Thursday, May 9, 2024
HomeUSAകൈവിലങ്ങിലും കുലുങ്ങാതെ വിദ്യാര്‍ഥി; പൊലീസിനെ കാഴ്ചക്കാരാക്കി നമസ്‌കാരം

കൈവിലങ്ങിലും കുലുങ്ങാതെ വിദ്യാര്‍ഥി; പൊലീസിനെ കാഴ്ചക്കാരാക്കി നമസ്‌കാരം

വാഷിങ്ടണ്‍: ഇസ്രായേല്‍ ഗസ്സയില്‍ തുടരുന്ന ആക്രമണങ്ങളില്‍ യു.എസ് സർവകലാശാലകളില്‍ വിദ്യാർഥി പ്രക്ഷോഭം ശക്തമാകുകയാണ്.

ഓസ്റ്റിനിലെ ടെക്‌സാസ് സർവകലാശാല, ലോസ് ഏഞ്ചല്‍സിലെ സതേണ്‍ കാലിഫോർണിയ സർവകലാശാല, ജോർജിയയിലെ എമോറി സർവകലാശാല, ബോസ്റ്റണിലെ എമേഴ്‌സണ്‍ കോളജ് എന്നിവിടങ്ങളിലെല്ലാം വിദ്യാർഥി പ്രതിഷേധങ്ങളെ അറസ്റ്റും നടപടികളുമായാണ് യു.എസ് പൊലീസ് നേരിടുന്നത്. ഇതിനിടയില്‍ പൊലീസ് കൈവിലങ്ങണിയിച്ച്‌ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നതിനിടെ നമസ്‌കരിക്കുന്ന വിദ്യാർഥിയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

സതേണ്‍ കാലിഫോർണിയ സർവകലാശാലയിലാണു സംഭവം. ഇസ്രായേല്‍ വിരുദ്ധ റാലിയില്‍ പങ്കെടുത്ത വിദ്യാർഥിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം. ഇരുകൈയിലും കൈവിലങ്ങണിയിച്ച വിദ്യാർഥി പൊലീസിനെ സാക്ഷിനിർത്തി നമസ്‌കരിക്കുന്ന ദൃശ്യങ്ങള്‍ ‘അല്‍ജസീറ അറബിക്’ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

അമേരിക്കയിലെ തന്നെ മുൻനിര സർവകലാശാലകളിലൊന്നാണ് സതേണ്‍ കാലിഫോർണിയ യൂനിവേഴ്‌സിറ്റി. യു.എസിലെ മറ്റു സർവകലാശാലകളുടെ ചുവടുപിടിച്ച്‌ ഇവിടെയും കഴിഞ്ഞ ദിവസമാണ് ഇസ്രായേല്‍ ഗസ്സയില്‍ നടത്തുന്ന നരഹത്യയ്‍ക്കെതിരെ പ്രതിഷേധവുമായി വിദ്യാർഥികള്‍ പ്രതിഷേധമാരംഭിച്ചത്. എന്നാല്‍, തുടക്കം മുതല്‍ ലോസ് ഏഞ്ചല്‍സ് പൊലീസും ഭീഷണിയുമായി രംഗത്തെത്തി. പ്രതിഷേധ റാലികള്‍ തടഞ്ഞ പൊലീസ് പിരിഞ്ഞുപോകാൻ വിദ്യാർഥികള്‍ക്കു മുന്നറിയിപ്പ് നല്‍കുകയായിരുന്നു. കാംപസില്‍ പ്രതിഷേധ ടെന്റുകള്‍ സ്ഥാപിക്കാനുള്ള നീക്കം തടയുകയും ചെയ്തു.

സർവകലാശാല കാംപസില്‍ കഴിഞ്ഞ ദിവസം നടന്ന ഇസ്രായേല്‍ വിരുദ്ധ റാലിയില്‍ പങ്കെടുത്ത 93 വിദ്യാർഥികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയത്. മെയിൻ കാംപസിലേക്കു പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം പൊലീസ് നിയന്ത്രിച്ചിരിക്കുകയാണ്. കാംപസിലും പരിസരപ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാർഥി പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ബിരുദദാന ചടങ്ങ് മാറ്റിവയ്ക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ചടങ്ങില്‍ നേരത്തെ നിശ്ചയിച്ചിരുന്ന ഫലസ്തീൻ അനുകൂല വിദ്യാർഥിയുടെ പ്രസംഗം നേരത്തെ റദ്ദാക്കിയിരുന്നു.

ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയില്‍ ഫലസ്തീൻ ഐക്യദാർഢ്യ റാലികള്‍ക്കെതിരെ അധികൃതർ നടപടി സ്വീകരിച്ചതു വലിയ വാർത്തയായിരുന്നു. ഇതിനു പിന്നാലെയാണ് രാജ്യത്തെ മറ്റു സർവകലാശാലകളിലും വിദ്യാർഥി പ്രതിഷേധം ശക്തിപ്രാപിച്ചത്. കാംപസിലെ കുത്തിയിരിപ്പ് സമരം നിർത്താൻ സർവകലാശാല അധികൃതർ ഉത്തരവിട്ടിരുന്നു.

അതേസമയം, പൊലീസിന്റെയും സർവകലാശാലാ അധികൃതരുടെയും എതിർപ്പുകള്‍ക്കിടയിലും കഴിഞ്ഞ ദിവസം വാഷിങ്ടണ്‍ ഡി.സിയിലെ ജോർജ് വാഷിങ്ടണ്‍ യൂനിവേഴ്‌സിറ്റിയില്‍ നടന്ന ഇസ്രായേല്‍ വിരുദ്ധ റാലിയില്‍ നൂറുകണക്കിനു വിദ്യാർഥികളാണു പങ്കെടുത്തത്. അറ്റ്‌ലാന്റയിലെ എമോറി യൂനിവേഴ്‌സിറ്റിയില്‍ കാംപസിന്റെ അകത്തു പ്രവേശിച്ച പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ നേരിട്ടത്. നിരവധി പേരെ ഇവിടെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഓസ്റ്റിൻ, ബോസ്റ്റണ്, ലോസ് ഏഞ്ചല്‍സ് എന്നിവിടങ്ങളിലെല്ലാം അറസ്റ്റുമായാണ് വിദ്യാർഥി പ്രതിഷേധങ്ങളെ പൊലീസ് നേരിടുന്നത്. എന്നാല്‍, ഭീഷണികള്‍ മറികടന്നും ഹാർവാഡ്, ബ്രൗണ്‍ സർവകലാശാലകളിലെല്ലാം വിദ്യാർഥികള്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. അധികൃതരുടെ മുന്നറിയിപ്പ് ലംഘിച്ച്‌ കാംപസുകളില്‍ കൂടാരങ്ങള്‍ കെട്ടിയും ഫലസ്തീൻ ഐക്യദാർഢ്യ പ്രകടനങ്ങള്‍ തുടരുകയാണ്. അച്ചടക്ക നടപടികളുണ്ടാകുമെന്ന അധികൃതരുടെ വിലക്ക് മറികടന്നാണിത്. ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കണം, ഫലസ്തീൻ അനുകൂല സംഘടനയായ ഹാർവാഡ് അണ്ടർഗ്രാജ്വേറ്റ് ഫലസ്തീൻ സോളിഡാരിറ്റി കമ്മിറ്റിക്ക് ഏർപ്പെടുത്തി വിലക്ക് അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാർഥികള്‍ ഉന്നയിക്കുന്നത്.

സമാനമായ സാഹചര്യം തന്നെയാണ് റോഡ് ഐലൻഡിലെ ബ്രൗണ്‍ സർവകലാശാലയിലുമുള്ളത്. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്കുശേഷം 40ലേറെ ടെന്റുകളാണ് ഇവിടെ വിദ്യാർഥികള്‍ കെട്ടിയത്. ടെന്റുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ നടപടിയുണ്ടാകുമെന്ന അധികൃതരുടെ മുന്നറിയിപ്പ് ഇവിടെയും വിദ്യാർഥികള്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ല.

കൊളംബിയ സർവകലാശാലയില്‍ വിദ്യാർഥികളും അധികൃതരും തമ്മില്‍ തുടരുന്ന അസ്വാരസ്യങ്ങളും സംഘർഷാവസ്ഥയും മാറ്റമില്ലാതെ തുടരുകയാണ്. കാംപസിലെ പ്രതിഷേധ കാംപുകള്‍ നീക്കം ചെയ്യാൻ പലതവണ മുന്നറിയിപ്പ് ലഭിച്ചിട്ടും വിദ്യാർഥികള്‍ അനങ്ങിയിട്ടില്ല. സർവകലാശാലാ അധികൃതർ പൊലീസിനെ അകത്തേക്കു വിളിക്കുകയും നൂറിലേറെ വിദ്യാർഥികളെ അറസ്റ്റ് ചെയ്തു നീക്കുകയുമുണ്ടായി. 48 മണിക്കൂറിനകം കെട്ടിപ്പൊക്കിയ ടെന്റുകളെല്ലാം നീക്കംചെയ്യണമെന്നാണ് ഒടുവില്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. അതിനിടെ, യു.എസ് കോണ്‍ഗ്രസിലെ റിപബ്ലിക്കൻ പ്രതിനിധിയും സ്പീക്കറുമായ മൈക് ജോണ്‍സൻ കാംപസ് സന്ദർശിച്ച്‌ ജൂത വിദ്യാർഥികള്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാനാകുന്നില്ലെങ്കില്‍ രാജിവയ്ക്കണമെന്ന് കൊളംബിയ സർവകലാശാല പ്രസിഡന്റ് മിനോഷ് ഷാഫിക്കിനോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular