Sunday, June 23, 2024
HomeKeralaപണിക്കുവന്നയാളിന് പുരയിടം പകുത്തുനല്‍കി; അതിലൊരു വീടിനും അലക്സിന്റെ മുൻകൈ

പണിക്കുവന്നയാളിന് പുരയിടം പകുത്തുനല്‍കി; അതിലൊരു വീടിനും അലക്സിന്റെ മുൻകൈ

പുല്ലാട് (പത്തനംതിട്ട): കാറും കോളും കാണുമ്ബോള്‍ അനീഷിന്റെ ഉള്ളുലയും. ആ മുഖത്ത് ആശങ്കകള്‍ നിറയും. കുന്നിൻ ചരുവിലെ ടാർപ്പോളിൻ ഷെഡിന്റെ സ്ഥിതിയോർത്ത് പിന്നെ വേവലാതിയാണ്.

അതില്‍ കഴിയുന്ന ഭാര്യയെയും മക്കളെയും ഓർത്തുള്ള ആശങ്കകളാണ് മനസ്സുനിറയെ.

പുല്ലാട് പുരയിടത്തിൻകാവ് തത്തകുഴിയില്‍ അലക്സ് കോയിത്തോടത്ത്, തന്റെ പുരയിടത്തിലെ പണിക്കാരനുണ്ടാകുന്ന ഇൗ ഭാവമാറ്റങ്ങള്‍ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരുന്നു. ഇതോടെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. പ്ലാസ്റ്റിക് ഷെഡിലെ നാലംഗ കുടുംബത്തിന്റെ സുരക്ഷിതത്വമില്ലായ്മയും ദുരിതജീവതവും സങ്കടവുമെല്ലാം അനീഷ് അദ്ദേഹത്തോട് മനസ്സുതുറന്നു. ഒരു പ്രവാസിയുടെ മനസ്സിന്റെ പുണ്യം ഇവിടെ തുടങ്ങുകയായിരുന്നു.

ദീർഘനാളായി കുവൈത്തില്‍ ജോലിനോക്കുകയായിരുന്ന അലക്സ് 2019-ലാണ് മടങ്ങിയെത്തിയത്. അലക്സിന്റെ പറമ്ബില്‍ കുരുമുളക് പറിക്കാൻ വന്നതാണ് അനീഷ്. കൃഷിപ്പണികള്‍ക്കിടയില്‍ അനീഷിനെ സംബന്ധിച്ചതെല്ലാം അദ്ദേഹം ചോദിച്ചറിഞ്ഞു.

അമ്മയും ഭാര്യയും രണ്ടുമക്കളും ഉള്‍പ്പെടുന്നതാണ് പുറമറ്റം കമ്ബനിമല ചാരുംമൂട്ടില്‍ അനീഷിന്റെ കുടുംബം. മലഞ്ചെരിവില്‍ താത്കാലികമായി നിർമിച്ച തൂണിന്മേല്‍ ഷീറ്റും പടുതയുമിട്ട കെട്ടുറപ്പില്ലാത്ത ഒറ്റമുറിയിലാണ് ഈ കുടുംബം താമസിക്കുന്നത്. അനീഷിന്റെ മകൻ 11-ാംക്ലാസിലും മകള്‍ അഞ്ചാംക്ലാസിലുമാണ് . ഭാര്യ വല്ലപ്പോഴും കൂലിപ്പണിക്കുപോകും. അനീഷില്‍നിന്ന് വിശദമായി എല്ലാം കേട്ടറിഞ്ഞ അലക്സ് ഇവർ താമസിക്കുന്ന മുറിയുടെ മേല്‍ക്കൂരയിലെ പടുതമാറ്റാനായി അലുമിനിയം ഷീറ്റുവാങ്ങി നല്‍കി.

കുന്നിൻചരിവിലുള്ള വീട് ആയതിനാല്‍ ശക്തമായ കാറ്റടിക്കുന്നത് പ്രശ്നമായിരുന്നു. ഇതിന് എന്തുപരിഹാരം എന്ന് ആലോചിച്ചപ്പോഴാണ് അലക്സും കുടുംബവും ആ നല്ല തീരുമാനം എടുക്കുന്നത്. അദ്ദേഹം താമസിക്കുന്ന പുരയിടത്തിന്റെ ഒരു ഭാഗത്ത് അഞ്ചുസെൻറ് സ്ഥലം നല്‍കാൻ തീരുമാനിച്ചു. തീറാധാരം അനീഷിന് എഴുതിക്കൊടുത്തതു കൂടാതെ വസ്തുവിലേക്ക് എത്താൻ നാലടിവീതിയില്‍ വഴിയും നല്‍കി.

അനീഷിന് സ്വന്തം പേരില്‍ സ്ഥലം കിട്ടിയെങ്കിലും വീട് നിർമിക്കുക എന്നുള്ളത് ബാലികേറാമലയായിരുന്നു. അതിനും അലക്സ് തന്നെ മുൻകൈയെടുത്തു. രണ്ടുമുറിയും അടുക്കളയും വരാന്തയുമുള്ള 500 സ്ക്വയർ ഫീറ്റ് വലുപ്പമുള്ള വീടിന്റെ പ്ലാൻ അനുസരിച്ച്‌ തറ കെട്ടി നല്‍കി. കൂടാതെ അനീഷ് സ്വന്തം നിലയില്‍ വസ്തു ബാങ്കില്‍ ഈടുവെച്ച്‌ രണ്ടരലക്ഷം രൂപ ലോണ്‍ എടുത്തു. ഇത്രയും കാര്യങ്ങള്‍ നടന്നിട്ടും വീടെന്നസ്വപ്നം ബാക്കിനിന്നു.

അലക്സ് ബന്ധുക്കളോടും കൂട്ടുകാരോടുമെല്ലാം അനീഷിന്റെ വീടുപണി എങ്ങുമെത്തിയില്ല എന്ന വിവരം പറഞ്ഞതിനെത്തുടർന്ന് അവരെല്ലാവരുംകൂടി രണ്ടരലക്ഷം രൂപ സമാഹരിച്ചുനല്‍കി. കഴിഞ്ഞ ആഴ്ചയാണ് വീടിന് കട്ടിളവെച്ചത്. ബെല്‍റ്റ് കോണ്‍ക്രീറ്റുചെയ്യുന്നതുവരെ പൂർത്തിയായി. ബാക്കി പണികൂടി പൂർത്തിയാക്കാൻ ഇനിയും ഫണ്ട് ആവശ്യമുള്ളതിനാല്‍ അതിനുള്ള ശ്രമത്തിലാണ് അലക്സ്.

RELATED ARTICLES

STORIES

Most Popular