Tuesday, May 7, 2024
HomeIndiaയു.പി നാലാം ഘട്ടത്തിന്റെ സൂചനകള്‍

യു.പി നാലാം ഘട്ടത്തിന്റെ സൂചനകള്‍

ഉത്തര്‍ പ്രദേശില്‍ ബുധനാഴ്ച്ച നിയമ സഭാ വോട്ടെടുപ്പിന്റെ നാലാം ഘട്ടം പൂര്‍ത്തിയായതോടെ ഏതാണ്ട് പകുതി മണ്ഡലങ്ങളിലെ വിധിയെഴുത്തു  തീര്‍ന്നു. മൊത്തമുള്ള 403 സീറ്റില്‍ 172 ഇടത്തു വോട്ട് കഴിഞ്ഞു.

ബുധനാഴ്ച്ച 60 ശതമാനത്തോളം പോളിങ് ഉണ്ടായി എന്നാണ് അനൗദ്യോഗിക കണക്ക്. അത് ഒന്നും രണ്ടും മൂന്നും ഘട്ടങ്ങളെ അപേക്ഷിച്ചു അല്പം കുറവാണ്.

എന്നാല്‍ ഏറ്റവും കനത്ത വോട്ടിംഗ് ലെഖിമ്പുര്‍ ഖേരിയില്‍ ആയിരുന്നു എന്നത് ശ്രദ്ധിക്കണം: 62.42%. ഇവിടെയാണ് കഴിഞ്ഞ ഒക്ടോബറില്‍ നാലു കര്‍ഷകരും ഒരു മാധ്യമ പ്രവര്‍ത്തകനും കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ വാഹനം ഇടിച്ചു മരിച്ചത്. ഡ്രൈവറുടെ കുറ്റമാവാം എന്ന നിരീക്ഷണത്തോടെ അദ്ദേഹത്തെ ഹൈക്കോടതി ജാമ്യത്തില്‍ വിട്ടതോടെ കാര്‍ഷിക മേഖലയില്‍ രോഷം കത്തിയാളി എന്ന് കരുതപ്പെടുന്നു.
നാലു ഘട്ടങ്ങളിലെ വോട്ടെടുപ്പ് കണക്കിലെടുക്കുമ്പോള്‍ ഭരിക്കുന്ന ബി ജെ പിക്ക് ആശങ്കയ്ക്കു കാരണമുണ്ടെന്നാണ് ഒരു വിഭാഗം യു പി മാധ്യമ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. കര്‍ഷകരുടെ രോഷം തന്നെയാണ് പ്രധാന പ്രശ്‌നം. 2017 ല്‍ സീറ്റുകള്‍ തൂത്തു വാരിയ ബി ജെ പി ഇത്തവണ കടുത്ത പോരാട്ടമാണു നേരിട്ടത് എന്നത് രഹസ്യമല്ല. കര്‍ഷക സമരത്തിനു പുറമെ കോവിഡ് കൊണ്ട് വന്ന സാമ്പത്തിക തകര്‍ച്ച, സാമുദായിക സംഘര്‍ഷത്തിന്റെ അന്തരീക്ഷം തുടങ്ങി പല ഘടകങ്ങള്‍ ഭരണത്തിനെതിരെ ചൂണ്ടിക്കാട്ടാനുണ്ട്. ബി ജെ പിക്കെതിരെ ഒരു സുനാമി ആഞ്ഞടിക്കുന്നു എന്ന് വരെ അഭിപ്രായപ്പെട്ട മാധ്യമങ്ങളുണ്ട്.

ഒന്നാം ഘട്ടത്തില്‍ വോട്ട് ചെയ്ത 58 സീറ്റില്‍ 49 ബി ജെ പിയുടെ കൈയില്‍ ആയിരുന്നു. എന്നാല്‍ കേന്ദ്ര മന്ത്രി അമിത് ഷാ പ്രതിപക്ഷ രാഷ്ട്രീയ ലോക് ദളിനെ (ആര്‍ എല്‍ ഡി) കൈയിലെടുക്കാന്‍ കഠിന ശ്രമം നടത്തിയത് കാര്യങ്ങള്‍ പരുങ്ങലിലാണ് എന്ന ബി ജെ പി ആശങ്കയുടെ സൂചന നല്‍കി. സമാജ്വാദി പാര്‍ട്ടിയുമായുള്ള സഖ്യത്തില്‍ നിന്ന് ആര്‍ എല്‍ ഡിയെ അടര്‍ത്തിയെടുക്കാന്‍ ആ പാര്‍ട്ടിയുടെ നേതാവ് ജയന്ത് ചൗധരിയെ കേന്ദ്രത്തിലെ കരുത്തന്‍ കണ്ടത് ഒന്നിലേറെ തവണയാണ്. ആ പാര്‍ട്ടിയെ കിട്ടിയില്ലെങ്കിലും ജാട്ടുകളുടെ വോട്ടില്‍ ബി ജെ പിക്ക് വലിയ താല്പര്യമുണ്ട് എന്ന സന്ദേശം നല്‍കി ആ സമുദായത്തെ ആകര്‍ഷിക്കാം എന്ന തന്ത്രം അതിലുണ്ടായിരുന്നു.

പക്ഷെ ബി ജെ പിക്ക് എത്തിപ്പിടിക്കാന്‍ ഇപ്പോള്‍ കഴിയാത്ത ഒരു വിഭാഗവും ഒന്നാം ഘട്ടത്തില്‍ പ്രധാനമായിരുന്നു: മുസ്ലിങ്ങള്‍. മുസാഫര്‍നഗറില്‍ 2013ല്‍ ഉണ്ടായ സാമുദായിക കലാപത്തിനു ശേഷം ജാട്ടുകളും മുസ്ലിങ്ങളും തമ്മില്‍ ശത്രുത നിലനിന്നിരുന്നെങ്കിലും കര്‍ഷക സമരം രണ്ടു സമുദായങ്ങളെയും ഒന്നിപ്പിച്ചതോടെ അവരുടെ ചായ്വ് സമാജ്വാദി-ആര്‍ എല്‍ ഡി സഖ്യത്തിന് അനുകൂലമായി എന്നാണ് വിലയിരുത്തല്‍.

മൂന്നാം ഘട്ടത്തില്‍ യാദവ കോട്ടകളില്‍ ആയിരുന്നു വോട്ടിംഗ്. അഖിലേഷിനു ഗണ്യമായ സ്വാധീനമുള്ള ഇടങ്ങള്‍. പരിപ്പും ഉരുളക്കിഴങ്ങും വിളയുന്ന മണ്ണില്‍ ചെറിയ പിന്നോക്ക ജാതി വിഭാഗങ്ങളുടെ വലിയ പിന്തുണയുള്ള മഹാന്‍ ദള്‍ പാര്‍ട്ടിയുടെ കൂടി കൂട്ടാന്‍ അഖിലേഷിനു കഴിഞ്ഞു. പിന്നോക്ക ജാതികളെ ബി ജെ പി വഞ്ചിച്ചു എന്നാരോപിച്ചു സംസ്ഥാന മന്ത്രിസഭ വിട്ട സ്വാമി പ്രസാദ് മൗര്യ, ധരം സിംഗ് സൈനി, ദാരാ സിങ് ചൗഹാന്‍ എന്നീ നേതാക്കള്‍ അഖിലേഷിനു കരുത്തുമായി. ഇവിടെയാണ് അദ്ദേഹത്തിന്റെ വ്യത്യസ്തമായ തന്ത്രം കാണ്ടേണ്ടത്. പിന്നോക്ക ജാതി-മുസ്ലിം സഖ്യം എന്ന പഴകിയ ഫോര്‍മുല വിട്ടു കൂടുതല്‍ ആഴത്തിലേക്ക് ഇറങ്ങിയൊരു ശ്രമം.

എസ് പിയുടെ പ്രചാരണത്തില്‍ അംബേദ്ക്കറുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് ദളിതരെ ലക്ഷ്യം വച്ചാണെന്നു കൃത്യമായി പറയാം. അഖിലേഷിന്റെ ഫോര്‍മുലയില്‍ അവരും പ്രധാന ഘടകമാണ്. പ്രത്യേകിച്ച് ദളിതരുടെ സ്വന്തമെന്നു അവകാശപ്പെട്ടിരുന്ന ബഹുജന്‍ സമാജ് പാര്‍ട്ടി (ബി എസ് പി) ക്ഷീണിച്ചു പോയതോടെ.
ഈ സഖ്യങ്ങളുടെ ശക്തി കണ്ടറിഞ്ഞാണ് ആദ്യം മാറ്റി വച്ചിരുന്ന വര്‍ഗീയ കാര്‍ഡ് ബി ജെ പി പുറത്തെടുത്തത്. ദളിതരും പിന്നോക്ക ജാതികളൂം ചോര്‍ന്നു പോകരുത് എന്ന ലക്ഷ്യത്തില്‍ ആയിരുന്നു അത്. മുസ്ലിം സമുദായത്തെ കടന്നാക്രമിച്ചും ഹിന്ദുത്വ അജണ്ടയില്‍ ഊന്നിയുമുള്ള പുതിയ പ്രചാരണ ശൈലി ഒന്നാം ഘട്ടം വോട്ടെടുപ്പിനു ശേഷം പുറത്തു വന്നു.

പി. പി മാത്യു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular