Thursday, May 9, 2024
HomeIndiaചൈനീസ് ബുള്ളറ്റ് ട്രെയിന്‍ അയല്‍വക്കത്തെത്തി, കേരളത്തില്‍ വികസനപ്പേടിയില്‍ ഗോഗ്വാ വിളി

ചൈനീസ് ബുള്ളറ്റ് ട്രെയിന്‍ അയല്‍വക്കത്തെത്തി, കേരളത്തില്‍ വികസനപ്പേടിയില്‍ ഗോഗ്വാ വിളി

ചൈനീസ് കുതിച്ചു ചാട്ടത്തിന്റെ പ്രതീകമായ ബുള്ളറ്റ്  ട്രെയിൻ ഇന്ത്യയുടെ വടക്കു കിഴക്കേ അതിർത്തി നോക്കിയുള്ള പ്രയാണത്തിൽ ലാവോസ് തലസ്ഥാനമായ വിയന്റിയൻ വരെയെത്തി. ചൈനയുടെ തെക്കു പടിഞ്ഞാറേ പ്രവിശ്യയായ യുവാന്റെ തലസ്ഥാനം കുൻമിംഗ് മുതൽ വിയന്റിയൻ വരെയുള്ള 1000 കിമീ  പാതയിലാണ് മണിക്കൂറിൽ 360  കിമീ വേഗമുള്ള ട്രെയിൻ ഓടിത്തുടങ്ങിയത്.

യുനാൻ വാഴ്‌സിറ്റ്ക്ക് മുമ്പിൽ ജെഎൻയുക്കാരായ വിസിറ്റിംഗ് പ്രൊഫസർമാർ സുരേഷും റിതുവും

ചൈനീസ് പ്രസിഡന്റ്  ഷി ജിൻപിന്നും ലാവോസ്പ്രസിഡന്റ്  തോങ്ലോവൂൻ സിസൗലിത്തും  ചേർന്ന് ഉദ്ഘാടനം  ചെയ്ത ലൈനിനു 600 കോടി ഡോളർ (45000 കോടി രൂപ) മുതൽ മുടക്കുണ്ട്. എഴുപതു ശതമാനവും മുടക്കിയത് ചൈന. തായ്‌ലൻഡ്, മലേഷ്യ വഴി സിംഗപ്പൂരിലേക്കും മ്യാൻമർ, ബംഗ്ളാദേശ് വഴി കൊൽക്കത്തയിലേക്കും അതിവേഗ പാത  നീട്ടാൻ ചൈന  മോഹിക്കുന്നു.

സുരേഷ് കോർണലിൽ; കോർണലിലെ സരോഷ് കുരുവിള, ഹാർവാഡിലെ വേദ വൈദ്യനാഥൻ

യുവാൻ പ്രവിശ്യക്കു ഇന്ത്യയുമായും കേരളവുമായും കുറേ വർഷങ്ങളായി  അടുത്ത ബന്ധം ഉണ്ട്. കുൻമിംഗിലെ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിരവധി ഇന്ത്യക്കാർ പഠിക്കുക്കുന്നു. അവരിൽ ധാരാളം  മലയാളികളുണ്ട്. 150 ഏക്കറിൽ  അത്യാധുനിക സംവിധാനങ്ങളോടെ നടത്തുന്ന മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ 16,000 വിദ്യാർഥികൾ, അദ്ധ്യാപകർ ഉൾപ്പെടെ 10,000  സ്റ്റാഫ്  ഇംഗ്ലീഷ്, ഫ്രഞ്ച്, ജാപ്പനീസ്, വിയറ്റ്നാമീസ് മാധ്യമങ്ങളിൽ ക്ലാസുകൾ നടത്തുന്നു.

ജനത്തിരക്കേറിയ കുൻമിംഗ് നഗരം

ബെൽറ്റ് ആൻഡ് റോഡ് (ബിഎൽആർ) പദ്ധതി പ്രകാരം ഹൈവേകളും റയിൽവേകളും കൊണ്ട് ഏഷ്യയെ ചുറ്റിവരിഞ്ഞു യൂറോപ്പിലേക്ക് വഴിതുറക്കുകയെന്ന ചൈനയുടെ സ്വപ്നം വളരെയേറെ മുന്നോട്ടു പോയിട്ടുണ്ട്. പാക്കിസ്‌ഥാൻ വഴി ഗൾഫിൽ എത്തിച്ചേരാനുള്ള  പദ്ധതിയിലും അവർ മുന്നേറുകയാണ്. ഇറ്റലിയുടെ ലോക സഞ്ചാരി മാർക്കോപോളോ കണ്ടുപിടിച്ച സിൽക്ക് റൂട്ടിന്റെ ചുവടു പിടിച്ചാണ് യൂറോപ്പിലേക്കുള്ളവഴിത്താര ഒരുക്കുന്നത്.

യുനാൻ ഗ്രാമത്തിൽ സുരേഷ്;   സർവകലാശാലാ സിറ്റിയിൽ  ഋതു

എഴുനൂറ്റമ്പതു വർഷം വർഷം മുമ്പ് സിൽക്കും സ്വർണവും തേടി മാർക്കോപോളോ നടത്തിയ യാത്രകൾ  കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ആദ്യത്തെ സമ്പർക്കമായിരുന്നുവെന്നു ചരിത്രം ഘോഷിക്കുന്നു. മലകളും മരുഭൂമികളും താണ്ടി ദുർഗമമായ വഴിത്താര കണ്ടെത്തുകയായിരുന്നു. എന്നാൽ ആസ്ഥിതി ഇന്ന് പാടെ മാറിമറിഞ്ഞു. ആ വഴിയിൽ പുതിയ ജനപഥങ്ങൾ വന്നു, പുതിയ രാഷ്രങ്ങൾ ഉയർന്നു, പുതിയ ഭരണക്രമങ്ങൾ ഉരുത്തിരിഞ്ഞു.

സൺയാട് സെന്നിന്റെ കാലം മുതൽ സ്വന്തംകാലിൽ നിന്നുകൊണ്ട് വളരണം എന്ന ചിന്ത ചൈനയെ നയിച്ചിരുന്നു. കമ്മ്യുണിസ്റ് വിപ്ലകാരികൾ ആ ആശയം വളരെയേറെ മുന്നോട്ടുകൊണ്ടുപോയി. കനത്ത  പുകമറക്കുള്ളിൽ നിന്നുകൊണ്ട് ഭരണകർത്താക്കൾ പുതിയൊരു ജീവിതക്രമം പടുത്തുയർത്തി. വൻകരയുടെ കടലോരത്തുടനീളം 14  സാമ്പത്തിക മേഖലകൾ സൃഷ്ട്ടിച്ചു. പേൾ നദീതടത്തിൽ എണ്ണമറ്റ പുകക്കുഴലുകൾ ഉയർന്നു. അവിടം  “ലോകത്തിന്റെ ഫാക്ടറി”യായി  വികസിപ്പിച്ചു.

കുൻമിംഗ് മെഡിക്കൽ സർവകലാശാലയിലെ മലയാളിവിദ്യാർത്ഥികൾ

ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി വളരുകയും ഫാക്ടറികളില് ഉത്പാദനം ഉൾക്കൊ ള്ളാവുന്നതിലേറെയായി  വർധിക്കുകയും  ചെയ്തപ്പോൾ ആ വികസനം ലോകത്തിന്റെ ഇതര ഭാഗ ങ്ങളിലേക്കു ഒഴുക്കണമെന്നു  ചൈന മോഹിച്ചു. അതിന്റെ ഫലമാണ് 2013ൽ  പ്രസിഡന്റ് ജി ഷിൻപിങ് കസാക്കിസ്ഥാനിലെ നസർബയേവ് യൂണിവേഴ്സിറ്റിയിൽ ആദ്യമായി പ്രഖ്യാപിച്ച ബെൽറ്റ് ആൻഡ് റോഡ് പദ്ധതി.

റോഡും റെയിലും നാഡീ കേന്രങ്ങളായിരുന്ന പദ്ധതിയിൽ   സമുദ്രപാതകളും തുറമുഖങ്ങളും  കൂട്ടിചേർത്തു. മുംബൈയെയും പുണെയെയും ബന്ധിപ്പിക്കുന്ന എട്ടുവരിപ്പാത പോലുള്ള രാജവീഥികൾ നഗരങ്ങളായ നഗരങ്ങളെ സംയോജിപ്പിക്കുന്നതും ആ നഗരങ്ങളിൽ അംബരചുംബികളായ മന്ദിരങ്ങൾ ഉയരുന്നതും ആകർഷകം തന്നെ. അത്തരം നഗരങ്ങളുടെ ചുറ്റുപാടും വൻ ഫാക്ടറികൾ  വരുന്നതും പതിനായിരങ്ങൾക്ക് തൊഴിൽ ലഭിക്കുന്നതും കൊള്ളാം.

 ഇന്ത്യക്കാർ കുൻമിംഗിൽ രക്തദാന പ്രതിജ്ഞയെടുത്തപ്പോൾ

എന്നാൽ അതിനുള്ള സാമ്പത്തിക ശേഷി ഇതര രാഷ്ട്രങ്ങൾക്കു ഇല്ലെങ്കിലോ? ചൈനയിലെ പുതുതായി തുടങ്ങിയ ഏഷ്യൻ ഇൻഫ്രാസ്ട്രക്ച്ചർ ഇൻ ഡവലപ്മെന്റ് ബാങ്ക് വായ്പ നൽകും.  ന്വികസനം കൊണ്ടുവന്നു വായ്പ തിരിച്ചടക്കാൻ സ്വീകർത്താക്കൾക്കു കഴിഞ്ഞില്ലെങ്കിലോ?  അവർ പണയപ്പെടുത്തിയ സ്ഥാവര, ജംഗമ വസ്തുക്കൾ ചൈനയുടേതായി മാറും. ഇത് അവിടത്തെ ജനങ്ങൾ സമ്മതിക്കുമോ?

ഇതാണ് ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുടെ മുമ്പിലുള്ള കാതലായ പ്രശ്‌നമെന്ന് ജെഎൻയുവിലെ മലയാളിയായ ചൈനാ വിദഗ്ധൻ ടി ജി സുരേഷ് സമർഥിക്കുന്നു. കൊച്ചി പോർട്ട് ട്രസ്റ്റിൽ ഉദ്യോഗസ്ഥ
നായിരുന്ന ഇടുക്കി കുളമാവിൽ താഴത്തുപാടത്തിൽ ഗോപാലന്റെ മകനായി ജനിച്ചു മഹാരാജാസ് കോളേജിൽ നിന്ന് ബിരുദവും എംജി യൂണിവേഴ്സിറ്റിയിൽ നിന്ന് എംഎ യും ജെഎൻയുവിൽ  നിന്ന് ചൈനീസ് സ്റ്റഡീസിൽ എംഫിലും പിഎച് ഡി യും നേടിയ ആളാണ്.

 ജിനാൻ വാഴ്സിറ്റി ചിന്ത്യൻ സ്റ്റഡീസ്  തുറന്നപ്പോൾ പ്രൊഫ. രാജു താടിക്കാരനും ഷേർളിയും

ചെങ്ടുവിലെ സിച്ചുവാൻ യൂണിവേഴ്‌സിറ്റിയിൽ അവതരിപ്പിച്ച പ്രബന്ധത്തിലാണ് സുരേഷ്  ഈ നിലപാട് പ്രകടിപ്പിച്ചത്. പ്രബന്ധം പിന്നീട് ബ്രസീലിലെ പ്രശസ്തമായ ഒരു  സാമൂഹ്യ ശാസ്ത്ര ജേർണലിൽ പ്രസിദ്ധീകരിച്ചു.

വൻപദ്ധതികൾക്കായി ആയിരക്കണക്കിന് ഏക്കർ കൃഷിസ്ഥലം ഏറ്റെടുക്കുന്നതിനെതിരായി  ബംഗാളിലെ കർഷകർ നടത്തിയ ഐതിഹാസിക സമരം അവിടെ മൂന്ന് പതിറ്റാണ്ടായി അരക്കിട്ടുരസിപ്പിച്ച് ഭരണം കയ്യാളിയ ഗവർമെന്റിനെ വലിച്ച് താഴെയിട്ടു. കൃഷിയെയും കാർഷിക വിപണനത്തെയും നിയന്ത്രിക്കാൻ മോഡി ഗവർമെന്റ് കൊണ്ട് വന്ന നിയമങ്ങൾ ഒന്നേകാൽ വർഷം നീണ്ടുനിന്ന  സമരത്തിലൂടെ പഞ്ചാബിലെ   കർഷകർ  ചെറുത്തു തോൽപ്പിച്ചു.

ലാവോസ്  വരെ തുറന്ന  ബുള്ളറ്റ് പാതയും ഭാവി പാതകളും കാണിക്കുന്ന ഭൂപടങ്ങൾ 

ജനങ്ങളുടെ ജീവിത സ്വപ്‌നങ്ങൾ എന്തെന്നറിയാതെ നടത്തുന്ന വികസന പദ്ധതികൾ ചെറുത്തു നിൽപ്പുകൾ മൂലം പരാജയപ്പെടുമെന്ന സുരേഷിന്റെ മുന്നറിയിപ്പുകളോടു ചൈനയിൽ തന്നെയുള്ള യൂണിവേഴ്‌സിറ്റി അധ്യാപകരും സ്വതന്ത്ര ചിന്തകരും അടങ്ങിയ ബൗദ്ധിക ലോകം പ്രതികരിച്ചത് ആശാവഹമായ രീതിയിലാണെന്നു ഡോ. സുരേഷ് ഈ ലേഖകനോട് തുറന്നു പറഞ്ഞു.

ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിൽ പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ ചേർന്നിട്ടുണ്ട്. പദ്ധതി പ്രകാരമുള്ള രാജവീഥികൾ ഇന്ത്യയോട് മുട്ടിച്ചേർന്നുള്ള   അതിർത്തികളിൽ വിന്യസിച്ചു കൊണ്ടിരിക്കുന്നു. പദ്ധതിയോടുള്ള  സമീപനം എന്തായിരിക്കുമെന്ന്  ഇന്ത്യ തുറന്നു പറഞ്ഞിട്ടില്ലെങ്കിലും ഏഷ്യയിലെയും ആഫ്രിക്കയിലെയും പല രാജ്യങ്ങളിൽ നിന്നും ഉയരുന്ന  അപശബ്ദങ്ങളിൽ നിന്ന് ഇന്ത്യ പാഠം ഉൾക്കൊള്ളുമെന്നുറപ്പാണ്.

“വികസനം വേണം. പക്ഷെ അത് ജനഹിതം മാനിച്ചുകൊണ്ടുള്ള   വികസനം ആയിരിക്കണം. അങ്ങിനെയൊരു വികസന മാതൃക ഉരുത്തിരിഞ്ഞു വരും, വരണം എന്നാണെന്റെ പക്ഷം,” ജെഎന്യുവിൽ സാമൂഹ്യ ശാസ്ത്ര വിഭാഗത്തിലെ സെന്റർ ഫോർ പൊളിറ്റിക്കൽ സ്റ്റഡീസിൽ അസോഷ്യേറ്റ്  പ്രഫസർ ആയ സുരേഷ് പറയുന്നു.

കേരള സിൽവർലൈൻ–550 കിമീ, നാലൂ മണിക്കൂർ

ചൈനീസ് ഭാഷ മന്ദാരിൻ അറിയാവുന്ന സുരേഷ് നിരവധി തവണ ചൈനയിൽ പഠനപര്യടനങ്ങൾ  ന ടത്തിയിട്ടുണ്ട്. ഫുൾബ്രൈറ്റ്   നെഹ്‌റു വിസിറ്റിംഗ് സ്കോളർ ആയി ന്യുയോർക്കിലെ കോർണൽ സർവകലാശാലയിൽ  പഠനം നടത്തത്തി. ലേബർ സ്റ്റഡീസിൽ ലോക പ്രസിദ്ധനായ എറണാകുളം സ്വദേശി സരോഷ് കുരുവിളയെ കോർണലിൽ വച്ച് പരിചയപെട്ടു. അയോവയിൽ നിന്ന് ബിസിനസ് മാനേജ്‌മെന്റിൽ ഡോക്ട്രേറ് ഉള്ള ആളാണ്.

ഇന്ത്യയും ചൈനയും തമ്മിൽ ഏഷ്യയിലും ആഫ്രിക്കയിലും നടത്തുന്ന മൂലധന നിക്ഷേപ മത്സരങ്ങളെപ്പറ്റി   ബെയ്‌ജിങ്‌   യുണിവേഴ്സിറ്റിയിലും ഹാർവാഡ്-യെഞ്ചിങ്  ഇൻസ്റ്റിറ്റിയൂട്ടിലും ന്യൂ ഡൽഹിയിലെ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ചൈനീസ് സ്റ്റഡീസിലും ഗവേഷണം നടത്തിയ വയനാട്ടു കാരി വേദ വൈദ്യനാഥൻ ആണ് പരിചയവലയത്തിലുള്ള മറ്റൊരു മലയാളി. മുബൈ സർവകലാശാലയിൽ  നിന്ന് ഡോക്ട്രേറ് എടുത്ത വേദ ന്യുയോർക്കിൽ വസിക്കുന്നു.

ജെഎൻയുവിലെ സ്‌കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിന്റെ കീഴിലുള്ള സെന്റർ ഫോർ ഈസ്റ്റ് ഏഷ്യൻ സ്റ്റഡീസിൽ അസോഷ്യേറ്റ് പ്രഫസർ ആയ റിതു അഗർവാൾ ആണ് സുരേഷിൻറെ ഭാര്യ. ചൈനീസ് ഭാഷ പഠിക്കാൻ ബെയ്‌ജിങ്‌ സർവകലാശാലയിലും ഫീൽഡ് വർക്കിനായി യുനാനിലും പോയി. ഗ്വാങ്‌ ഡോങ് പ്രവിശ്യയിലെ ജിനാൻ യൂണിവേഴ്സിറ്റിയിയിലും പഠനം നടത്തി.  മകൾ സാഷ  ഏഴാംക്ളാസ്  വിദ്യാർത്ഥിനി.

ജിനാൻ സേവകലാശാലയിൽ ചിന്ത്യൻ സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിൽ  ഇന്ത്യ-ചൈന പഠനകേന്ദ്രം തുടങ്ങിയപ്പോൾ ഉദ്‌ഘാടനത്തിൽ പങ്കെടുത്ത ഒരു അയൽക്കാരൻ എനിക്കുണ്ട്. എംജി സർവകലാശാലയുടെ സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് ഡയറക്ടർ  ആയിരുന്ന ഡോ. രാജു താടിക്കാരൻ. ഭാര്യ ഷേർളിയും അന്ന് അദ്ദേഹത്തോടൊപ്പം ജിനാൻ സന്ദർശച്ചു .

സർവകലാശാലയുമായി അടുപ്പമുള്ള ഒരു   ബുദ്ധാശ്രമത്തിൽ പോയതും ആശ്രമാചാര്യന്റെ പ്രേരണയിൽ “ശ്രീബുദ്ധൻ  കേരളത്തിൽ” എന്നൊരു പോസ്റ്റർ രാജു വരച്ചതും ഷേർളി ഓർമ്മിക്കുന്നു. 800 വർഷത്തോളം കേരളത്തിൽ ബുദ്ധമതം പ്രചാരത്തിൽ ഉണ്ടായിരുന്നു എന്നാണല്ലോ ചരിത്രം.

ലാവോസ് വരെ ചൈനയുടെ അതിവേഗ ട്രെയിൻ എത്തി എന്നു നാം കണ്ടു. തൊട്ടയൽ വക്കത്തുള്ള   മ്യാൻമർ,  ബംഗ്ളാദേശ്‌  വഴി ഇന്ത്യയുടെ അതിർത്തി വരെ എത്താൻ ചൈന  പദ്ധതിയിടുന്നു. ഈ രണ്ടു രാജ്യങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കാനും അവക്ക് കഴിഞ്ഞിട്ടുണ്ട്. ഏന്നാൽ ഇന്ത്യയും ബംഗ്ളാദേശും തമ്മിൽ അടുപ്പത്തിലാണ്‌. ഇരു രാജ്യങ്ങളും തമ്മിൽ ബ്രിട്ടീഷ് കാലത്തുണ്ടായിരുന്ന റോഡ്, റെയിൽ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുമുണ്ട്.

ഇന്ത്യ-ബംഗ്ളദേശ് റെയിൽവേ വീണ്ടും തുറന്നിട്ട് 13 വർഷങ്ങളായി.  കൊൽക്കത്തയിൽ നിന്ന് ധാക്കവരെ 2008 മുതൽ മൈത്രി എക്പ്രസ് ഓടുന്നു. 400 കിമീ. ദൂരം.  2017 മുതൽ കൊൽക്കത്തയിൽ നിന്ന് ഖുൽനവരെ ബന്ധൻ എക്സ്പ്രസ് സർവീസ് ആരംഭിച്ചു. 172  കിമീ ദൂരം. ബംഗ്ളാദേശിലൂടെ ത്രിപുരയിലെ അഗർത്തല  വരെ ട്രെയിൻ ഓടിക്കാനുള്ള ജോലി പുരോഗമിക്കുന്നു.

കേരളത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 200 കിമീ വേഗത്തിൽ  സിൽവർ ലൈൻ എന്ന സെമി ഹൈസ്പീഡ് ട്രെയിൻ ഓടിക്കാൻ എൽഡിഎഫ് ഗവർമെന്റ് കാലുറപ്പിച്ചു മുന്നോട്ടു പോകുമ്പോൾ പണ്ട് യുഡിഎഫ് ഭരണ കാലത്ത് ആവിഷ്‌ക്കരിച്ച ഈ പദ്ധതിക്കെതിരെ അവർ തന്നെ ഹാലിളക്കം നടത്തുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. വികസനത്തിന് രാഷ്ട്രീയം പാടില്ല എന്നു പ്രസംഗിക്കുകയൂം കാര്യത്തോടടുക്കുമ്പോൾ സമരം പ്രഖ്യാപിക്കുകയുമാണ് കേരളത്തിൽ  ഇടതിന്റെയും വലതിന്റെയും രീതി.

അപ്പോൾ വികസനവിരോധികൾ ആരാണ്? അതിർത്തികൾക്കു അപ്പുറത്തേക്ക് വളരാൻ മോഹിക്കുന്ന കേരള ജനതയെ രാഷ്ട്രീയ തിമരം ബാധിച്ച ഭരണ, പ്രതി പക്ഷങ്ങൾ  എങ്ങോട്ടാണ് നയിക്കുന്നത്?

ലക്ഷക്കണക്കിന് മലയാളികൾ പണിയെടുക്കുന്ന യുഎ ഇ യിൽ നടക്കുന്ന ഭരണ പരിഷ്‌ക്കാരങ്ങൾ ഇവരാരും ശ്രദ്ധിക്കുന്നില്ലേ? ദുബൈയിൽ ഇപ്പോൾ തന്നെ അതിവേഗ മെട്രോ ട്രെയിൻ ഉണ്ട്. ദുബായിയെ അബുദാബിയുമായി ബന്ധിപ്പിക്കുന്ന അതിവേഗ റയിൽപ്പാത പണി തുടങ്ങുന്നതായി അബുദാബി ഭരണകർത്താക്കൾ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.

കുര്യന്‍ പാമ്പാടി

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular