Sunday, May 5, 2024
HomeEditorialനീതിദേവത കണ്ണുതുറക്കുമോ ?

നീതിദേവത കണ്ണുതുറക്കുമോ ?

നീതിദേവതയെ അന്ധയായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.  കാരണം പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ മന്ത്രിയെന്നോ സാധാരണപൗരനെന്നോ സ്ത്രീയെന്നോ പുരുഷനെന്നോ ഭേദമില്ലാതെ നിഷ്പക്ഷയായി വിധിനിര്‍ണ്ണയിക്കുന്നവളെന്നവളെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാനാണ്. അവളുടെ കയ്യില്‍പിടിച്ചിരിക്കുന്ന ത്രാസ്സിന്റെ രണ്ട്തട്ടുകളും ഓരേലവലിലാണ് കാണപ്പെടുന്നത്., പക്ഷാഭേദമില്ല. എന്നാല്‍ അടുത്തകാലത്ത് കേരളത്തിലെ കോടതികളില്‍നിന്ന് പുറപ്പെടുന്ന വിധനിര്‍ണയങ്ങള്‍ കേള്‍ക്കുമ്പോള്‍ ഇവള്‍ നിഷ്പക്ഷയാണോയെന്ന് സംശയംതോന്നുന്നു. ഇവളുടെ കയ്യിലെ ത്രാസ്സിന്റെ തട്ട് ഒരുപക്ഷത്തേക്ക് ചായുന്നില്ലേയെന്ന് സംശയം. പണവും പ്രതാപവും ആത്രാസിന്റെ ഒരുതട്ടിലെ ഭാരംകൂട്ടുന്നു. പണമില്ലത്ത പാവപ്പെട്ടവന്റെ തട്ട് മുകളിലേക്ക് ഉയരുന്നു. സാധാരണക്കാരന് കോടതിയിലുള്ള വിശ്വാസം നഷടപ്പെടുന്നു.. സമൂഹത്തില്‍ നീതികിട്ടാതെവരുമ്പോള്‍ അവസാനത്തെ അത്താണിയായിട്ടാണ് അവന്‍ കോടതിയെ കണ്ടിരുന്നത്. ആ പ്രതീക്ഷയും നഷ്ടപ്പെടുമ്പോള്‍ ജീവിതംതന്നെ അര്‍ഥശൂന്യമായി തീരുകയാണ്. കോടതികള്‍ ഹൈജാക്‌ചെയ്യപ്പെടുന്ന കാഴ്ച്ച ഭയം ജനിപ്പിക്കുന്നതാണ്.

പണംകൊണ്ടും പ്രതാപംകൊണ്ടും സ്വാധീനിക്കാന്‍ കഴിയാത്ത നിയമപാലകരും ജഡ്ജിമാരും ഒരുകാലത്തുണ്ടായിരുന്നു. ഇന്നിപ്പോള്‍ അതൊക്കെ വെറും പഴങ്കഥകളായി മാറിയിരിക്കയാണ്. പണത്തോടുള്ള അത്യാര്‍ത്തി സാധാരണക്കാരനെയെന്നപോലെ ചില ജഡ്ജിമാരെയും ബാധിച്ചിരിക്കുന്നു. വിലകൂടിയ കാറും ബംഗ്‌ളാവും സുഹജീവിതവും അവരെയും ആകര്‍ഷിക്കുന്നു. അതിനുവേണ്ടി വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ തയ്യാറാവുന്നു. കോടതിയെ വിമര്‍ശ്ശിക്കാന്‍ പാടില്ലെന്ന ഇരുമ്പുമറക്കുള്ളില്‍ നിന്നുകൊണ്ട് തെറ്റായ വിധിന്യായങ്ങള്‍ പുറപ്പെടുവിക്കാന്‍ ധൈര്യംകാട്ടുന്ന ന്യായാധിപന്മാരെ എങ്ങനെ കൈകാര്യംചെയ്യണമെന്നറിയാതെ വിഷമിക്കയാണ് സമൂഹം.

വക്കീല്‍ മൂത്താണല്ലോ ജഡ്ജിയാകുന്നത്. പലവക്കീലന്മാരും കേസും വക്കാലത്തുമില്ലതെ കഷ്ടപ്പെടുന്ന കാഴ്ച്ച സാധാരണമാണ്. പണത്തിനുവേണ്ടി എന്ത് തെണ്ടിത്തരവും ചെയ്യാന്‍ മടിയില്ലാത്ത വക്കീലന്മാരെ നമുക്കറിയാം .നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയുടെ വക്കീല്‍ മെമ്മറികാര്‍ഡ് നശിപ്പിച്ചിട്ടും മാന്യനായി സമൂഹത്തില്‍ വിലസുന്നു. ഇയാള്‍ ഭാവിയില്‍ രാഷ്ട്രീയ സ്വാധീനംകൊണ്ടോ മറ്റെന്തെങ്കിലും വളഞ്ഞവഴിയിലൂടെയോ ന്യായാധിപന്‍ ആയിത്തീര്‍ന്നാലുള്ള അവസ്ഥ ആലോചിച്ചുനോക്കൂ. രാഷ്ട്രീയ സ്വാധീനത്തില്‍കൂടി ജഡ്ജിമാരായിതീര്‍ന്ന അനേകര്‍ നീതിപീഠങ്ങളില്‍ ഇരിപ്പുണ്ട്. തങ്ങളെ ജഡ്ജിമാരാക്കിയ രാഷ്ട്രീയപസ്ഥാനത്തോടുള്ള വിധേയത്വം അവരുടെ വിധിപ്രസ്താവത്തെയും സ്വീധീനിക്കും, കീഴ്‌ക്കോടതിയുടെ വിധി ഹൈക്കോടതി തിരസിക്കരിക്കുകയും ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി റദ്ദക്കുകയും ചെയ്യുമ്പോള്‍ ഏതാണ് ശരിയെന്നറിയാതെ  പൊതുജനം അന്ധകാരത്തില്‍ തപ്പുകയാണ്.

പട്ടാപ്പകല്‍ നൂറുപേരുടെ  സാന്നിധ്യത്തില്‍ ഗുണ്ടാസംഘം ഒരുവനെ വെട്ടിക്കൊന്നിട്ടം സാക്ഷികളില്ല എന്നന്യായംപറഞ്ഞ് പ്രതികളെ വെറുതെവിടുന്ന കാഴ്ച്ച നമ്മള്‍ കാണാറുണ്ട്. ഗുണ്ടകളെ ഭയന്നോ വെറുതെയെന്തിന്ന് ഒരുവയ്യാവേലിയെടുത്ത് തലയില്‍വെയ്ക്കുന്നു എന്നുവിചാരിച്ചോ ആണ് ഈ നൂറുപേരില്‍ ഒരാള്‍പോലും കോടതിയില്‍ സാക്ഷിപരറയാന്‍ പോകാതിരുന്നത്. അവരെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല. നിങ്ങളാണെങ്കിലും ഞാനാണെങ്കിലും അതുതന്നെയായിരിക്കും ചെയ്യുക.

സാക്ഷികള്‍ ഏറെയുണ്ടായിട്ടും പ്രതി രക്ഷപെടുന്ന കാഴ്ച്ച ഫ്രാങ്കോകേസില്‍ കണ്ടതാണല്ലോ. ഈ വിധിന്യായത്തെ സ്വീകരിക്കാന്‍ ന്യായാധിപന്മാരും അഭിഭഷകരും പൊതുജനങ്ങളും തയ്യാറായില്ല. ജഡ്ജിയെ ആരോ വിലക്കുവാങ്ങിയതാണ് എന്നതില്‍ തര്‍ക്കമില്ല. ആരാണ് വിലകൊടുത്തതെന്ന് എല്ലാവര്‍ക്കും അറിയാം. നടി ആക്രമിക്കപ്പെട്ട കേസിലും ആരാണ് ശരിക്കുള്ള പ്രതിയെന്ന് നമുക്കെല്ലാവര്‍ക്കും അറിവുള്ളതാണ്. ഇരക്ക് നീതികിട്ടത്തില്ലെന്ന് വിധിവരുംമുന്‍പേ കേരളം വിധിയെഴുതിക്കഴിഞ്ഞു. പാവപ്പെട്ട പെണ്‍കുട്ടി അപമാനിക്കപ്പെട്ടിട്ട് അഞ്ചുവര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവള്‍ക്ക് നീതികിട്ടിയിട്ടില്ല. കോടതിയില്‍ അവള്‍ വീണ്ടുംവീണ്ടും അപമാനിക്കപ്പെടുന്നു. പ്രതിഭാഗം വക്കീലന്മാര്‍ അവളെ   വസ്ത്രാക്ഷേപം ചെയ്യുന്നതുകണ്ട് ജഡ്ജി ഊറിച്ചിരിക്കുന്നു. അവള്‍ക്ക് പറയാനുള്ളത്  കേള്‍ക്കാന്‍ വനിതാജഡ്ജി തയ്യാറാകുന്നില്ല. അവരുടെ ചായ്‌വ് സൂത്രധാരനോടാണ്. ആയിരംരൂപയും മള്ളൂര്‍ വക്കീലുമുണ്ടെങ്കില്‍ ആര്‍ക്കും ആരെയും കൊല്ലാമെന്ന് പണ്ടത്തെ ആളുകള്‍ പറയുമായിരുന്നു. ഇന്ന് ആ അവസ്ഥ മാറിയിരിക്കുന്നു. ഒരുകോടി രൂപയും രാമന്‍പിള്ള വക്കീലുമുണ്ടെങ്കില്‍ ആര്‍ക്കും എന്ത്‌തോന്ന്യാസവും കാണിക്കാമെന്ന് ആളുകള്‍ പറഞ്ഞുതുടങ്ങിയിരിക്കുന്നു. നീതി നിഷേധിക്കപ്പെടുമെന്ന് ഉറപ്പുണ്ടെങ്കില്‍ വെറുതെയെന്തിന് കോടതിയെ അഭയംപ്രാപിക്കണമെന്നാണ് പൊതുജനം ചിന്തിക്കുന്നത്.

തിരുവനന്തപുരത്ത് ഒരു പൂക്കടയില്‍ ജോലിചെയ്തിരിന്ന സ്ത്രീയെ പകല്‍വെളിച്ചത്തില്‍ കുത്തിക്കൊന്ന തമിഴ്‌നാട്ടുകാരന്‍ നേരത്തെ മൂന്ന് കൊലപാതകങ്ങള്‍ ചെയ്തിട്ടുള്ളവനായിരുന്നു. അവനെ ജയില്‍തുറന്നുവിട്ടതുകൊണ്ടാണ് രണ്ട്കുഞ്ഞുങ്ങളുടെ ഏക ആശ്രയമായിരുന്ന പാവംസ്ത്രീ കൊല്ലപ്പെട്ടത്. കൊലപാതകികളും ഫ്രാങ്കോയെപ്പോലുള്ള മുട്ടനാടുകളും സമൂഹത്തില്‍ യധേഷ്ടം മേയുമ്പോള്‍ ഭയപ്പെടേണ്ടത് സമാധാനംജീവിതം നയിക്കുന്ന ജനങ്ങളാണ്. പേപ്പട്ടിയെ തല്ലിക്കൊല്ലുകയല്ലാതെ താലോലിച്ച് പോറ്റുകയാണോ വേണ്ടതെന്ന് നമ്മളെ ഭരിക്കുന്നവര്‍ ചിന്തിക്കണം. മനുഷ്യാവകാശം പറഞ്ഞുനടക്കുന്നവര്‍ക്ക് തിരുവനന്തപുരത്തെ കൊല്ലപ്പെട്ട സ്ത്രീയുടെ കുഞ്ഞുങ്ങളെ പോറ്റാനാകുമോ? അവര്‍ കൊലപാതകിയുടെ പക്ഷത്താണ്. അവന്റെ ജീവനാണ് അവര്‍ക്ക് വിലപ്പെട്ടത്. കൊലപാതകികളെ സമൂഹത്തിന്റെ മദ്ധ്യത്തിലേക്ക് തുറന്നുവിടുന്ന അധികാരികളും കോടതികളും അധിക്ഷേപം അര്‍ഘിക്കുന്നു.

സാം നിലമ്പള്ളില്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular