Saturday, May 4, 2024
HomeKeralaബാബുവിനെ രക്ഷപ്പെടുത്തിയ ദൗത്യത്തില്‍ മല കയറിയവരില്‍ കൊല്ലംകാരും

ബാബുവിനെ രക്ഷപ്പെടുത്തിയ ദൗത്യത്തില്‍ മല കയറിയവരില്‍ കൊല്ലംകാരും

കൊല്ലം> മലമ്ബുഴയില്‍ മലയിടുക്കില്‍നിന്ന് ബാബുവിനെ രക്ഷിക്കാന്‍ സൈന്യത്തോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച കേരള പൊലീസിലെ ഹൈ ആള്‍ട്ടിട്യൂഡ് ട്രെയ്നിങ് ആന്‍ഡ് റസ്ക്യൂ ഓപറേഷന്‍ ടീമിലെ മൂന്നുപേര്‍ കൊല്ലം ജില്ലക്കാര്‍.

അസിസ്റ്റന്റ് കമാന്‍ഡന്റ് നീണ്ടകര പരിമണം സ്വദേശി സ്റ്റാര്‍മോന്‍ ആര്‍ പിള്ള, ശൂരനാട് തെക്ക് ഇഞ്ചക്കാട് ഫായിസ് വില്ലയില്‍ റനീഷ്, പട്ടാഴി ലക്ഷ്മി നിവാസില്‍ ഉദയകൃഷ്ണന്‍ എന്നിവരാണ് യുവാവിനെ രക്ഷിക്കാന്‍ മല കയറിയത്.

അഗ്നിരക്ഷാ സേനയ്ക്കും എന്‍ഡിആര്‍എഫിനും പട്ടാളത്തിനൊപ്പം തന്നെ സംഘവും സജീവമായി രക്ഷാദൗത്യത്തില്‍ മലമുകളില്‍ തന്നെയുണ്ടായിരുന്നു. തുടക്കം മുതല്‍ ഒടുക്കംവരെ ഒപ്പം നിന്നു. ‘ബുധനാഴ്ച നിര്‍ദേശം ലഭിച്ചയുടന്‍ കുട്ടിക്കാനത്തെ കേരള പൊലീസ് ക്യാമ്ബില്‍ നിന്ന് ഞങ്ങള്‍ എട്ടുപേര്‍ പുറപ്പെട്ടു. രാത്രി 12 കഴിഞ്ഞ് മലമ്ബുഴയിലെത്തി. ഒരു നിമിഷംപോലും പാഴാക്കാതെ ഉടന്‍ മല കയറ്റംതുടങ്ങി. നാല് കിലോമീറ്റര്‍ ദൂരം താണ്ടാന്‍ അഞ്ചുമണിക്കൂര്‍ എടുത്തു’. രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ച്‌ ടീം അംഗം റനീസ് വിവരിച്ചത് ഇങ്ങനെ. ഞങ്ങളുടെ കൈവശം 200 മീറ്ററിന്റെ രണ്ട് റോപ്പുണ്ടായിരുന്നു. ഈ റോപ്പ് ഉപയോഗിച്ചാണ് കരസേന അംഗം ബാലകൃഷ്ണ എന്ന ബാല ബാബുവിനെ രക്ഷിക്കാന്‍ താഴേക്കിറങ്ങിയത്. പിന്നീട് റോപ്പിലൂടെ യുവാവിനെയും ബാലയെയും വലിച്ചുകയറ്റാനും സേനക്കൊപ്പമുണ്ടായി.

ഏതു സാഹചര്യത്തിലും രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഹൈ ആള്‍ട്ടിട്യൂഡ് ട്രെയ്നിങ് ആന്‍ഡ് റസ്ക്യൂ ഓപറേഷന്‍ ടീമില്‍ പരിശീലനം നേടിയ ആളുകളുണ്ട്.

മലമ്ബുഴയില്‍ രക്ഷാദൗത്യത്തിന് ആദ്യം വിളിച്ചത് അഗ്നിരക്ഷാ സേനയെയും എന്‍ഡിആര്‍എഫിനെയും ആയിരുന്നു. പൊലീസ് ഇടപെടല്‍ ഉണ്ടായപ്പോള്‍ മാത്രമാണ് ഹൈ ആള്‍ട്ടിട്യൂഡ് ട്രെയ്നിങ് സംഘത്തെ വിളിച്ചത്. 2020ല്‍ ആണ് കേരള പൊലീസിന്റെ ഹൈ ആള്‍ട്ടിട്യൂഡ് ട്രെയ്നിങ് ആരംഭിച്ചത്. ഇതുവരെ 12 ബാച്ചുകള്‍ പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങി.

ഹൈ ആള്‍ട്ടിട്യൂഡ് മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനും ഇത്തരം മേഖലകളില്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമുള്ള പരിശീലനമാണ് നല്‍കുന്നത്. ഏതൊരു സാഹചര്യത്തിലും പ്രവര്‍ത്തിക്കാനും ആളുകളെ രക്ഷിക്കാനും വേണ്ട എല്ലാ ഉപകരണങ്ങളും ഹൈ ആള്‍ട്ടിട്യൂഡ് സംഘത്തിനുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular