Friday, May 3, 2024
HomeIndiaപ്രതിച്ഛായ തകര്‍ച്ച പേടി; ഗുജറാത്തില്‍ കൈവിട്ട കളിയുമായി ബി.ജെ.പി

പ്രതിച്ഛായ തകര്‍ച്ച പേടി; ഗുജറാത്തില്‍ കൈവിട്ട കളിയുമായി ബി.ജെ.പി

മുംബൈ: നരേന്ദ്ര മോദി, അമിത് ഷാമാരുടെ നാടായ ഗുജറാത്തില്‍ കഴിഞ്ഞ തവണത്തേതുപോലെ 26 ലോക്സഭ സീറ്റുകളിലും ഇത്തവണയും ജയിക്കണമെന്നത് ബി.ജെ.പിക്ക് അനിവാര്യമാണ്.

കഴിഞ്ഞ തവണത്തേതില്‍നിന്ന് ഒരു സീറ്റ് ബി.ജെ.പിക്കു കുറഞ്ഞാല്‍ അത് മോദിയുടെ പ്രതിച്ഛായക്കേറ്റ മങ്ങലായി വിലയിരുത്തപ്പെടും.

മോദിയുടെ കൈവിട്ട വർഗീയ പരാമർശങ്ങള്‍ക്കു പിന്നിലും ഇതേ പേടിയാണ്. ഇത്തവണ ഇൻഡ്യ സഖ്യം നിലവില്‍വന്നതോടെ ഗുജറാത്തില്‍ 26 നിലനിർത്താനാകുമോ എന്ന ആശങ്ക ബി.ജെ.പിക്കുണ്ടെന്ന് നിരീക്ഷകർ കരുതുന്നു. 24ല്‍ കോണ്‍ഗ്രസും രണ്ടില്‍ ആം ആദ്മി പാർട്ടിയുമാണ് സഖ്യമായി മത്സരിക്കുന്നത്. ഒപ്പം രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ അലയൊലികളും കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ക്കിടയിലാണ് സൂറത്തില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക, ഡമ്മി സ്ഥാനാർഥികളുടെ പത്രികകള്‍ തള്ളപ്പെടുന്നതും മറ്റു സ്ഥാനാർഥികള്‍ പത്രികകള്‍ പിൻവലിച്ച്‌ ബി.ജെ.പിക്ക് വഴിമാറികൊടുക്കുകയും ചെയ്യുന്നത്.

പിന്തുണച്ചിട്ടില്ലെന്നും തങ്ങളുടെ ഒപ്പുകള്‍ വ്യാജമാണെന്നും പിന്തുണ നല്‍കിയവരുടെ സത്യവാങ്മൂലം വരണാധികാരിക്ക് നല്‍കുന്നു. കോണ്‍ഗ്രസ് സ്ഥാനാർഥികളെ പിന്തുണച്ചവരെ കാണാതാകുന്നു. വരണാധികാരി നല്‍കിയ സമയത്തിനകം അവരെ കൊണ്ടുവരാൻ കോണ്‍ഗ്രസ് സ്ഥാനാർഥികള്‍ പരാജയപ്പെടുന്നു. പത്രികകള്‍ തള്ളപ്പെടുന്നു. കോണ്‍ഗ്രസിന് സ്ഥാനാർഥിയില്ലാതാകുകയും ബി.ജെ.പിയും മുകേഷ് ദലാലും മറ്റ് എട്ട് പേരും സ്ഥാനാർഥികളായി തുടരുകയും ചെയ്യുന്നു. പത്രിക പിൻവലിക്കേണ്ട അവസാന ദിവസമായ തിങ്കളാഴ്ച ബി.എസ്.പി സ്ഥാനാർഥി അടക്കം എട്ട് പേരും പത്രിക പിൻവലിക്കുന്നു. ഇതോടെ മുകേഷ് ദലാല്‍ മാത്രം സ്ഥാനാർഥി. താമസം വിനാ വിജയം പ്രഖ്യാപിക്കുന്നു. ഈ ക്രമം ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസിലെ മുതിർന്ന നേതാവ് ജയ്റാം രമേശ് ‘മോദിയുടെ അന്യായ് കാല്‍’നെ ചൊല്ലിയുള്ള ചെറുകിട വ്യവസായികളുടെയും കച്ചവടക്കാരുടെയും അരിശം പ്രതികൂലമാകുമെന്ന തിരിച്ചറിവില്‍ ബി.ജെ.പി മാച്ച്‌ ഫിക്സിങ് നടത്തുകയാണെന്ന് ആരോപിച്ചു. ഏകാധിപതിയുടെ ‘അസ്ലി സൂറത്ത്’ (യഥാർഥ മുഖം) ഒരിക്കല്‍കൂടി രാജ്യത്തിനു മുന്നില്‍ തുറന്നുകാട്ടപ്പെട്ടതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ‘എക്സില്‍’ പ്രതികരിച്ചു.

മറ്റ് 14 മണ്ഡലങ്ങളിലും ബി.ജെ.പിയുടെ പരാതികളില്‍ കോണ്‍ഗ്രസ് സ്ഥാനാർഥികള്‍ പ്രതിസന്ധി നേരിടുന്നു. ഭാവ്നഗർ മണ്ഡലത്തിലെ ആം ആദ്മി പാർട്ടി സ്ഥാനാർഥി ഉമേഷ് മക് വാനയും ആശങ്കയിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular