Wednesday, May 1, 2024
HomeIndiaആയോധ്യ വിധിക്ക് പിന്നാലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വിരുന്ന്: ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്

ആയോധ്യ വിധിക്ക് പിന്നാലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വിരുന്ന്: ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്

ദില്ലി: അയോധ്യയിൽ തര്‍ക്കഭൂമി സംബന്ധിച്ച കേസില്‍ ഭൂമി ക്ഷേത്ര നിര്‍മ്മാണത്തിന് വിട്ടുകൊടുത്തുകൊണ്ടുള്ള സുപ്രധാന വിധി (Ayodhya verdict) പുറപ്പെടുവിച്ചശേഷം രാത്രി പഞ്ചനക്ഷത്ര ഹോട്ടലിൽ ഡിന്നര്‍ കഴിച്ചെന്നും, അവിടുത്തെ വിലയേറിയ വൈന്‍ കുടിച്ചെന്നും സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസും രാജ്യസഭാ എംപിയുമായ രഞ്ജൻ ഗൊഗോയ് ( ex-CJI Ranjan Gogoi). ജസ്റ്റിസ് ഫോർ ദി ജഡ്ജ് ആത്മകഥയിലാണ് ( Justice for the Judge: An Autobiography) വെളിപ്പെടുത്തൽ.

2019 നവംബർ ഒന്‍പതിന് വിധി പുറപ്പെടുവിച്ചശേഷം സുപ്രീംകോടതി സെക്രട്ടറി ജനറല്‍ ഒരു ഫോട്ടോ സെഷന്‍ ഏര്‍പ്പാടാക്കിയിരുന്നു. സുപ്രീംകോടതിയിലെ കോര്‍ട്ട് നമ്പര്‍ വണ്ണിന് വെളിയിലെ ഗ്യാലറിയിലായിരുന്നു അത്. തുടര്‍ന്ന് താന്‍ തന്നെ ജഡ്ജിമാരെ താജ് മാൻസിങ്ങിൽ കൊണ്ടുപോയെന്നും ചൈനീസ് വിഭവങ്ങളും വിശിഷ്ടമായ വൈനും കഴിച്ചുവെന്നാണ് വെളിപ്പെടുത്തൽ. വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിൽ മുൻ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, മുൻ ജഡ്ജി അശോക് ഭൂഷൺ, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എസ് അബ്ദുൾ നസീർ എന്നിവരുമുണ്ടായിരുന്നു. കൂട്ടത്തില്‍ മുതിര്‍ന്നയാള്‍ എന്ന നിലയില്‍ താനാണ് ആ വിരുന്നിന്‍റെ ബില്ല് അടച്ചത് എന്നും രഞ്ജൻ ഗൊഗോയ് പുസ്തകത്തില്‍ പറയുന്നു.

കേന്ദ്ര സർക്കാരിന് അനഭിമതനായ ജസ്റ്റിസ് അഖിൽ ഖുറേഷിയെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാനുള്ള കൊളീജിയം ശുപാർശ പിൻവലിച്ചത് ഭരണഘടനാ സ്ഥാപനങ്ങൾ തമ്മിലുള്ള സംഘട്ടനം ഒഴിവാക്കാനായിരുന്നു എന്ന് മുന്‍ ചീഫ് ജസ്റ്റിസ് പുസ്തകത്തില്‍ പറയുന്നു. കൊളീജിയത്തിന്‍റെ നിര്‍ദേശത്തിന് പിന്നാലെ 2019 ആഗസ്റ്റില്‍ തന്നെ കേന്ദ്രനിയമ മന്ത്രി ഈ നിയമനത്തില്‍ കേന്ദ്രത്തിനുള്ള എതിര്‍പ്പ് അറിയിച്ച് കത്ത് നല്‍കിയിരുന്നു. ചില വിധികളിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഈ കത്ത്. അത് പിന്നീട് പൊതു സമൂഹത്തില്‍ ചര്‍ച്ചയാകുന്നത് നല്ലതല്ല എന്ന തോന്നലിലാണ് 2019 മെയ് 10ന് അഖിൽ ഖുറേഷിയെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാനുള്ള കൊളീജിയം ശുപാർശ പിന്‍വലിച്ചത്, പുസ്തകം പറയുന്നു.

അതേ സമയം സ്റ്റിസ് അഖിൽ ഖുറേഷിയെ 2021 സെപ്തംബര്‍ മാസം ത്രിപുര ഹൈക്കോടതിയില്‍ നിന്നും രാജസ്ഥാന്‍ ഹൈക്കോടതിയിലേക്ക് ചീഫ് ജസ്റ്റിസായി സ്ഥാനക്കയറ്റം നല്‍കിയ സ്ഥലം മാറ്റിയിട്ടുണ്ട്.

2018ൽ അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയ്ക്കെതിരായ വാർത്താസമ്മേളനത്തിൽ പങ്കെടുത്തത് ശരിയാണെന്ന് വിശ്വസിക്കുന്നു. എന്നാൽ, ജസ്റ്റിസ് ചെലമേശ്വറിന്റെ വീട്ടിൽ ഇത്രയും വലിയ വാർത്താസമ്മേളനമാകും നടക്കാൻ പോകുന്നതെന്ന ധാരണയുണ്ടായിരുന്നില്ല- ആത്മകഥയിൽ പറഞ്ഞു.

തനിക്കെതിരെ സുപ്രീംകോടതി ജീവനക്കാരി ഉന്നയിച്ച ലൈംഗികാതിക്രമ പരാതി പരിഗണിച്ച ബെഞ്ചിൽ അംഗമായത് ശരിയായില്ലെന്നും ബുധനാഴ്ചത്തെ പുസ്തക പ്രകാശ ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular