Sunday, April 28, 2024
HomeKeralaസിപിഎം പ്രവര്‍ത്തകന്റെ മരണം: ബിജെപി മണ്ഡലം പ്രസിഡന്‍്റിനെ കളളക്കേസില്‍പ്പെടുത്തിയതിന്‌ പിന്നില്‍ സിപിഎം ഉന്നത നേതൃത്വത്തിന്റെ ഗൂഢാലോചന

സിപിഎം പ്രവര്‍ത്തകന്റെ മരണം: ബിജെപി മണ്ഡലം പ്രസിഡന്‍്റിനെ കളളക്കേസില്‍പ്പെടുത്തിയതിന്‌ പിന്നില്‍ സിപിഎം ഉന്നത നേതൃത്വത്തിന്റെ ഗൂഢാലോചന

കണ്ണൂര്‍: തലശ്ശേരി പുന്നോലിലെ സിപിഎം പ്രവര്‍ത്തകന്റെ മരണവുമായി ബന്ധപ്പെട്ട് തലശ്ശേരി നഗരസഭാ കൗണ്‍സിലറായ ബിജെപി മണ്ഡലം പ്രസിഡണ്ടിനേയും പ്രവര്‍ത്തകരേയും ജയിലിലടച്ചത് കളളക്കേസില്‍പ്പെടുത്തി.

സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിന്റെ ഗൂഢാലോചനയാണ് ബിജെപിയുടെ തലശ്ശേരിയിലെ ജനകീയമുഖമായ നേതാവിനെ കളളക്കേസില്‍ കുടുക്കിയതിന് പിന്നിലെന്ന് വ്യക്തമാണ്. ആഭ്യന്തരവകുപ്പും പോലീസും സിപിഎമ്മിന്റെ കണ്ണൂരില്‍ നിന്നുളള നേതാക്കളും ചേര്‍ന്ന് നടത്തിയ രഹസ്യ നീക്കത്തിന്റെ ഭാഗമാണ് ബിജെപി മണ്ഡലം പ്രസിഡണ്ടിനെ കേസില്‍ കുടുക്കിയതെന്ന് വ്യക്തമാണ്.

തലശ്ശേരി നഗരസഭയിലെ മുഖ്യപ്രതിപക്ഷമായ ബിജെപിയുടെ കൗണ്‍സിലര്‍മാരെ മുന്നില്‍നിന്നു നയിക്കുന്ന നേതാവെന്ന നിലയില്‍ സിപിഎം നേതൃത്വത്തിലുളള ഭരണസമിതിയുടെ തെറ്റായ നയങ്ങളേയും നടപടികളേയും അഴിമതിയേയും കൗണ്‍സിലര്‍ എന്ന നിലയില്‍ ശക്തമായി എതിര്‍ക്കുകയും സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന ലിജേഷിനെ കഴിഞ്ഞ കുറേ നാളുകളായി സിപിഎമ്മിന്റെ തലശ്ശേരിയിലെ നേതൃത്വം ലക്ഷ്യംവെച്ച്‌ വരികയായിരുന്നു. അതുകൊണ്ടുതന്നെ രാഷ്ട്രീയ പകപോക്കലാണ് ബിജെപി മണ്ഡലം പ്രസിഡണ്ടായ ലിജീഷിനെ ഗൂഢാലോചനാക്കുറ്റം ചുമത്തി ജയിലിലടച്ചിരിക്കുന്നതിലൂടെ വ്യക്തമാകുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകള്‍ നേടി കോണ്‍ഗ്രസിനെ തളളി ബിജെപി മുഖ്യപ്രതിപക്ഷമാവുകയായിരുന്നു. ഇരുപതോളം വാര്‍ഡുകളില്‍ ബിജെപി രണ്ടാം സ്ഥാനത്തും എത്തുകയുണ്ടായി. അന്നേ തുടങ്ങിയതാണ് ബിജെപിക്കെതിരായ സിപിഎമ്മിന്റെ തലശ്ശേരിയിലെ അസഹിഷ്ണുത.

രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധ യോഗങ്ങളില്‍ നേതാക്കള്‍ പ്രസംഗിക്കുന്നതും എതിരാളികള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം നടത്തുന്നതും എല്ലാ കാലത്തും സംസ്ഥാനത്തും രാജ്യത്തെ മറ്റിടങ്ങളിലും സ്വാഭാവികമായ സംഭവമാണ്. ജില്ലാ, മണ്ഡലം, ഏരിയാ നേതാക്കള്‍ ഇത്തരം പ്രതിഷേധ പരിപാടികളില്‍ സംബന്ധിക്കുന്നതും സ്വഭാവികമാണ്. ഇത്തരത്തില്‍ ബിജെപി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച്‌ നടത്തിയ യോഗത്തില്‍ പ്രസംഗിച്ചതിന്റെ പേരിലാണ് മണ്ഡലം പ്രസിഡണ്ടായ ലിജേഷിനെ കേസില്‍പ്പെടുത്തിയിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ സിപിഎം നേതാക്കളുള്‍പ്പെടെ എത്ര രാഷ്ട്രീയ നേതാക്കളുടെ പേരില്‍ കേസെടുത്ത് കൊലക്കേസില്‍ പ്രതി ചേര്‍ക്കണമെന്ന ചോദ്യം ഉയരുകയാണ്. ജില്ലയില്‍ ഇതിന് മുമ്ബ് സിപിഎം സംസ്ഥാന സെക്രട്ടറി യടക്കം ഒട്ടനവധി നേതാക്കന്മാര്‍ ഭീഷണി പ്രസംഗങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ അവര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. അധികാരവും പോലീസും കൂടെയുണ്ടെന്നുളള ബലത്തില്‍ ആരേയും ഏത് കേസിലുംപ്പെടുത്താമെന്നത് ദൂരവ്യാപകമായ ഫലമുളവാക്കുമെന്ന് ബിജെപി നേതൃത്വം ചൂണ്ടിക്കാട്ടി.

കൂടാതെ ബിജെപി മണ്ഡലം പ്രസിഡണ്ടിനെ കള്ളക്കേസ്സുകളില്‍ കുടുക്കുകയാണെന്നത് വലിയ ഗൂഢോലോചനയുടെ ഭാഗമാണെന്ന് വ്യക്തമാണ്. കുറ്റകൃത്യം നടന്നാല്‍ കുറ്റ കൃത്യം ചെയ്ത വരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യലിന് ശേഷമാണ് ഗൂഢാലോചന പ്രതികളെ അറസ്റ്റ് ചെയ്യാറുള്ളത്. പുന്നോല്‍ സംഭവത്തിലാവട്ടെ ഗൂഢോലോചന നടത്തിയെന്ന് ചൂണ്ടിക്കാട്ടി മണ്ഡലം പ്രസിഡണ്ടിനെ ആദ്യം തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ്-സിപിഎം ബന്ധം വ്യക്തമാക്കുന്നതാണിത്. മാത്രമല്ല സംഭവം നടന്ന മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ യാതൊരു അന്വേഷണവുമില്ലാതെ വീട്ടില്‍ സംഭവമറിയാതെ കിടന്ന് ഉറങ്ങുകയായിരുന്ന ബിജെപി പ്രവര്‍ത്തകരെ മുമ്ബ് ക്ഷേത്രോത്സവത്തിന് പരിക്ക് പറ്റി ആശുപത്രിയില്‍ കിടന്നതിന്റെ പേരില്‍ കേസ്സില്‍ പ്രതിയാക്കി അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായിരിക്കുന്നത്. സംഭവം നടന്ന ഉടനെ തന്നെ പോലീസ് പ്രതികളെ കണ്ടെത്തുന്നതിന് മുമ്ബ് തന്നെ പാര്‍ട്ടി ജില്ലാ സെക്രട്ടറിയും. പാര്‍ട്ടി മാധ്യമങ്ങളും പ്രതികളെപ്പറ്റി പ്രഖ്യാപനം നടത്തിയിരുന്നു. ഇതും ഇപ്പോഴത്തെ അറസ്റ്റും വ്യക്തമാക്കുന്നത് പോലീസ്-സിപിഎം ഒത്തുകളിയാണ്.

പുന്നോല്‍ സംഭവത്തില്‍ യാതൊരു വിധത്തിലുളള ബന്ധവും സംഘപരിവാര്‍ സംഘടനകള്‍ക്കില്ലെന്ന് ബിജെപി-ആര്‍എസ്‌എസ് നേതൃത്വങ്ങള്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ പോലീസും സംഭവത്തില്‍ രാഷ്ട്രീയമുണ്ടോയെന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ നിലനില്‍ക്കേയാണ് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലടക്കം തലശ്ശേരി നഗരസഭാ പരിധിയില്‍ ബിജെപിക്കുണ്ടായ വന്‍ മുന്നേറ്റത്തില്‍ വിറളിപൂണ്ട് നേതാക്കളേയും അണികളേയും ഇപ്പോള്‍ കളളക്കേസില്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തില്‍ ഭയപ്പെടുത്തി സംഘടനാ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കാമെന്ന സിപിഎം നേതൃത്വത്തിന്റെ വ്യോമോഹമാണ് ബിജെപി മണ്ഡലം പ്രസിഡണ്ടിനെയടക്കം കളളക്കേസില്‍ കുടുക്കി ജയിലിലടച്ച സംഭവമെന്ന് വ്യക്തമാവുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular