Monday, July 1, 2024
HomeKeralaധ്യാനിക്കാൻ മോദി ഇന്ന് വിവേകാനന്ദപ്പാറയിലേക്ക്; 3 ദിവസം സന്ദര്‍ശകവിലക്ക്, സുരക്ഷയ്ക്ക് 4000 പോലീസുകാര്‍

ധ്യാനിക്കാൻ മോദി ഇന്ന് വിവേകാനന്ദപ്പാറയിലേക്ക്; 3 ദിവസം സന്ദര്‍ശകവിലക്ക്, സുരക്ഷയ്ക്ക് 4000 പോലീസുകാര്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കന്യാകുമാരി വിവേകാനന്ദപ്പാറയില്‍ വ്യാഴാഴ്ച മുതല്‍ മൂന്നുദിവസത്തേക്ക് സന്ദർശകർക്കു വിലക്കേർപ്പെടുത്തി.

കനത്ത സുരക്ഷാസന്നാഹമേർപ്പെടുത്തിയ തീരത്ത് ബുധനാഴ്ച സഞ്ചാരികളെ പരിശോധനയ്ക്കുശേഷമാണ് പാറയിലേക്കു കടത്തിവിട്ടത്. വ്യാഴാഴ്ച വൈകീട്ട് കന്യാകുമാരിയിലെത്തുന്ന പ്രധാനമന്ത്രി ആദ്യം ഭഗവതിക്ഷേത്രത്തില്‍ ദർശനം നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇതിനു മുന്നോടിയായി ഭക്തർക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനു തടസ്സമുണ്ടാകും.

വേനലവധിക്കാലത്തിന്റെ അവസാനനാളുകളിലാണ് പ്രധാനമന്ത്രിയുടെ കന്യാകുമാരി സന്ദർശനം അറിയിച്ചത്. ഉത്തരേന്ത്യക്കാരുള്‍പ്പെടെയുള്ള നിരവധി ടൂറിസ്റ്റുകളെത്തുന്ന സമയമാണിത്. പദ്മനാഭപുരം കൊട്ടാരം, ശുചീന്ദ്രം ക്ഷേത്രം എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൻ തിരക്കാണനുഭവപ്പെട്ടത്. മുൻകൂട്ടി നിശ്ചയിച്ച കന്യാകുമാരി യാത്രയ്ക്ക് പ്രധാനമന്ത്രിയുടെ സന്ദർശനം കാരണം തടസ്സമുണ്ടായേക്കും. നിയന്ത്രണവും പരിശോധനയും ഒഴിവാക്കാൻ അധികം പേർക്കും യാത്ര മാറ്റിെവക്കേണ്ടിവരും. മഴ പെയ്യുന്നതും സന്ദർശകർക്കു പ്രതികൂലമാണ്.

ഡല്‍ഹിയില്‍നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥർ കന്യാകുമാരിയില്‍ ക്യാമ്ബുചെയ്യുന്നുണ്ട്. തമിഴ്നാട് ദക്ഷിണമേഖലാ ഐ.ജി. പ്രവേഷ് കുമാറിന്റെ നിർദേശപ്രകാരം തമിഴ്നാട് പോലീസ് ബുധനാഴ്ച മുതല്‍ നിരീക്ഷണം ശക്തമാക്കി. വിവേകാനന്ദപ്പാറയുടെ അഞ്ച് കിലോമീറ്റർ ചുറ്റളവില്‍ മീൻപിടിത്തത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

സുരക്ഷാക്രമീകരണങ്ങള്‍ക്കായി നാലായിരത്തോളം പോലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. ചെന്നൈ മുതല്‍ കന്യാകുമാരി വരെയുള്ള തീരപ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജില്ലാ അതിർത്തിയിലെ പോലീസ് ഔട്ട്പോസ്റ്റുകളിലും പരിശോധന കർശനമാക്കി. പ്രധാനമന്ത്രി സഞ്ചരിക്കുന്ന ബോട്ടിന്റെ അറ്റകുറ്റപ്പണികള്‍ ബുധനാഴ്ച നടന്നു. അദ്ദേഹം ധ്യാനമിരിക്കുന്ന മണ്ഡപത്തില്‍ എയർ കണ്ടീഷൻ സ്ഥാപിച്ചതുള്‍പ്പെടെ വിവേകാനന്ദ സ്മാരകത്തില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കുന്നുണ്ട്. വ്യാഴാഴ്ച വൈകീട്ട് ആറു മുതല്‍ 45 മണിക്കൂറാണ് പ്രധാനമന്ത്രി വിവേകാനന്ദപ്പാറയില്‍ ധ്യാനത്തിലിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ കന്യാകുമാരി യാത്ര തിരുവനന്തപുരം വഴി

തിരുവനന്തപുരം: കന്യാകുമാരി സാഗരമധ്യത്തിലെ വിവേകാനന്ദപ്പാറയില്‍ ഏകാന്തധ്യാനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ചയെത്തും. 30-ന് വൈകീട്ട് വിവേകാനന്ദപ്പാറയിലെ ധ്യാനമണ്ഡപത്തിലെത്തുന്ന പ്രധാനമന്ത്രി 31-ന് പകലും രാത്രിയും അവിടെ ധ്യാനനിരതനാകും.ജൂണ്‍ ഒന്നിനു വൈകീട്ട് വിവേകാനന്ദപ്പാറയില്‍നിന്നു കരയിലെത്തുന്ന അദ്ദേഹം തിരുവനന്തപുരത്തുനിന്നു വിമാനമാർഗം ഡല്‍ഹിയിലേക്കു മടങ്ങും.

വ്യാഴാഴ്ച വൈകീട്ട് നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഹെലിക്കോപ്റ്ററില്‍ കന്യാകുമാരിയിലേക്കു തിരിക്കുന്ന പ്രധാനമന്ത്രി 4.35-ന് അവിടെയെത്തും. തമിഴ്നാട് ഗസ്റ്റ്ഹൗസിലെ വിശ്രമത്തിനു ശേഷം 5.20-ന് കന്യാകുമാരി പൂംപുഹാർ ബോട്ടുജെട്ടിയില്‍നിന്ന് വിവേകാനന്ദപ്പാറയിലേക്കു പോകും.

5.45-ന് വിവേകാനന്ദപ്പാറയിലെ ധ്യാനമുറിയില്‍ എത്തുന്ന അദ്ദേഹം പിറ്റേന്ന് അവിടെ ധ്യാനത്തിലായിരിക്കും. ജൂണ്‍ ഒന്നിനു വൈകീട്ട് മൂന്നിന് ബോട്ടില്‍ അദ്ദേഹം തീരത്തേക്കു മടങ്ങും. 3.25-ന് ഹെലിക്കോപ്റ്ററില്‍ പുറപ്പെടുന്ന നരേന്ദ്രമോദി 4.05-ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. അവിടെനിന്ന് അദ്ദേഹം ഡല്‍ഹിയിലേക്കു മടങ്ങും.

RELATED ARTICLES

STORIES

Most Popular