Sunday, April 28, 2024
HomeKeralaഇഎസ്എ അന്തിമ വിജ്ഞാപനം: സംസ്ഥാന സർക്കാർ സമ്മർദ്ദം ചെലുത്തണമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി

ഇഎസ്എ അന്തിമ വിജ്ഞാപനം: സംസ്ഥാന സർക്കാർ സമ്മർദ്ദം ചെലുത്തണമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി

ഇടുക്കി: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇഎസ്എ അന്തിമ വിജ്ഞാപനം വരുമ്പോൾ ജനവാസ മേഖലകൾ പൂർണ്ണമായും ഒഴിവാക്കിയെടുക്കുന്നതിന് സംസ്ഥാന സർക്കാരും ജനപ്രതിനിധികളും സമ്മർദ്ദം ചെലുത്തണമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ജനവാസ കേന്ദ്രങ്ങൾ, കൃഷിയിടങ്ങൾ, തോട്ടങ്ങൾ എന്നിവ പൂർണ്ണമായും ഒഴിവാക്കി 8656.4 ചതുരശ്ര കിലോമീറ്ററായി ഇഎസ്എ പരിമിതപ്പെടുത്തി വിജ്ഞാപനം വേണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സ്വാഗതാർഹമാണ്. എന്നാൽ, ഇത് യാഥാർഥ്യമാകണമെങ്കിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം.

ജണ്ടയിട്ട് വനത്തിന് പുറത്തുള്ള 1337.24 ചതുരശ്ര കിലോമീറ്റർ നോൺ കോർ ഇഎസ്എ ആക്കുന്നതിനുള്ള നീക്കം അംഗീകരിക്കില്ലെന്നും സമിതി ജനറൽ കൺവീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ വ്യക്തമാക്കി. അതേസമയം, പശ്ചിമഘട്ടത്തിലെപരിസ്ഥിതി ലോല മേഖല കോര്‍, നോണ്‍ കോര്‍ ആക്കി തരം തിരിക്കുന്നതില്‍ കേരളം വ്യക്തത തേടിയിരുന്നു. എന്തൊക്കെ ഇളവുകളാണ് നോണ്‍ കോര്‍ വിഭാഗത്തില്‍ ഉണ്ടാവുക എന്നതില്‍ കേന്ദ്രസർക്കാർ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവുമായി നടത്തിയ ചർച്ചക്ക് ശേഷമായിരുന്നു ഇന്നലെ മന്ത്രിയുടെ പ്രതികരണം. 1337 ചതുരശ്ര കിലോമീറ്റർ സ്ഥലം പരിസ്തിഥി ലോല മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന നിലപാടില്‍ തന്നെയാണ് കേരളം ഉള്ളത്. എന്നാല്‍ ഇളവുകളുള്ള നോണ്‍കോര്‍ വിഭാഗമാക്കുന്നതില്‍ കേന്ദ്രതലത്തില്‍ ചർച്ച നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 1377 ചതുരശ്ര കിലോമീറ്റർ സ്ഥലം ജനവാസമുള്ളതാണെന്ന് കേന്ദ്രം തത്വത്തിൽ അംഗീകരിച്ചതായും മന്ത്രി ദില്ലയിൽ പറഞ്ഞു. നിലവിലെ കരട് വിജ്ഞാപനം അനുസരിച്ച് കേരളത്തിലെ 123 വില്ലേജുകളാണ് ഇഎസ്എ ( പരിസ്ഥിതി ലോല മേഖല) പരിധിയിലുള്ളത്.

ഈ 123 വില്ലേജുകളിലായി 13108 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെയാണ് കസ്തൂരിരംഗൻ സമിതി പരിസ്ഥിതി ലോല പട്ടികയിൽ ഉൾപ്പെടുത്തിയത്. കേരളത്തിന്‍റെ പ്രതിഷേധം കണക്കിലെടുത്ത് ഉമ്മൻ വി ഉമ്മൻ സമിതി തയ്യാറാക്കിയ പട്ടിക പ്രകാരം ഇത്  9993.7 ചതുരശ്ര കിലോമീറ്ററായി കുറച്ച് 2018 ഡിസംബറിൽ പുതിയ കരട് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ജനവാസ മേഖലയിൽ വരുന്ന 880 ചതുരശ്ര കിലോമീറ്റര്‍ കൂടി  കുറക്കണമെന്നാണ് ഇപ്പോൾ കേരളത്തിന്‍റെ ആവശ്യം. കേരളത്തിന്റെ ആവശ്യം അംഗീകരിച്ചാൽ നിർമാണപ്രവർത്തനങ്ങൾക്കും വ്യവസായങ്ങൾക്കും കർശന നിയന്ത്രണമുള്ള വില്ലേജുകളുടെ എണ്ണം 92 ആയി കുറയും.

ഇഎസ്എ മേഖലയിൽ ഖനനം, ക്വാറി, മണൽ വാരൽ, താപോർജ്ജ നിലയം, 20,000 ചതുരശ്ര മീറ്റ‌ർ വിസതൃതിയുള്ള നിർമ്മാണങ്ങൾ, ചുവപ്പ് ഗണത്തിലുള്ള വ്യവസായങ്ങൾ എന്നിവയ്ക്ക പൂർണ്ണ നിരോധനമുണ്ട്. നാലാമത്തെ കരട് വിജ്ഞാപനത്തിന്റെ കാലാവധി ഈ മാസം 31നാണ് അവസാനിക്കുക. അതിന് മുമ്പ് അന്തിമ വിജ്ഞാപനം ഇറക്കാനാണ് കേന്ദ്ര സർക്കാരിന്‍റെ ശ്രമം. ഇഎസ്എ പരിധിയിൽ മാറ്റം വരുത്തുന്നത് തടഞ്ഞ് ദേശീയ ഹരിത ട്രൈബ്യൂണൽ 2018ൽ ഉത്തരവിട്ടിരുന്നു, ഇനി ഇതിൽ മാറ്റം വരുത്തണമെങ്കിൽ ട്രൈബ്യൂണലിന്‍റെ അനുമതി വേണ്ടി വരും.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular