Friday, July 5, 2024
HomeKeralaചാലക്കുടി നഗരസഭയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം മുടങ്ങുന്നു

ചാലക്കുടി നഗരസഭയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം മുടങ്ങുന്നു

ചാലക്കുടി: ജല അതോറിറ്റിയില്‍ കരാറുകാരുടെ സമരം ഒരു മാസം പിന്നിട്ടപ്പോള്‍ പൈപ്പ് ലൈൻ അറ്റകുറ്റപ്പണി നടക്കാത്തതിനാല്‍ ചാലക്കുടി നഗരസഭയിലെ ഉയർന്ന പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം മുടങ്ങുന്നതായി പരാതി.

അതേസമയം പ്രശ്നം പരിഹരിക്കാൻ നഗരസഭ ടാങ്കർ ലോറിയില്‍ കുടിവെള്ള വിതരണം നടത്തുന്നുണ്ട്‌.

ജല അതോറിറ്റിയില്‍ അറ്റകുറ്റപണി നടത്തിയ കരാറുകാർക്ക് 18 മാസമായി പണം നല്‍കാത്തതിനാല്‍ സംസ്ഥാന തലത്തില്‍ കരാറുകാർ നടത്തിവരുന്ന സമരം ഒന്നര മാസമാവുകയാണ്. ഇതിനെ തുടർന്ന് നഗരസഭ അതിർത്തിയിലെ ജല അതോറിറ്റിയുടെ അറ്റകുറ്റപണികള്‍ നാളുകളായി നടത്താൻ കഴിയുന്നില്ല.

നിരവധി സ്ഥലങ്ങളില്‍ പൈപ്പ് ലൈനിലുണ്ടാകുന്ന ചോർച്ച തീർക്കാൻ കഴിയാത്തതിനാല്‍, ഉയർന്ന പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം മുടങ്ങുന്നത് പതിവാകുകയാണ്. ഹൈലെവല്‍ കുടിവെള്ള പദ്ധതി പ്രദേശങ്ങളിലെ ഉയർന്ന സ്ഥലങ്ങളായ വി.ആർ. പുരം, ഉറുമ്ബൻകുന്ന് മേഖലകളില്‍, മഴക്കാലമായിട്ടും ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം മുടങ്ങുന്നത് ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം പ്രധാന പൈപ്പ്‌ലൈൻ പൊട്ടിയതിനെ തുടർന്ന് രണ്ട് ദിവസമായി പൂർണമായും കുടിവെള്ള വിതരണം തടസ്സപ്പെട്ടു. ഉദ്യോഗസ്ഥർ തന്നെ മുൻകൈയെടുത്ത് തൊഴിലാളികളെ ഉപയോഗിച്ചാണ് അറ്റകുറ്റപണികള്‍ നടത്തുന്നത്. കരാറുകാരുടെ സമരം അവസാനിപ്പിക്കാൻ സർക്കാരും ജല അതോറിറ്റി അധികൃതരും അടിയന്തര നടപടി സ്വീകരിക്കണമെന്ന് നഗരസഭ യു.ഡി.എഫ് പാർലമെന്ററി പാർട്ടി ആവശ്യപ്പെട്ടു.

RELATED ARTICLES

STORIES

Most Popular