Friday, May 3, 2024
HomeKerala'കേരളത്തിലെ വീടുകളില്‍ ധാരാളം സ്വര്‍ണമുണ്ട്', ഉത്തരാഖണ്ഡില്‍ ആസൂത്രണം, ആലുവയില്‍ മോഷണം; വെടിവെപ്പും

‘കേരളത്തിലെ വീടുകളില്‍ ധാരാളം സ്വര്‍ണമുണ്ട്’, ഉത്തരാഖണ്ഡില്‍ ആസൂത്രണം, ആലുവയില്‍ മോഷണം; വെടിവെപ്പും

കൊച്ചി: ആലുവയില്‍ മോഷണം നടത്തി അജ്മീറിലേക്ക് കടക്കുകയും അവിടെവച്ച്‌ പോലീസിന് നേരേവെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയുംചെയ്ത ഉത്തരാഖണ്ഡ് സ്വദേശികളായ സജാദ് , ഡാനിഷ് എന്നിവരെ ആലുവയിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തി.

മോഷണം നടത്തിയ വീടുകള്‍, താമസിച്ച സ്ഥലങ്ങള്‍, മോഷണത്തിന് ഉപയോഗിച്ച ബൈക്ക് ഉപേക്ഷിച്ചയിടം തുടങ്ങിയ സ്ഥലങ്ങളില്‍ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേല്‍നോട്ടത്തിലാണ് തെളിവെടുപ്പ് നടത്തിയത്. മോഷണം നടത്തിയ രീതിയും, രക്ഷപ്പെട്ടതുമെല്ലാം പ്രതികള്‍ വിവരിച്ചു.

ഉത്തരാഖണ്ഡില്‍ സജാദ് ഓട്ടോറിക്ഷ ഓടിക്കുകയാണ്. ഡാനിഷ് കൂലിപ്പണിക്കാരനും. 2018 ല്‍ വെള്ളപ്പൊക്ക സമയത്ത് ഡാനിഷ് കേരളത്തില്‍ ജോലിയ്ക്ക് വന്നിട്ടുണ്ട്. കേരളത്തിലെ വീടുകളില്‍ ധാരാളം സ്വർണ്ണം സൂക്ഷിച്ചിട്ടുണ്ടെന്ന് തിരിച്ച്‌ നാട്ടിലെത്തിയ ഡാനിഷ് സജാദിനെ ധരിപ്പിച്ചു. പിന്നീട് രണ്ട് പേരും കൂടി മോഷണം നടത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തു.

ഇരുപത്തിരണ്ടായിരം രൂപ മുടക്കി ബിഹാറില്‍ നിന്ന് രണ്ട് തോക്ക് വാങ്ങി. ഫെബ്രുവരി 5-ന് ഡല്‍ഹിയില്‍നിന്ന് ആലുവയ്ക്ക് ട്രെയിൻ കയറി. എട്ടിന് ആലുവയിലെത്തി ഒരു ലോഡ്ജില്‍ മുറിയെടുത്തു. പിറ്റേദിവസം പകല്‍മുറിയൊഴിഞ്ഞു. ആളില്ലാത്ത വീടുകള്‍ തപ്പിയിറങ്ങി. പുറമെ നിന്ന് താഴിട്ട് പൂട്ടിയ വീടുകളായിരുന്നു ലക്ഷ്യം. ഇതിനിടയില്‍ മുടിക്കലിലെ കളിസ്ഥലത്ത് നിന്ന് സംഘം ബൈക്കും മോഷ്ടിച്ചു. പിന്നീട് അതിലായി യാത്ര.

രാത്രി കുട്ടമശേരിയിലെ വീട് ശ്രദ്ധയില്‍പ്പെട്ടു. ചെറിയ കമ്ബിയും സ്ക്രൂഡ്രൈവറും ഉപയോഗിച്ച്‌ പൂട്ട് തുറന്ന് മോഷണം നടത്തി. തുടർന്ന് മോഷ്ടിച്ച ബൈക്ക് ആലുവ കെ.എസ്.ആർ.ടി.സി. സ്റ്റാന്റ് പരിസരത്ത് ഉപേക്ഷിച്ചു. രാത്രി തന്നെ ആലുവയിലെ മറ്റൊരു ലോഡ്ജില്‍ മുറിയെടുത്തു. പിറ്റേന്ന് പകലും രാത്രിയും കറങ്ങി നടന്ന് വീടു കണ്ടു വച്ച്‌ രണ്ട് വീടുകളില്‍ കൂടി മോഷണം നടത്തി. അവിടെയും കമ്ബിയും സ്ക്രൂഡ്രൈവറും ആയിരുന്നു ആയുധം. മോഷണത്തിന് ശേഷം ബസില്‍ തൃശൂരെത്തി. അവിടെനിന്നും മധ്യപ്രദേശിലേക്ക് തീവണ്ടി കയറി. അവിടെയും മോഷണത്തിന് ശ്രമിച്ചു. ശാസ്ത്രീയ അന്വേഷണത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞ ആലുവയിലെ പ്രത്യേക അന്വേഷണ സംഘം പിന്നാലെ കുതിച്ചു. മധ്യപ്രദേശിലെത്തിയപ്പോള്‍ മോഷണ സംഘം രാജസ്ഥാനിലേക്ക് കടന്നിരുന്നു. പിന്നാലെ പോലീസ് സംഘവും. അജ്മീറിലെത്തിയ പ്രതികളെ രാത്രി അജ്മീർ പോലീസിന്റെ സഹായത്തോടെ പിടികൂടാൻ ശ്രമിക്കുന്നതിനിടയില്‍ പ്രതികള്‍ വെടിയുതിർത്ത് രക്ഷപെടാൻ ശ്രമിച്ചു. പിന്നീട് ജീവൻ പണയം വച്ച്‌ സാഹസികമായാണ് കീഴ്പ്പെടുത്തിയത്. തുടർന്ന് കേസെടുത്ത് അജ്മീറില്‍ റിമാന്റ് ചെയ്ത സംഘത്തെ കഴിഞ്ഞ ദിവസമാണ് ആലുവയിലെത്തിച്ചത്. കേരളമുള്‍പ്പടെ വിവിധ സംസ്ഥാനങ്ങളില്‍ ഗുണ്ടാ ആക്‌ട് ഉള്‍പ്പടെ പത്തോളം കേസിലെ പ്രതിയാണ് ഡാനിഷ് . ആലുവയില്‍ മൂന്ന് മോഷണം നടത്തിയ ഇവർ പെരുമ്ബാവൂരിലും കവർച്ച നടത്തിയിരുന്നു.

ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേല്‍നോട്ടത്തില്‍ ഡിവൈ.എസ്.പി എ പ്രസാദ്, ഇൻസ്പെക്ടർ എം.എം മഞ്ജു ദാസ്, സബ് ഇൻസ്പെക്ടർ എസ്.എസ് ശ്രീലാല്‍, സീ പി.ഒ മാരായ എൻ.എ മുഹമ്മദ് അമീർ, കെ.എം മനോജ്, മാഹിൻ ഷാ അബൂബക്കർ , വി.എ അഫ്സല്‍ എന്നിവരാണ് തെളിവെടുപ്പിനുണ്ടായിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular