറ്റും മഴയ്ക്കുമുള്ള സാധ്യത പ്രവചിക്കപ്പെടുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ ഉള്ള എല്ലാവരോടും സുരക്ഷിതമായി ഇരിക്കാനാണ് അധികൃതർ ആവശ്യപ്പെടുന്നത്. ദുബായ് ഇന്റർനാഷണല്‍ എയർപോർട്ട് മാത്രമല്ല നഗരത്തിലെ മറ്റൊരു വിമാനത്താവളമായ ദുബായ് വേള്‍ഡ് സെൻട്രലിലും സ്ഥിതി വ്യത്യസ്‌തമല്ല.

അതേസമയം, ഇന്ന് കൊച്ചിയില്‍ നിന്നുള്ള 3 വിമാനങ്ങള്‍ ഇന്നും റദ്ദാക്കിയിട്ടുണ്ട്. ഇതിന് പുറമെ രാവിലെ 10.30 ന് പുറപ്പെടേണ്ട എമിറേറ്റ്സ് വിമാനം 12.30ന് മാത്രമേ യാത്ര തിരിക്കുകയുള്ളൂ. ബുധനാഴ്‌ച രാത്രി 10.20ന് പോകേണ്ട സ്പൈസ് ജെറ്റ് വിമാനം ഇന്ന് ഉച്ചയ്ക്ക് 12.15ന് മാത്രമേ പുറപ്പെടുകയുള്ളൂ എന്നാണ് ഏറ്റവും ഒടുവില്‍ ലഭ്യമായ വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular