Wednesday, May 8, 2024
HomeUSAനാലാമത്തെ ഡോസിനെക്കുറിച്ച് ആലോചിക്കുന്നതായി ഫൗച്ചി (കോവിഡ് വാർത്തകൾ)

നാലാമത്തെ ഡോസിനെക്കുറിച്ച് ആലോചിക്കുന്നതായി ഫൗച്ചി (കോവിഡ് വാർത്തകൾ)

നിലവിൽ അംഗീകരിച്ച  ബൂസ്റ്റർ ഡോസിന്റെ  ഉപയോഗം കോവിഡ് വകഭേദങ്ങൾ മൂലമുള്ള  സങ്കീർണതകൾ എത്രത്തോളം തടയുന്നു എന്നതിനെക്കുറിച്ച് കൂടുതൽ ഗവേഷണം ആവശ്യമാണെങ്കിലും, ഒമിക്‌റോൺ വേരിയന്റിൽ നിന്ന് സംരക്ഷിക്കാൻ വാക്‌സിന്റെ നാലാമത്തെ ഡോസ് ശുപാർശ ചെയ്യുന്ന കാര്യം ആലോചിക്കുന്നതായി ഡോ. ആന്റണി ഫൗച്ചി  ബുധനാഴ്ച പറഞ്ഞു.

നാലാമത്തെ ഷോട്ടിനെക്കുറിച്ച് ആലോചിക്കുന്നതിന് മുൻപേ ഇപ്പോഴുള്ള ബൂസ്റ്റർ എംആർഎൻ വാക്സിനുകളുടെ  മൂന്നാം ഡോസ്  ബൂസ്റ്ററും ജോൺസൺ & ജോൺസണിന്റെ രണ്ടാമത്തെ ഡോസ് ബൂസ്റ്ററും നൽകുന്ന സംരക്ഷണത്തിന്റെ ദൈർഘ്യം നിർണ്ണയിക്കേണ്ടത്  വളരെ പ്രധാനമാണെന്ന് ഫൗച്ചി കൂട്ടിച്ചേർത്തു. എന്നാൽ, വേരിയന്റിനെതിരെ കൂടുതൽ സംരക്ഷണം ആവശ്യമായി വരാൻ സാധ്യതയുണ്ടെന്ന സൂചനയും അദ്ദേഹം പങ്കുവച്ചു. ശാസ്ത്രീയ ഡാറ്റയെ അടിസ്ഥാനമാക്കി തീരുമാനങ്ങൾ എടുക്കുമെന്നും ഫൗച്ചി വ്യക്തമാക്കി.

വാക്‌സിനുകൾ നൽകുന്ന പ്രതിരോധശേഷിയെ  ഒമിക്‌റോൺ മറികടക്കുന്നു എന്നും ഫൗച്ചി  മുന്നറിയിപ്പ് നൽകി. ഇതാണ്, രോഗനിരക്ക് കൂടാൻ കാരണം.
നിലവിൽ, രാജ്യത്തൊട്ടാകെയുള്ള പുതിയ കേസുകളുടെ ഏഴ് ദിവസത്തെ ശരാശരി പ്രതിദിനനിരക്ക്  240,400 ആണ്. ഇത് മുൻ ആഴ്‌ചയേക്കാൾ 60% വർധിച്ചതായി സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറഞ്ഞു.
കേസുകൾ വർദ്ധിക്കുന്നതിനാൽ, വിപുലമായ  പുതുവത്സര ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനെതിരെ ഫൗച്ചി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വാക്സിനേഷൻ എടുത്ത ആളുകളുമായി ചെറിയരീതിയിൽ  വീടുകളിൽ തന്നെ ഒത്തുചേരാനാണ് നിർദ്ദേശം.

സിഡിസിയുടെ നിർദ്ദേശത്തെ വാലെൻസ്‌കി ന്യായീകരിച്ചു 

സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ പുതൂക്കിയ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, ഐസൊലേഷൻ അവസാനിപ്പിക്കാൻ നെഗറ്റീവ് കോവിഡ് പരിശോധനാഫലം ആവശ്യമല്ലെന്നതിന് ഡയറക്ടർ ഡോ. റോഷെൽ വാലെൻസ്‌കി കൃത്യമായ വിശദീകരണം നൽകി. പിസിആർ ടെസ്റ്റുകളിൽ 12 ആഴ്ച വരെ ഫലം  പോസിറ്റീവ് ആയി കാണിക്കുമെന്നാണ് വാലെൻസ്‌കി പറഞ്ഞത്. പി‌സി‌ആർ റെസ്റ്റിനെ ആശ്രയിക്കുകയാണെങ്കിൽ ആളുകൾ വളരെക്കാലം ഐസൊലേഷനിൽ കഴിയേണ്ടിവരുമെന്നും അവർ കൂട്ടിച്ചേർത്തു.

യുഎസിലെ റാപ്പിഡ് ആന്റിജൻ ടെസ്റ്റുകളുടെ ലഭ്യതയും പുതിയ നിർദ്ദേശവുമായി ബന്ധമൊന്നുമില്ലെന്നും സിഡിസി ഡയറക്ടർ വ്യക്തമാക്കി.

റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ കരാറിൽ വൈറ്റ് ഹൗസ് ഉടൻ  ഒപ്പുവയ്ക്കില്ല 

യുഎസിൽ കോവിഡ് നിരക്ക് റെക്കോർഡ് നിലയിൽ തുടരുന്ന നിലവിലെ സാഹചര്യത്തിലും  500 മില്യൺ കോവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ കരാറിൽ ബൈഡൻ ഭരണകൂടം ഉടൻ ഒപ്പുവയ്ക്കില്ലെന്ന് വൈറ്റ് ഹൗസ് കൊറോണ വൈറസ് പ്രതികരണ കോർഡിനേറ്റർ ജെഫ് സിയന്റ്‌സ്  സമ്മതിച്ചു.

ഡിസംബർ 20-ന് ഒമിക്‌റോൺ വേരിയന്റിനെതിരെ പോരാടാനുള്ള പദ്ധതി വിശകലനം ചെയ്തു തുടങ്ങിയെങ്കിലും , ടെസ്റ്റുകൾ ലഭ്യമാക്കുന്നതിനുള്ള പ്രക്രിയ ആരംഭിക്കാൻ വൈറ്റ് ഹൗസിന് ഏകദേശം മൂന്നാഴ്ചയെടുക്കുമെന്ന് സിയന്റ്‌സ് വിശദീകരിച്ചു.

കമ്പനികൾ വിവരങ്ങൾ സമർപ്പിക്കുന്നുണ്ടെന്നും , അടുത്ത ആഴ്ച അവസാനത്തോടെ കരാർ പൂർത്തിയാകുമെന്ന്  പ്രതീക്ഷിക്കുന്നതായും വെർച്വൽ ബ്രീഫിംഗിൽ അദ്ദേഹം  മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ആദ്യ ഡെലിവറികൾ ജനുവരിയിൽ ആരംഭിക്കുമെന്നും ടെസ്റ്റ് കിറ്റുകൾ അമേരിക്കക്കാർക്ക് സൗജന്യവും സുഗമവുമായി  എത്തിക്കുന്നതിന് പുതിയ വെബ്‌സൈറ്റ് ഉൾപ്പെടെയുള്ള  സംവിധാനം സജ്ജീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒമിക്രോണിനെ മറികടന്ന് ഡെൽറ്റ വീണ്ടും പ്രബലമാകുന്നോ?

സി‌ഡി‌സി ഡാറ്റ പ്രകാരം തിങ്കളാഴ്ച 441,000 പുതിയ അണുബാധകൾ യു‌എസിൽ രേഖപ്പെടുത്തി. 2021 ജനുവരി 8 ന് 294,000 കേസുകൾ എന്ന  മുൻകാല റെക്കോർഡാണ് മറികടന്നത്.
ഭൂരിപക്ഷം അമേരിക്കക്കാർക്കും വാക്സിനേഷൻ നൽകിയിട്ടും ഇത്തരത്തിൽ രോഗനിരക്ക് ഉയർന്നത് ആശങ്കാജനകമാണ്.
സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ കണക്കുകൾ പ്രകാരം  ഒമിക്രോൺ കേസുകളുടെ കണക്ക്  ക്രിസ്മസ് ദിനത്തിലെ അപേക്ഷിച്ച് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
കോവിഡ് കേസുകളിൽ  73 ശതമാനവും ഒമിക്രോൺ റിപ്പോർട്ട് ചെയ്തതിൽ നിന്ന് ഇപ്പോൾ ഏകദേശം 59 ശതമാനമായി കുറഞ്ഞെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഡിസംബർ 18-ലെ കണക്കനുസരിച്ച്,  22.5 ശതമാനം മാത്രമായിരുന്നു ഒമിക്രോൺ കേസുകൾ.

ഒമിക്രോൺ  വ്യാപനത്തെക്കുറിച്ചുള്ള സിഡിസിയുടെ പുതിയ കണക്ക് കൃത്യമാണെങ്കിൽ, നിലവിൽ ആശുപത്രികളിൽ ചികിത്സ തേടുന്ന കോവിഡ് രോഗികളിൽ ഏറെയും ഡെൽറ്റ ബാധിതർ ആയിരിക്കാമെന്ന്  മുൻ എഫ്ഡിഎ ചീഫ് സ്കോട്ട് ഗോട്‌ലീബ് അഭിപ്രായപ്പെട്ടു.

ഒമിക്‌റോൺ കുതിപ്പുമൂലം ബേ ഏരിയ കൗണ്ടികളിൽ  ഇൻഡോറിലും മാസ്‌ക് നിർബന്ധമാക്കുന്നു 

സാൻഫ്രാൻസിസ്കോ, ഡിസംബർ 30: ഒമിക്‌റോൺ മൂലം കോവിഡ് കേസുകൾ ഉയരുന്നതിനാൽ,  കാലിഫോർണിയയിലെ സാൻഫ്രാൻസിസ്കോയിലും  മറ്റ് ബേ ഏരിയ കൗണ്ടികളിലും ഇൻഡോറിലും മാസ്ക് നിർബന്ധമാക്കുന്നു.  ഓഫീസുകളും ജിമ്മുകളും പോലുള്ള ഇൻഡോർ  ക്രമീകരണങ്ങളിൽ പൂർണ്ണമായും വാക്സിനേഷൻ എടുത്ത ആളുകൾക്ക് മാസ്ക്  ധരിക്കുന്നതിന് നൽകിയിരുന്ന ഇളവുകൾ പിൻവലിക്കുമെന്നാണ്  പ്രഖ്യാപനം.

കാലിഫോർണിയയിൽ മാസ്‌ക് മാൻഡേറ്റ് പുനഃസ്ഥാപിച്ചതിനെത്തുടർന്ന് സാൻ ഫ്രാൻസിസ്കോ, മരിൻ, അലമേഡ കൗണ്ടികൾ രണ്ടാഴ്ച മുമ്പ് ഏർപ്പെടുത്തിയ ഇളവുകൾ ബുധനാഴ്ച റദ്ദാക്കി. കൗണ്ടികളുടെ പുതിയ ഉത്തരവുകൾ വ്യാഴാഴ്ച ഉച്ചയ്ക്ക് 12:01 മുതൽ പ്രാബല്യത്തിൽ വരും.ചൊവ്വാഴ്ച ഇളവുകൾ പിൻവലിക്കാൻ കോൺട്രാ കോസ്റ്റ കൗണ്ടി സമാനമായ നീക്കം നടത്തിയിരുന്നു.

സാൻ ഫ്രാൻസിസ്കോ ചൊവ്വാഴ്ച നഗരത്തിൽ നടത്താനിരുന്ന പുതുവത്സര വെടിക്കെട്ട് പ്രദർശനം റദ്ദാക്കി.
സാൻ ഫ്രാൻസിസ്കോയിൽ ചൊവ്വാഴ്ച  805 കേസുകൾ റിപ്പോർട്ട് ചെയ്തു, ഇത് എക്കാലത്തെയും ഉയർന്ന പ്രതിദിന നിറക്കാണ്.
പലരും ഹോം ആന്റിജൻ ടെസ്റ്റുകൾ നടത്തുകയും ഫലങ്ങൾ റിപ്പോർട്ട് ചെയ്യാതിരിക്കുകയും ചെയ്യുന്നതിനാൽ യഥാർത്ഥ സംഖ്യ ഇതിലും കൂടുതലായിരിക്കുമെന്ന്  സാൻ ഫ്രാൻസിസ്കോ ക്രോണിക്കിൾ  റിപ്പോർട്ടിൽ പറയുന്നു.

കാനഡയിൽ കോവിഡ്  കേസുകൾ വർദ്ധിക്കുന്നു

ഒട്ടവ, ഡിസംബർ 30 : കാനഡയിൽ പുതിയ  23,585 കോവിഡ്  കേസുകൾ റിപ്പോർട്ട് ചെയ്തു. ആദ്യമായാണ് പ്രതിദിനം 20,000-ത്തിലധികം കേസുകൾ രേഖപ്പെടുത്തുന്നത്. ഇതുവരെ രാജ്യത്ത് ആകെ  2,094,042 കേസുകളും , 30,231 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഒമിക്രോൺ  വേരിയന്റ് നിയന്ത്രണാതീതമായതാണ്  കാനഡയിൽ പ്രതിദിന കേസുകൾ റെക്കോഡ് നിലയിലേക്ക്  ഉയർന്നതിന്റെ കാരണം.

ക്യൂബെക്ക് പ്രവിശ്യയിൽ  ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ്  കേസുകളുടെ എണ്ണം ബുധനാഴ്ച റിപ്പോർട്ട് ചെയ്തു-13,149 പുതിയ കേസുകളും 10 പുതിയ മരണങ്ങളും.പ്രവിശ്യയിലെ ആകെ കേസുകൾ 572,419 ആയും കോവിഡ് മരണങ്ങൾ 11,702 ആയും ഉയർന്നു.
ആശുപത്രിയിൽ ചികിത്സ തേടുന്ന കോവിഡ് രോഗികളുടെ എണ്ണവും  അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28 ശതമാനമായി ഉയർന്നു,
ഒമിക്രോൺ  മൂലം മറ്റൊരു തരംഗമുണ്ടായാൽ അതിനെ നേരിടാൻ പ്രവിശ്യയിലുടനീളമുള്ള 800 ആശുപത്രി കിടക്കകൾ ക്യൂബെക്ക് ഗവണ്മെന്റ് അറിയിച്ചു. ബുധനാഴ്ച, പ്രവിശ്യയിൽ 804 കോവിഡ്  രോഗികളാണ് ആശുപത്രികളിൽ ഉണ്ടായിരുന്നത്.ഐസിയുവിന് പുറത്ത് ആകെ 682 രോഗികളും ഐസിയുവിൽ 122 പേരും ഉണ്ടെന്നും റിപ്പോർട്ട് ചെയ്തു.

ആശുപത്രി ശേഷി ഐസിയുവിന് പുറത്ത് 825 കിടക്കകളും 210 ഐസിയു കിടക്കകളും ആയി സർക്കാർ ഉയർത്തി.
ടെസ്റ്റ്  പോസിറ്റീവായ  ശേഷവും ചില ആരോഗ്യ പ്രവർത്തകരോട് ജോലിയിലേക്ക് മടങ്ങാൻ ആവശ്യപ്പെടുമെന്ന് ക്യൂബെക്ക് ആരോഗ്യ മന്ത്രി ക്രിസ്റ്റ്യൻ ഡ്യൂബ് ചൊവ്വാഴ്ച പറഞ്ഞു.
ക്യൂബെക്കിലുടനീളം 78,000-ത്തിലധികം കൊറോണ വൈറസ് കേസുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏകദേശം 9,000 കേസുകളുടെ വർദ്ധനവാണുണ്ടായത്.

പ്രവിശ്യയുടെ പല ഭാഗങ്ങളിലും  ടെസ്റ്റ് നടത്താൻ  വളരെ ബുദ്ധിമുട്ടുള്ളതിനാലും, റാപ്പിഡ് ടെസ്റ്റ് ഫലങ്ങൾ  ഔദ്യോഗികമായുള്ള രോഗികളുടെ  എണ്ണത്തിന്റെ ഭാഗമല്ലാത്തതിനാലും, യഥാർത്ഥ കേസുകളുടെ എണ്ണം പ്രസിദ്ധപ്പെടുത്തുന്നതിലും കൂടുതലാണെന്ന് ക്യൂബെക്ക് സർക്കാർ ആവർത്തിച്ച് സമ്മതിച്ചിട്ടുണ്ട്.
ബുധനാഴ്ച, ഒന്റാറിയോ പ്രവിശ്യയിൽ  10,436 പുതിയ കേസുകളും 15 അധിക മരണങ്ങളും റിപ്പോർട്ട് ചെയ്തു.  ആകെ കേസുകൾ 725,841 ആയും മരണങ്ങൾ 10,171 ആയും ഉയർന്നു.
കേസുകളുടെ ഏഴ് ദിവസത്തെ ശരാശരി 9,183 ആയി. കഴിഞ്ഞയാഴ്ച ഈ സമയം 3,520 ആയിരുന്നു, രണ്ടാഴ്ച മുമ്പ് 1,514 ആയിരുന്നു.

പി‌സി‌ആർ ടെസ്റ്റുകളുടെ ദൗർലഭ്യം കണക്കിലെടുത്ത് സമീപ ദിവസങ്ങളിൽ കേസുകളുടെ എണ്ണം യഥാർത്ഥ എണ്ണത്തേക്കാൾ കുറവാകാൻ  സാധ്യതയുണ്ടെന്ന് ഒന്റാറിയോ ഗവണ്മെന്റ്  പറഞ്ഞു. പ്രവിശ്യയുടെ പോസിറ്റിവിറ്റി നിരക്ക് 26.9 ശതമാനമാണ്, മഹാമാരി  ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular