Friday, May 3, 2024
HomeKeralaമറ്റു കേസുകള്‍ മാറ്റിവച്ചു , നടിയെ ആക്രമിച്ച കേസില്‍ ഒരുമാസം ഫുള്‍ടൈം വിചാരണ

മറ്റു കേസുകള്‍ മാറ്റിവച്ചു , നടിയെ ആക്രമിച്ച കേസില്‍ ഒരുമാസം ഫുള്‍ടൈം വിചാരണ

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതിയില്‍ മുഴുവന്‍സമയ വിചാരണ ആരംഭിച്ചു.

മറ്റു കേസുകള്‍ മാറ്റി വച്ചാണു കഴിഞ്ഞ 17 മുതല്‍ ഫുള്‍ടൈം വിചാരണ തുടങ്ങിയത്‌.
ഈ കേസിന്റെ വിചാരണ ഒരു മാസത്തിനകം പൂര്‍ത്തിയാക്കാനാണു കോടതിയുടെ ശ്രമം. അന്വേഷണസംഘത്തലവനായ ഡിവൈ.എസ്‌.പി. ബൈജു പൗലോസിന്റെ വിസ്‌താരത്തിനു മാത്രം ഒരു മാസമെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്‌. ബൈജു പൗലോസിന്റെ വിസ്‌താരമാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. ഇതോടെ പ്രോസിക്യൂഷന്‍ തെളിവുകള്‍ പൂര്‍ത്തിയാക്കും. തുടര്‍ന്ന്‌ പ്രതിഭാഗം തെളിവുകള്‍ കോടതി പരിശോധിക്കും. വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി അനുവദിച്ച സമയപരിധി കഴിഞ്ഞമാസം 31-ന്‌ അവസാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വിചാരണ പൂര്‍ത്തീകരിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ ജഡ്‌ജി ഹണി എം. വര്‍ഗീസ്‌ ഉടന്‍ സുപ്രീം കോടതിയെ സമീപിച്ചേക്കും.
കേസില്‍ ഇതുവരെ 260 സാക്ഷികളുടെ വിസ്‌താരമാണ്‌ പൂര്‍ത്തിയായത്‌. 2020 ജനുവരി മുപ്പതിനായിരുന്നു വിചാരണയുടെ തുടക്കം. വിചാരണയ്‌ക്കിടയില്‍ സിനിമാതാരങ്ങള്‍ ഉള്‍പ്പടെ 19 സാക്ഷികള്‍ മൊഴിമാറ്റി. വിചാരണ നീതിപൂര്‍വമല്ലെന്ന്‌ ആരോപിച്ച്‌ രണ്ടു പ്രോസിക്യൂട്ടര്‍മാര്‍ രാജിവച്ചു. തുടര്‍ന്ന്‌ അതിജീവിതയുടെ ആവശ്യപ്രകാരം വി.അജകുമാറിനെ സ്‌പെഷല്‍ പബ്ലിക്‌ പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചു. അതിനിടയിലാണ്‌ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നത്‌.
കേസില്‍ വഴിത്തിരിവാകുന്ന തെളിവുകള്‍കൂടി പുറത്തുവന്നതോടെ തുടരന്വേഷണം നടത്തി ഒരാളെക്കൂടി കേസില്‍ പ്രതി ചേര്‍ത്തു. കൃത്യം നിര്‍വഹിച്ച പള്‍സര്‍ സുനി, നടന്‍ ദിലീപ്‌ ഉള്‍പ്പടെ പതിനഞ്ച്‌ പേരാണ്‌ കേസിലെ പ്രതികള്‍. ആക്രമിക്കപ്പെട്ട നടിയോട്‌ ദിലീപിന്‌ മുന്‍വൈരാഗ്യമുണ്ടെന്നാണ്‌ അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. 2017 ഫെബ്രുവരി 17-നാണ്‌ എറണാകുളത്ത്‌ നടി ലൈംഗികാതിക്രമത്തിന്‌ ഇരയായത്‌.
നടിയെ ആക്രമിച്ച കേസില്‍ ജഡ്‌ജി ഹണി എം. വര്‍ഗീസിന്റെ അപേക്ഷയില്‍, വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസമായിരുന്നു സുപ്രീംകോടതി അനുവദിച്ചത്‌. ഈ സമയപരിധിയാണ്‌ അവസാനിച്ചത്‌. സാക്ഷി വിസ്‌താരം അന്തിമഘട്ടത്തിലാണെങ്കിലും വിചാരണ പൂര്‍ത്തീകരിക്കാന്‍ ഇനിയും സമയം വേണ്ടിവരും. ഈ സാഹചര്യത്തിലാണു ഫുള്‍ടൈം വിചാരണ നടക്കുന്നത്‌. അതിനിടെ വിധി തയാറാക്കുന്നതിന്റെ പ്രാരംഭ നടപടികള്‍ ജഡ്‌ജി ആരംഭിച്ചതായും സൂചനയുണ്ട്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular