Saturday, April 27, 2024
HomeUSAഏത് മഹാമാരിയായലും പുതുവർഷത്തിന് പുലരാതിരിക്കാൻ ആവില്ലല്ലോ? ഹാപ്പി ന്യു ഇയർ (ശ്രീകുമാർ ഉണ്ണിത്താൻ)

ഏത് മഹാമാരിയായലും പുതുവർഷത്തിന് പുലരാതിരിക്കാൻ ആവില്ലല്ലോ? ഹാപ്പി ന്യു ഇയർ (ശ്രീകുമാർ ഉണ്ണിത്താൻ)

കോവിഡ് മഹാമാരിയിൽ വിറങ്ങലിച്ച് നിൽക്കുമ്പോഴും ശുഭപ്രതീക്ഷയോടെ പുതുവത്സരത്തെ വരവേൽക്കാനൊരുങ്ങുകയാണ് ലോകം. സന്തോഷത്തിൻ്റെയും ശാന്തിയുടെയും പുതുപ്പുലരി പടിക്കൽ എത്തിനിൽക്കുമ്പോൾ പ്രിയപ്പെട്ടവര്‍ക്ക് ആശംസകൾ നേർന്നും ആഘോഷങ്ങൾ സംഘടിപ്പിച്ചും പുതുവത്സരത്തെ സ്വാഗതം ചെയ്യാൻ ഏവരും തയ്യാർ എടുത്തു കഴിഞ്ഞു.

പുതുവത്സര രാവ് വളരെ അടുത്ത് എത്തി. പടക്കങ്ങൾ പൊട്ടിത്തെറിക്കാൻ പോകുന്നു. ലോകമെമ്പാടും വർഷത്തിൽ ഏറ്റവും ആഘോഷിക്കപ്പെടുന്ന ദിവസമാണിത്. സന്തോഷകരമായ പുതുവത്സര സന്ദേശങ്ങളും ആശംസകളും ആളുകൾക്ക് അവരുടെ വികാരങ്ങളും അഭിലാഷങ്ങളും പ്രകടിപ്പിക്കുന്നതിനുള്ള ഒരു  മാർഗമാണ്. സന്തോഷത്തിൻ്റെയും ശാന്തിയുടെയും പുതുവര്‍ഷത്തുടക്കത്തിൽ പ്രിയപ്പെട്ടവര്‍ക്ക് ആശംസകൾ കൈമാറാം.

ഓരോ വർഷത്തിന്റെയും ആരംഭം നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിലേക്ക് ഒരു ചുവടുവെപ്പ് നടത്തുന്നു. ഈ വർഷം ഒരു വഴിത്തിരിവായിരിക്കുമെന്നും, നിങ്ങളുടെ സ്വപ്നങ്ങൾ ഒടുവിൽ യാഥാർത്ഥ്യമാകുമെന്നും നമ്മൾ  പ്രതീക്ഷിക്കുന്നു. പുതിയ ഒരു  ജീവിതത്തിന്റെ പ്രതീക്ഷയും, നിറവുമാണ് ഓരോ  പുതു വത്സരവും നമുക്ക് സമ്മാനിക്കുന്നത്.

പോകുന്ന  വർഷം നിങ്ങൾക്ക് സന്തോഷിക്കാനും അഭിമാനിക്കാനും എന്തെങ്കിലും നൽകിയിട്ടില്ലെങ്കിൽ, വിഷമിക്കേണ്ട. ഡിസംബർ 31 എന്നത് ഒരു വർഷത്തിന്റെ അവസാനത്തെ അർത്ഥമാക്കുന്നുവെങ്കിൽ, ജനുവരി 1 എന്നാൽ ആരംഭമാണ്. നിങ്ങൾക്ക് ജീവിതമുണ്ട്, നിങ്ങൾക്ക് പ്രതീക്ഷയുണ്ട്,  നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നേടുവാൻ  ഒരു പുതു വർഷം  കടന്ന് വരുകയാണ്.

പിന്നിട്ടു  പോകുന്ന  വര്‍ഷത്തെപറ്റിയുള്ള വിശകലനങ്ങളും, തിരിഞ്ഞുനോട്ടവും, ഗുണദോഷങ്ങള്‍ വിലയിരുത്തലും നടത്തേണ്ടുന്നത്  ഒരു സമൂഹത്തിന്‌ ആവശ്യമാണ്‌. വീഴ്‌ചകള്‍ പാഠമാകാന്‍, തെറ്റുകള്‍ തിരുത്താന്‍, മികവുകള്‍ വളര്‍ത്താന്‍ തുടര്‍ ജീവിതത്തിലേക്ക്‌ ആസൂത്രണം ചെയ്യാന്‍ അങ്ങനെ  വർഷാവസാനത്തിന്റെ  ഒരു കണക്കെടുപ്പ് ജീവിതത്തിലും ആവശ്യമാണ്.  പോയ വര്‍ഷം ഏറെ കഷ്ടതകള്‍ ഓരോരുത്തര്‍ക്കും സമ്മാനിച്ചുവെങ്കിലും വരും വര്‍ഷം ആ കഷ്ടതകളൊക്കെ മായ്ക്കുന്ന,  നമ്മുടെ  ആഗ്രഹങ്ങൾക്ക് അനുസരിച്ചുള്ള ഒരു വർഷമാക്കാനും  നമുക്ക് ശ്രമിക്കാം.

വിലയിരുത്തല്‍ ഇല്ലാത്ത ഒരു പ്രവര്‍ത്തനവും വിജയത്തിലെത്തിച്ചേരില്ല എന്നാണ് അനുഭവം നമ്മളെ പഠിപ്പിച്ചിരിക്കുന്നത്. ഇങ്ങനെ വിലയിരുത്തലിന്നായി വർഷത്തിലെ  ഏത് സമയവും  നമുക്ക്‌ തെരഞ്ഞെടുക്കാം. ആ അര്‍ഥത്തില്‍ കലണ്ടര്‍ വര്‍ഷത്തിലെ അവസാനദിനം വീണ്ടുവിചാരത്തിനു വേണ്ടി വിനിയോഗിക്കുന്നുവെങ്കില്‍ അത്‌ ശ്ലാഘനീയമാണെന്നു പറയാം.

എന്താണെന്നറിയാത്ത ഒരു പുതിയ വര്‍ഷത്തിന്റെ പിറവി എന്നതിനേക്കാള്‍, കഴിഞ്ഞുപോയ സജീവമായ ഒരു വര്‍ഷത്തിന്റെ അവസാനമല്ലേ ഡിസംബര്‍ മുപ്പത്തൊന്നിന്‌ നാം സാക്ഷിയാകുന്നത് ! നമ്മുടെ ആയുസ്സില്‍ നിന്ന്‌ ഒരു വര്‍ഷം കൂടി കുറഞ്ഞു. ഡിസംബറിൽ നിന്ന് ജനുവരിയിലേക്കുള്ള ദൂരമാണ് നമുക്കിടയിലുള്ളതെങ്കിലും കാലം നമുക്കായ് ജനുവരിയിൽ നിന്നും ഡിസംബറിലേക്കുള്ള പ്രതീക്ഷകൾ കാത്തുവെച്ചിരിക്കുന്നു.  വിചാരപരമായി ഇക്കാര്യത്തെ സമീപിക്കുന്ന ഒരാള്‍ പുതുവര്‍ഷം ആഘോഷിക്കുന്നതിനല്ല, പിന്നിട്ട വര്‍ഷത്തെ ആലോചനാവിധേയമാക്കുന്നതിനാണ്‌ ശുഷ്‌കാന്തി കാണിക്കേണ്ടത്‌ എന്നാണ്  പലരുടെയും അഭിപ്രായം.

ആഘോഷങ്ങള്‍ ഏത് ദേശത്തും ഏത്  കാലത്തും  നടക്കുന്ന  ഒരു സംഗതിയാണ്‌. ഒത്തുകൂടാനും ആനന്ദിക്കാനുമുള്ള പ്രവണത മനുഷ്യസഹജവുമാണ്‌. ദേശീയവും അന്തര്‍ദേശീയവും മതകീയവും സാമൂഹികവുമായ നിരവധി ആഘോഷങ്ങള്‍ ഇന്നും സമൂഹത്തിലുണ്ട്‌. ഓരോ ആഘോഷത്തിനും ഓരോ പശ്ചാത്താലവും പ്രത്യേകമായ രീതികളും കാണും.  ചടങ്ങുകൾക്കും ആചാരങ്ങള്‍ക്കും വ്യത്യാസം ഉണ്ടാകുമെങ്കിലും ആഘോഷത്തിന് മിക്കയിടത്തും ഒരു കുറവും കാണില്ല. ജനങ്ങള്‍ ഒത്തുചേര്‍ന്ന്‌ ആഹ്ലാദം പങ്കിടുക എന്നതാണ്‌ ആഘോഷത്തിന്റെ പ്രധാന ലക്‌ഷ്യം. പക്ഷേ പുതുവർഷം എന്നത്  ഏവരും  ഒരുപോലെ ആഘോഷിക്കുന്ന ഒന്നാണ്.

പുതിയ പ്രതീക്ഷകളുടെയും സന്തോഷത്തിൻ്റെയും നല്ല നാളുകളാണ് പുതുവര്‍ഷം സമ്മാനിക്കാൻ പോകുന്നത്  എന്ന് വിശ്വസിക്കാം. മുൻ വര്‍ഷത്തെ നല്ല അനുഭവങ്ങളെ മനസിൽ നിലനിര്‍ത്തി, മോശമായവയെ തുടച്ചുനീക്കാനാണ് നാം ഓരോരുത്തരും  ശ്രമിക്കേണ്ടത്. 2022 നന്മയുടെ നല്ല നാളുകള്‍ സമ്മാനിക്കട്ടെയെന്ന് ആശംസിക്കുന്നു. സന്തോഷത്തിൻ്റെയും ശാന്തിയുടെയും പുതുവര്‍ഷത്തുടക്കത്തിൽ നമുക്ക് നമ്മുടെ  പ്രിയപ്പെട്ടവര്‍ക്ക് ആശംസകൾ കൈമാറാം. ഒരു പുതിയ   ദിനം, പുതിയ വര്‍ഷം, പുതിയ തുടക്കം, പുതിയ പ്രതീക്ഷകൾ, സര്‍വ്വ ഐശ്വര്യങ്ങളും നിറഞ്ഞതാകട്ടെ പുതിയ വർഷം  എന്ന് ആശംസിക്കാം.

ഏത് മഹാമാരിയായലും പുതുവർഷത്തിന് പുലരാതിരിക്കാൻ ആവില്ലല്ലോ, അത് പോലെ നമുക്ക്  അത്     എങ്ങനെ  ആഘോഷിക്കാതിരിക്കാൻ  പറ്റും.

ഏവർക്കും എന്റെ പുതുവത്സര ആശംസകൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular