മനാമ: ഇന്ത്യന്‍ സ്കൂള്‍ ഭരണസമിതിയുടെ കാലാവധി നീട്ടിയതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ ചിലര്‍ നടത്തുന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതവും സ്കൂളിന്റെ സല്‍പേരിന് കളങ്കം വരുത്താന്‍ ലക്ഷ്യമിട്ടുള്ളതുമാണെന്ന് ഇന്ത്യന്‍ സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
വ്യാജ പ്രചാരണങ്ങള്‍ രാജ്യത്തെ നീതിന്യായ വ്യവസ്ഥക്കും വിദ്യാഭ്യാസ-ആരോഗ്യ മന്ത്രാലയങ്ങളുടെ കോവിഡ്-19 മാര്‍ഗനിര്‍ദേശങ്ങള്‍ക്കും എതിരാണ്. നിലവിലെ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ കാലാവധി 2020 ഡിസംബറില്‍ അവസാനിക്കുംമുമ്ബ് തന്നെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ സംബന്ധിച്ച് സ്കൂള്‍ എക്സിക്യൂട്ടിവ് കമ്മിറ്റി വിദ്യാഭ്യാസ മന്ത്രാലയവുമായി ബന്ധപ്പെട്ടിരുന്നു. കോവിഡിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടത്താന്‍ പറ്റാത്ത അവസ്ഥയില്‍ നിലവിലെ ഭരണസമിതിയുടെ കാലാവധി ഒരു ടേം കൂടി നീട്ടാന്‍ ബഹ്റൈന്‍ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കിയിരുന്നു. അതേസമയം, വിദ്യാഭ്യാസ മന്ത്രാലയം നല്കിയ അനുമതിക്കെതിരെ ഒരു രക്ഷിതാവ് കേസ് ഫയല്‍ ചെയ്തു. ഈ ഹരജി സുപ്രീം അഡ്മിനിസ്ട്രേറ്റിവ് കോടതി റദ്ദാക്കി.
പക്ഷേ, ഈ വിധിക്കെതിരെ രക്ഷിതാവ് സുപ്രീം സിവില്‍ അപ്പീല്‍ കോടതിയില്‍ അപ്പീല്‍ നല്കി. എന്നാല്‍, കോടതി മുന്‍ വിധി ശരിവക്കുകയായിരുന്നു. ഇന്ത്യന്‍ സ്കൂളില്‍ നിന്നുള്ള സര്‍ക്കുലറിലൂടെ ഈ വിവരം എല്ലാ രക്ഷിതാക്കളെയും അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിവിധിയെയും വിദ്യാഭ്യാസ മന്ത്രാലയത്തെയും അവഗണിച്ച് ഇന്ത്യന്‍ സ്കൂളിനെതിരെ ചിലര്‍ പ്രചാരണം നടത്തുന്നത്. വെള്ളിയാഴ്ച നടക്കുന്ന സ്കൂളിന്റെ വാര്‍ഷിക പൊതുയോഗത്തിന് മുന്നോടിയായി സ്കൂളിനെതിരെ ദുരുദ്ദേശ്യപരമായ പ്രചാരണം നടത്തുന്നവര്‍ രക്ഷാകര്‍തൃസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. സ്കൂള്‍ ഭരണസമിതി അംഗങ്ങള്‍ അവരുടെ ഭരണകാലയളവില്‍ രക്ഷിതാക്കളായിരിക്കണം എന്ന നിലപാടാണ് ഭരണസമിതിക്കുള്ളത്. 2021 സെപ്റ്റംബര്‍ വരെ നിലവിലെ ചെയര്‍മാനും സെക്രട്ടറിയും സ്കൂളിന്റെ രക്ഷിതാക്കളായിരുന്നു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം മാത്രമാണ് അവര്‍ ഇപ്പോള്‍ ഈ സ്ഥാനങ്ങളില്‍ തുടരുന്നത്. കോവിഡിനുശേഷം സ്കൂള്‍ പ്രവര്‍ത്തനം സാധാരണ നിലയിലായാല്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ തെരഞ്ഞെടുപ്പ് നടത്താന്‍ എക്സിക്യൂട്ടിവ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെന്നും സ്കൂള്‍ ഭരണസമിതി അറിയിച്ചു.