Friday, May 3, 2024
HomeUSAയു.എസ് ബാങ്കുകള്‍ മരവിപ്പിച്ച 10 ബില്യണ്‍ ഡോളര്‍ അനുവദിക്കണം ; അമേരിക്കയോട് താലിബാന്‍

യു.എസ് ബാങ്കുകള്‍ മരവിപ്പിച്ച 10 ബില്യണ്‍ ഡോളര്‍ അനുവദിക്കണം ; അമേരിക്കയോട് താലിബാന്‍

കാബൂള്‍: യു.എസ് ബാങ്കുകളിലെ അഫ്ഗാന്‍ സര്‍ക്കാറിന്‍റെ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപം മരവിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന അഭ്യര്‍ഥനയുമായി താലിബാന്‍ രംഗത്ത് .

അഫ്ഗാന്‍ ഭരണകൂടവുമായി അമേരിക്ക സൗഹൃദബന്ധം സ്ഥാപിക്കണമെന്നും താലിബാന്‍ ഭരണകൂടം അഭ്യര്‍ഥിച്ചു.

താലിബാന്‍ അഫ്ഗാന്‍ കീഴടക്കിയപ്പോഴാണ് യു.എസ് ബാങ്കുകളിലെ 10 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം മരവിപ്പിച്ചത്. താലിബാന്‍ അധികാരത്തിലേറിയതിന് പിന്നാലെ അഫ്ഗാന്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് സര്‍ക്കാറിന്‍റെ അഭ്യര്‍ഥന.

‘യു.എസ് ഒരു വലിയ രാജ്യമാണ്. മഹത്തായ രാജ്യമാണ്. നിങ്ങള്‍ക്ക് ഏറെ ക്ഷമയും സഹൃദയത്വവും ഉണ്ടായിരിക്കണം. ഭിന്നതകള്‍ അവസാനിപ്പിച്ച്‌ ഞങ്ങളുമായുള്ള അകലം കുറയ്ക്കണം’ -അഫ്ഗാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്താഖി അസോസിയേറ്റഡ് പ്രസ്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. യു.എസ് ഞങ്ങളുടെ നേര്‍ക്കുള്ള നയം മാറ്റുമെന്നാണ് പ്രതീക്ഷ. പണം അനുവദിച്ചാല്‍ ആയിരക്കണക്കിനാളുകള്‍ക്ക് അത് സഹായകമാകും -അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ആഗസ്റ്റില്‍ താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ അമേരിക്ക അടക്കം വിവിധ രാജ്യങ്ങള്‍ അഫ്ഗാനിസ്ഥാന് നല്‍കിവന്ന സാമ്ബത്തിക സഹായം നിര്‍ത്തലാക്കിയിരുന്നു. ഭരണമാറ്റവും അനിശ്ചിതാവസ്ഥയും എല്ലാം ചേര്‍ന്ന് അഫ്ഗാനെ കനത്ത സാമ്ബത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിയിട്ടത്.

അഫ്ഗാനിസ്താന്‍ വലിയ മാനുഷിക പ്രതിസന്ധിയാണ് നേരിടുന്നതെന്നാണ് യു.എന്‍ മുന്നറിയിപ്പ് . മറ്റ് രാഷ്ട്രങ്ങളുടെ ഉപരോധവും നിസ്സഹകരണവും സ്വത്ത് മരവിപ്പിക്കലും ചേര്‍ന്ന് സാമ്ബത്തിക മേഖല തകര്‍ച്ചയുടെ വക്കിലാണ്. ബാങ്കിങ് മേഖല തകര്‍ന്നതോടെ സമ്ബദ് വ്യവസ്ഥ നിശ്ചലമായതായി അഫ്ഗാനിലെ യു.എന്‍ മനുഷ്യാവകാശ സംഘടനയുടെ ഡെപ്യൂട്ടി ഹൈകമീഷണര്‍ നദ അല്‍-നാഷിഫ് ചൂണ്ടിക്കാട്ടി. ദാരിദ്ര്യവും വരള്‍ച്ചമൂലമുള്ള പട്ടിണിയും വ്യാപകമാവുന്നതിനിടെ അഫ്ഗാനിസ്ഥാനുള്ള സാമ്ബത്തിക സഹായം തുടരാന്‍ ആഗോള ഫണ്ടിങ് ഏജന്‍സികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തീരുമാനമെടുത്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular