Wednesday, May 8, 2024
HomeKeralaഅര്‍ധസൈനിക വിഭാഗത്തിലെ വനിതകളെ പീഡിപ്പിച്ചു; സിആര്‍പിഎഫ് ഉന്നത ഉദ്യോഗസ്ഥനെ പിരിച്ചുവിടാൻ കേന്ദ്രം

അര്‍ധസൈനിക വിഭാഗത്തിലെ വനിതകളെ പീഡിപ്പിച്ചു; സിആര്‍പിഎഫ് ഉന്നത ഉദ്യോഗസ്ഥനെ പിരിച്ചുവിടാൻ കേന്ദ്രം

ന്യൂഡല്‍ഹി: അർധസൈനിക വിഭാഗത്തിലെ വനിതാ ഉദ്യോഗസ്ഥരെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ സെൻട്രല്‍ റിസർവ് പൊലീസ് ഫോഴ്‌സിലെ (സിആർപിഎഫ്) ഉന്നത ഉദ്യോഗസ്ഥനെതിരെ നടപടിയുമായി കേന്ദ്ര സർക്കാർ.

ഡിഐജി റാങ്കിലുള്ള മുൻ ചീഫ് സ്‌പോർട്‌സ് ഓഫീസറെ പിരിച്ചുവിടാനുള്ള നടപടികള്‍ കേന്ദ്ര സർക്കാർ ആരംഭിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

അർജുന അവാർഡ് ജേതാവ് കൂടിയായ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറല്‍ ഖജൻ സിങ്ങിനെതിരെയാണ് നടപടി. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ്റെ ശിപാർശ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചതിനു പിന്നാലെ ഉദ്യോഗസ്ഥന് സിആർപിഎഫ് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി.

നോട്ടീസിന് 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കാൻ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭിച്ച ശേഷം അന്തിമ ഉത്തരവ് പുറപ്പെടുവിക്കുമെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി. സിആർപിഎഫ് നടത്തിയ അന്വേഷണത്തില്‍ ലൈംഗികാതിക്രമ ആരോപണങ്ങളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നിലവില്‍ മുംബൈയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെതിരെ പിരിച്ചുവിടല്‍ നോട്ടീസ് പുറപ്പെടുവിച്ചത്.

ആഭ്യന്തര കമ്മിറ്റിയുടെ അന്വേഷണ റിപ്പോർട്ട് സിആർപിഎഫ് ആസ്ഥാനം സ്വീകരിക്കുകയും ആവശ്യമായ അച്ചടക്ക നടപടിക്കായി യുപിഎസ്‌സിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും കൈമാറുകയായിരുന്നു. അതുപ്രകാരം യുപിഎസ്‌സിയും ആഭ്യന്തര മന്ത്രാലയവും ഖജൻ സിങ്ങിനെതിരെ പിരിച്ചുവിടല്‍ ഉത്തരവിറക്കിയതായി വൃത്തങ്ങള്‍ അറിയിച്ചു.

രണ്ട് ആരോപണങ്ങളാണ് ഉദ്യോഗസ്ഥൻ നേരിടുന്നത്. ഒരു കേസിലാണ് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിട്ടുള്ളതെങ്കില്‍ രണ്ടാമത്തേത് പുരോഗമിക്കുകയാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, വിഷയത്തില്‍ പിടിഐയുടെ ചോദ്യത്തോട് ഖജൻ സിങ് പ്രതികരിച്ചില്ല.

രാജ്യത്തെ ഏറ്റവും വലിയ അർധസൈനിക വിഭാഗമായ സിആർപിഎഫിൻ്റെ ചീഫ് സ്‌പോർട്‌സ് ഓഫീസറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഖജൻ സിങ്. 1986 സിയോള്‍ ഏഷ്യൻ ഗെയിംസില്‍ 200 മീറ്റർ ബട്ടർഫ്ലൈ ഇനത്തില്‍ ഇദ്ദേഹം വെള്ളി മെഡല്‍ നേടിയിരുന്നു. 1951ന് ശേഷം നീന്തലില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്.

നേരത്തെ, ആരോപണം നിഷേധിച്ചു രംഗത്തെത്തിയ ഉദ്യോഗസ്ഥൻ തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും തന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള നീക്കമാണെന്നും ആരോപിച്ചിരുന്നു.

ഏകദേശം 3.25 ലക്ഷം ഉദ്യോഗസ്ഥരുള്ള സിആർപിഎഫ്, 1986ലാണ് ആദ്യമായി സ്ത്രീകളെ കോംബാറ്റ് റാങ്കില്‍ ഉള്‍പ്പെടുത്തിയത്. നിലവില്‍ ആറ് വനിതാ ബറ്റാലിയനുകളാണുള്ളത്. ആകെ 8,000 ഉദ്യോഗസ്ഥരുണ്ട്. സ്‌പോർട്‌സിലും മറ്റ് അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗങ്ങളിലും വനിതാ ജീവനക്കാരുമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular