Thursday, May 2, 2024
HomeUSAയൂനിസ് കൊടുങ്കാറ്റിലും അടിപതറാതെ എയര്‍ ഇന്ത്യ‍; ഹീത്രു വിമാനത്താവളത്തില്‍ സാഹസിക ലാന്‍ഡിങ്ങ്; ഹീറോ ആയി പൈലറ്റുമാര്‍...

യൂനിസ് കൊടുങ്കാറ്റിലും അടിപതറാതെ എയര്‍ ഇന്ത്യ‍; ഹീത്രു വിമാനത്താവളത്തില്‍ സാഹസിക ലാന്‍ഡിങ്ങ്; ഹീറോ ആയി പൈലറ്റുമാര്‍ (വീഡിയോ)

ലണ്ടന്‍: ഹീത്രൂ വിമാനത്താവളത്തില്‍ വീശിയ കൊടുങ്കാറ്റില്‍ ആടിയുലഞ്ഞ് വിമാനങ്ങള്‍. യൂനിസ് കൊടുങ്കാറ്റില്‍ പെട്ട് ലാന്‍ഡ് ചെയ്യാന്‍ ബുദ്ധിമുട്ടിയതില്‍ രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങളും ഉണ്ടായിരുന്നു.വിമാനങ്ങളെ സുരക്ഷിതമായി ലാന്‍ഡ് ചെയ്യിച്ച പൈലറ്റുമാര്‍ക്ക് നിറകയ്യടിയാണ് ലഭിക്കുന്നത്.

ക്യാപ്റ്റന്‍ അഞ്ചിത്ത് ഭരദ്വാജ്, ക്യാപ്റ്റന്‍ ആദിത്യ റാവു എന്നിവരായിരുന്നു പൈലറ്റുമാര്‍.

വിമാനങ്ങള്‍ കൊടുങ്കാറ്റില്‍ ആടുന്നതും ലാന്‍ഡ് ചെയ്യുന്നതും ലണ്ടനിലെ ഒരു യൂട്യൂബ് ചാനലില്‍ ലൈവ് ആയി സംപ്രേക്ഷണം ചെയ്തിരുന്നു. ‘ഇതാ അതിവിദഗ്ധനായ ഒരു ഇന്ത്യന്‍ പൈലറ്റ്’ എന്നായിരുന്നു എയര്‍ ഇന്ത്യയുടെ ബോയിങ്ങ് ഡ്രീംലൈനര്‍ എയര്‍ക്രാഫ്റ്റ് ലാന്‍ഡ് ചെയ്തപ്പോള്‍ കമന്റേറ്റര്‍ ഉറക്കെ പറഞ്ഞത്. എട്ട് മണിക്കൂര്‍ നീണ്ട ലൈവ് സ്ട്രീമിങ്ങ് ആശങ്കയോടെയാണ് ജനങ്ങള്‍ കണ്ടത്. 33 ലക്ഷത്തിലധികം കാഴ്ചക്കാര്‍ ഒരേ സമയം വിഡിയോ കാണുന്നുണ്ടായിരുന്നു. ഒരോ വിമാനവും ലാന്‍ഡ് ചെയ്യുമ്ബോള്‍ ശക്തമായ കാറ്റ് അടിക്കുന്ന ശബ്ദം വിഡിയോയില്‍ കേള്‍ക്കാം.

ബ്രിട്ടനില്‍ യൂനിസ് കൊടുങ്കാറ്റ് വന്‍ നാശം വിതച്ച്‌ ആഞ്ഞടിക്കുകയാണ്. കൊടുങ്കാറ്റിന്റെ തീവ്രത കണക്കിലെടുത്ത് ബ്രിട്ടനില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കാറ്റ് ആഞ്ഞുവീശുകയും ജനജീവിതം സ്തംഭിപ്പിക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹീത്രൂ വിമാനത്താവളത്തിലേയ്ക്കുള്ള വിമാനങ്ങള്‍ പലതും റദ്ദാക്കിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള രണ്ട് വിമാനങ്ങള്‍ സുരക്ഷിതമായി തന്നെ നിലത്തിറങ്ങി എന്നാണ് അധികൃതര്‍ പറയുന്നത്. യൂനിസ് യൂറോപ്പിലേക്ക് എത്തിയത് ആശങ്കയോടെയാണ് കാണുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കൊടുങ്കാറ്റ് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിനെ സാരമായിത്തന്നെ ബാധിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular