Saturday, April 27, 2024
HomeUSAവലതു പക്ഷ നീക്കം പാളി: സിയാറ്റിലിൽ ക്ഷമ സാവന്ത് വിജയത്തിലേക്ക്

വലതു പക്ഷ നീക്കം പാളി: സിയാറ്റിലിൽ ക്ഷമ സാവന്ത് വിജയത്തിലേക്ക്

സിയാറ്റിൽ സിറ്റി കൗൺസിലംഗം ക്ഷമ സാവന്തിനെ  തിരിച്ചുവിളിക്കാനാകില്ലെന്നാണ് ഇതുവരെയുള്ള സൂചന. വോട്ടെണ്ണലിന്റെ  നാലാം നാൾ,  249 വോട്ടുകളിലേക്ക്  ലീഡ്  വർദ്ധിച്ചതോടെയാണ് വിജയം ഉറപ്പിച്ചത്. 50.3 ശതമാനമാണ്  ലീഡ്. ഡിസംബർ 16 നാണ് വോട്ടെണ്ണൽ പൂർത്തിയാകുന്നത്.

വെല്ലുവിളി ഉണർത്തിയേക്കാവുന്ന  നൂറുകണക്കിന് ബാലറ്റുകൾ വരും ദിവസങ്ങളിൽ എണ്ണപ്പെടാൻ സാധ്യതയുണ്ടെങ്കിലും,  തന്നെ പരാജയപ്പെടുത്താനാവില്ലെന്ന് വ്യക്തമായതായി സാവന്ത് നേരിട്ട് അവരെ പിന്തുണയ്ക്കുന്നവരോട്  വെള്ളിയാഴ്ച രാവിലെ പറഞ്ഞു.

 വൻകിട ബിസിനസുകാർ, വലതുപക്ഷ, കോർപ്പറേറ്റ് മാധ്യമങ്ങൾ, കോടതികൾ, രാഷ്ട്രീയ സ്ഥാപനങ്ങൾ എന്നിവയുടെ സംയുക്ത ശ്രമങ്ങളെ തങ്ങൾ (സോഷ്യലിസ്റ്റുകൾ) പരാജയപ്പെടുത്തിയതായി തോന്നുന്നു എന്നും  സാവന്ത്  അനുയായികളോട് അഭിപ്രായപ്പെട്ടു.

ചൊവ്വാഴ്‌ച  പ്രാരംഭ വോട്ടെണ്ണലിൽ സാവന്ത് ഏറെ പിന്നിലായിരുന്നപ്പോഴും വിജയപ്രതീക്ഷ  കൈവിട്ടിരുന്നില്ല.

ജയിച്ചാലും തോറ്റാലും, ഭരണവർഗം തൊഴിലാളിവർഗത്തെ  പിന്തുടരുന്നത്  മറക്കരുതെന്ന് സാവന്ത്  നേരത്തെ ഓർമ്മപ്പെടുത്തി. തൊഴിലാളിവർഗത്തിന് എങ്ങനെ വിജയിക്കാമെന്ന് മുൻകാലങ്ങളിൽ
ഒന്നല്ല, രണ്ടുതവണ തെളിയിച്ചത് ചൂണ്ടിക്കാട്ടി അത് ആവർത്തിക്കുമെന്ന വിശ്വാസം അവർ പങ്കുവച്ചു.

ഇതാദ്യമായാണ് സിയാറ്റിലിൽ  കൗൺസിൽ അംഗത്തെ റീകോൾ ചെയ്യാനുള്ള  വോട്ടെടുപ്പ് .

സാവന്തിനെ നീക്കം ചെയ്യുന്നതിനായി  ഒരു വർഷത്തിലേറെയായി ‘ റീകോൾ കാമ്പെയ്ൻ’ സജീവമാണ്.
ഐടി പ്രൊഫഷണലായ സാവന്ത് സാമ്പത്തിക ശാസ്ത്ര പഠനത്തിനാണ്  യുഎസിൽ എത്തിയത്. പൊതുപ്രവർത്തക എന്ന നിലയിൽ  സാമൂഹിക നീതിക്കുവേണ്ടി ശബ്ദമുയർത്തിയാണ് സാവന്ത് ജനശ്രദ്ധ ആകർഷിച്ചത്.

 സാവന്ത് 2013-ൽ കൗൺസിലിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത് അന്നത്തെ  സിറ്റിംഗ്  കൗൺസിൽ അംഗം   റിച്ചാർഡ് കോൺലിനെ പരാജയപ്പെടുത്തിയാണ്.
വാടക നിയന്ത്രണത്തിനുവേണ്ടിയും  മണിക്കൂറിന് $15 മിനിമം വേതനത്തിനു വേണ്ടിയും  വാദിച്ചുകൊണ്ടാണ് സാവന്ത്  സിയാറ്റിലെ  രാഷ്ട്രീയരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്.

2015-ൽ നഗരത്തിൽ  ഏഴ് ഡിസ്ട്രിക്ടുകൾ രൂപീകരിച്ചപ്പോൾ സാവന്ത് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു, ക്യാപിറ്റോൾ ഹിൽ, സെൻട്രൽ ഡിസ്ട്രിക്റ്റ്, ഫസ്റ്റ് ഹിൽ, മാഡിസൺ പാർക്ക്, ലിറ്റിൽ സൈഗോൺ, മഡ്രോണ , മൗണ്ട് ബേക്കർ എന്നിവയുൾപ്പെടുന്ന ഡിസ്ട്രിക്റ്റ് 3-യുടെ  പ്രതിനിധിയായി 2019-ൽ  വിജയം ആവർത്തിച്ചു.

സോഷ്യലിസ്റ്റ് ആൾട്ടർനേറ്റീവ് അംഗവും അമേരിക്കയിലെ പൊതു ഓഫീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെയും പാർട്ടിയിലെ ഏക അംഗവുമാണ് സാവന്ത്. അധികാര ദുർവിനിയോഗമാണ് ഇവർക്കെതിരെ ഉയർന്നിരിക്കുന്ന പ്രധാന ആരോപണം. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നഗര ഫണ്ട് ദുരുപയോഗം ചെയ്തെന്നും കോവിഡ് നിയന്ത്രണങ്ങൾ അവഗണിച്ചെന്നും ഉൾപ്പെടെയുള്ള ആരോപണങ്ങളാണ്  ഉന്നയിക്കപ്പെട്ടത്.

തിരിച്ചുവിളിക്കൽ ശ്രമം രാഷ്ട്രീയ പ്രേരിതമാണെന്ന് കാണിച്ച്  ഹർജി തള്ളാൻ സാവന്ത്  2021 ഏപ്രിലിൽ മേൽക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഉയർന്ന ആരോപണങ്ങൾ  തിരിച്ചുവിളി അഭിമുഖീകരിക്കാൻ മതിയായവയാണെന്ന്  വാഷിംഗ്ടൺ സുപ്രീം കോടതി വിധിച്ചു.

2021 സെപ്തംബർ 8-ന് തിരിച്ചുവിളിക്കൽ ഹർജിയെ പിന്തുണയ്ക്കുന്നവർ ഒപ്പ്  ശേഖരിച്ച് സമർപ്പിക്കുകയും ഒക്ടോബർ 19 സമയപരിധിയായി നിശ്ചയിക്കുകയും ചെയ്തിരുന്നു.

വോട്ടെടുപ്പിന് മുന്നോടിയായി 16,273 ഒപ്പുകൾ സമർപ്പിച്ചതായി  ‘റീകോൾ  സാവന്ത് ക്യാമ്പയിൻ ‘ അവകാശപ്പെടുന്നു.

2013 ൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടതുമുതൽ, അധ്വാനിക്കുന്ന ജനവിഭാഗത്തിനുവേണ്ടി സാവന്ത് പോരാടിയിരുന്നു. തിരിച്ചുവിളിക്കൽ ഹർജിക്ക് പിന്നിൽ വലതുപക്ഷ ഗ്രൂപ്പാണെന്ന വാദം അതിനാൽ തന്നെ ശക്തമാണ്. വെർമോണ്ടിൽ നിന്നുള്ള മുതിർന്ന സെനറ്റർ ബെർണി സാൻഡേഴ്‌സ് ഉൾപ്പെടെയുള്ളവർ സാവന്തിനെ പിന്തുണയ്ക്കുന്നു.

 സോഷ്യലിസ്റ്റ് സമൂഹത്തിനായുള്ള  പോരാട്ടമാണ്  സാവന്തിനെ  കോർപ്പറേറ്റുകളുടെയും വലതുപക്ഷത്തിന്റെയും വിരോധത്തിന് പാത്രമാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular