Thursday, May 2, 2024
HomeUSAഎപ്പിസ്‌കോപ്പൽ ഡയോസിസിൽ ബിഷപ് സ്ഥാനം നിയോഗമായി ഫാ. ജോസ് തരകൻ ഐഡഹോയിലേക്ക്

എപ്പിസ്‌കോപ്പൽ ഡയോസിസിൽ ബിഷപ് സ്ഥാനം നിയോഗമായി ഫാ. ജോസ് തരകൻ ഐഡഹോയിലേക്ക്

ക്രൈസ്തവ വിശ്വാസം ഏറെ വെല്ലുവിളികൾ നേരിടുന്ന ഈ കാലത്ത് വിശ്വാസത്തിന്റെ  വിളക്ക് ദീപ്തമാക്കുക എന്ന ദൗത്യവുമായാണ്  ഫാ. ജോസ് തരകൻ ഐഡഹോയിലെ എപ്പിസ്‌കോപ്പൽ രൂപതയുടെ പതിനാലാമത് ബിഷപ്പാകുന്നത്. ദൈവവിശ്വാസം പോലും ആവശ്യമില്ലെന്ന ചിന്താഗതി ശക്തിപ്പെടുമ്പോൾ അജഗണത്തെ നേരായ പാതയിൽ നയിക്കുകയും ആത്‌മീയതയുടെ ഉറവ വറ്റാതെ കാക്കുകയും ചെയ്യാൻ ലഭിച്ച നിയോഗത്തെ വിനയപൂർവം അദ്ദേഹം ഏറ്റെടുക്കുന്നു. എല്ലാം പരിപാലിക്കുന്ന ദൈവത്തിൽ ആശ്രയിച്ച് ഏല്പിച്ച ചുമതല ഏറ്റവും ഫലവത്താക്കുമെന്ന പ്രതീക്ഷയോടെ.

എപ്പിസ്‌കോപ്പൽ  സഭയിലെ ആദ്യ മലയാളി ബിഷപ്പ് ജോൺസി ഇട്ടി രണ്ട് പതിറ്റാണ്ട് മുൻപ് ഒറിഗണിൽ ബിഷപ്പായി. തമിഴ്നാട്ടുകാരനായ പ്രിൻസ് സിംഗ് 2008-ൽ ന്യു യോർക്കിലെ റോച്ചസ്റ്റർ ഡയോസിസിൽ ബിഷപ്പായി. മുഖ്യധാരാ ഡയോസിസുകളിൽ ഇന്ത്യാക്കാർ ബിഷപ്പാകുന്നത് അപൂര്വമല്ലന്നായിരിക്കുന്നു.

ഇപ്പോൾ മിസോറിയിലെ സ്‌പ്രിംഗ്‌ഫീൽഡിലുള്ള സെന്റ് ജെയിംസ് എപ്പിസ്‌കോപ്പൽ ചർച്ച് റെക്ടറായ ഫാ. ജോസിനെ ദേശീയ തലത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അന്തിമ പട്ടികയിൽ പെടുത്തിയത്. പട്ടികയിൽ വന്ന  മറ്റു രണ്ട് പേരും വെള്ളക്കാരായിരുന്നു. മൂന്നു പേരും ഐഡഹോ ഡയോസിസിൽ പോയി എല്ലാ പള്ളികളിലും പ്രസംഗിക്കുകയും തങ്ങളുടെ നിലപാടുകൾ ജനങ്ങൾക്ക് മുൻപാകെ വിശദീകരിക്കുകയും  ചോദ്യങ്ങൾക്കു മറുപടി പറയുകയും ചെയ്തു. തുടർന്ന് വൈദികരും  5000-ൽ പരം വരുന്ന  സഭാംഗങ്ങളും  ചേർന്നാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. ആദ്യ വോട്ടിൽ തന്നെ 50 ശതമാനത്തിലേറെ വോട്ട് നേടി ഫാ. ജോസ് വിജയിച്ചു. സാധാരണ പലവട്ടം വോട്ടെടുപ്പ് നേടിയാണ് ഒരു വിജയിയെ നിർണയിക്കുക.

വിജയിയെ ഇനി  സഭയുടെ എല്ലാ  ഡയോസിസുകളും അംഗീകരിക്കണം. അത് പക്ഷെ ഒരു ചടങ്ങ്  മാതമേയുള്ളു.

പൊട്ടറ്റോ ഉദ്‌പാദത്തിലൂടെ പ്രസിദ്ധമായ ഐഡഹോയിലെ ബോയിസിലെ  റോക്കീസ് കത്തീഡ്രലിൽ  ജൂൺ 25-നാണ്   മെത്രാഭിഷേകം. സഭയുടെ മോഡറേറ്റർ ആർച്ച് ബിഷപ്പ് മൈക്കൽ കറിയാണ്  അഭിഷേകം നടത്തുക. 25-ൽ പരം ബിഷപ്പുമാർ പങ്കെടുക്കും. ബ്രിട്ടനിലെ ഹാരി രാജകുമാരന്റെയും മേഗൻ മാർക്കിളിന്റെയും  വിവാഹം നടത്തിയത് ആർച്ച് ബിഷപ്പ് കറി  ആയിരുന്നു. ആംഗ്ലിക്കൻ കൂട്ടായ്മയിലുള്ള സഭയാണ് എപ്പിസ്‌കോപ്പൽ സഭ.

മെത്രാഭിഷേകത്തിനു നാട്ടിൽ നിന്ന് സഹോദരും  മറ്റും വരുന്നുണ്ടെന്ന് ഫാ. ജോസ് പറഞ്ഞു.

ഐഡഹോയിൽ 70 ശതമാനം സ്ഥലവും കാടും  മലയുമാണ്. മോർമൻസ് വിഭാഗത്തിനു ആധിപത്യമുള്ളതാണ് ഈ സ്റ്റേറ്റ്. വെള്ളക്കാരാണ് മഹാഭൂരിപക്ഷം. എങ്കിലും ഒരു ഇന്ത്യാക്കാരനെ  അവർ തെരെഞ്ഞെടുത്തു എന്നത് തന്നെ വിവേചനത്തിന് അതീതമായി അവർ ചിന്തിക്കുന്നു  എന്നതിന്റെ  തെളിവാണെന്നദ്ദേഹം കരുതുന്നു. ഇതേവരെ വ്യക്തിപരമായി വിവേചനങ്ങൾ അനുഭവപ്പെട്ടിട്ടില്ല. എങ്കിലും വിവേചനം ഇല്ലാതായതായി കരുതുന്നില്ല.

സ്ഥാനാരോഹണത്തോടെ മിസൂറിയിൽ  നിന്ന് ഐഡഹോയിലേക്ക് താമസം  മാറ്റണം.

കേരളത്തിലെ ഫ്രാൻസിസ്‌കൻ സെമിനാരികളിൽ വൈദിക  പഠനം പൂർത്തിയാക്കിയ അദ്ദേഹം ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും പൊളിറ്റിക്കൽ സയൻസിലും ഭോപ്പാൽ സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ്, സോഷ്യൽ സയൻസ് എന്നിവയിലും  ബിരുദങ്ങൾ നേടി.

ഫാ. ജോസ് തരകൻ, തൃശ്ശൂരിലെ ബ്രഹ്മകുളത്തെ ഒരു പരമ്പരാഗത സീറോ മലബാർ റോമൻ കാത്തലിക് സഭയിലാണ്  ജനിച്ചതും വളർന്നതും. അദ്ദേഹത്തിന്റെ മാതാപിതാക്കളും നാല് സഹോദരങ്ങളും  മതപരമായി വൈവിധ്യവും സമ്പന്നവുമായ സ്ഥലത്താണ് വളർന്നത്. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, 15-ആം വയസ്സിൽ, റിലീജിയസ് ഓർഡർ ഓഫ് ഫ്രിയേഴ്സ് മൈനർ കപ്പൂച്ചിൻസ്, ഫസ്റ്റ് ഓർഡർ ഫ്രാൻസിസ്കൻസിൽ ചേർന്നു.

1994 ഡിസംബർ 30-ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം കപ്പൂച്ചിൻസിന്റെ ഉത്തരേന്ത്യൻ മിഷനുകളിൽ സേവനമനുഷ്ഠിച്ചു. ഡൽഹിയിലായിരിക്കെ, വിശുദ്ധ മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയിൽ വൈദികനായും ചാപ്ലെനായായും സേവനമനുഷ്ഠിച്ച അദ്ദേഹം വി. മദർ തെരേസയാൽ അനുഗ്രഹിക്കപ്പെട്ടു.

മീഡിയ ഹൗസ് പബ്ലിക്കേഷൻ സെന്ററിന്റെ അസിസ്റ്റന്റ് ഡയറക്ടർ എന്നതിനുപുറമെ, അദ്ദേഹം  ഉത്തർപ്രദേശിലെ സെന്റ് പോൾസ് ആൻഡ് ഹോളി ഏഞ്ചൽസിന്റെ ഇടക്കാല ഹൈസ്കൂൾ പ്രിൻസിപ്പൽ, സഞ്ചാര സുവിശേഷ പ്രസംഗകൻ, സംഗീതസംവിധായകൻ, സ്പിരിച്വൽ ഡയറക്ടർ, തിയോളജി പ്രൊഫസർ എന്നീ നിലകളിൽ പ്രവർത്തിച്ചു.

അർക്കൻസായിലെ  ബിഷപ്പ് ആൻഡ്രൂ ജെ മക്ഡൊണാൾഡിന്റെ ക്ഷണപ്രകാരം ഫാ. ജോസ് ലിറ്റിൽ റോക്കിലെ കത്തോലിക്കാ രൂപതയിൽ എത്തി.  അദ്ദേഹം ഫോർട്ട് സ്മിത്ത് ആൻഡ് സെന്റ് ലിയോസ്, ഹാർട്ട്ഫോർഡിലെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ചർച്ചിൽ അസോസിയേറ്റ് വൈദികനായി.

2001-ലെ പെന്തക്കോസ്ത് തിരുനാളിൽ കത്തോലിക്കാ സഭയിൽ നിന്ന് പുറത്തു വന്നു. പുതിയ ഉൾവിളി  സ്വീകരിച്ച് അദ്ദേഹം ചെസ്റ്ററിലെ 98 പേരുള്ള ഒരു ചെറിയ പട്ടണത്തിലേക്ക് മാറി. അവിടെ അദ്ദേഹം ലളിതമായ ജീവിതം നയിക്കുകയും ഒരു പശു ഫാമിൽ തികച്ചും പ്രകൃതിയുടെ മനോഹരമായ സാഹചര്യം മനസിലാക്കി 900 പശുക്കളെ പരിപാലിക്കുകയും ചെയ്തു.

2001 മുതൽ 2003 വരെ സാൻ അന്റോണിയോയിലും പൈൻ ബ്ലഫിലും ക്ലിനിക്കൽ പാസ്റ്ററൽ എഡ്യൂക്കേഷന്റെ എട്ട് യൂണിറ്റുകൾ പൂർത്തിയാക്കിയ ശേഷം അദ്ദേഹം ചെസ്റ്ററിലേക്ക് മടങ്ങി. തുടർന്ന് അദ്ദേഹം ദരിദ്രർക്കും ഗ്രാമീണ സമൂഹങ്ങൾക്കും ഇന്റർനെറ്റ് നൽകുന്ന ഒരു വിജയകരമായ മിഷൻ ആരംഭിച്ചു.

 2006-ൽ ഫാ. ജോസിനെ എപ്പിസ്‌കോപ്പൽ സഭയിലേക്ക് സ്വീകരിക്കുകയും മേനയിലെ  ക്രൈസ്റ്റ് ചർച്ചിലും, റസൽവില്ലിലുള്ള ഓൾ സെയിന്റ്‌സ് പള്ളിയിലും സേവനം അനുഷ്ഠിക്കുകയും ചെയ്തു.

ഈ വർഷങ്ങളിൽ, യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് വഴി പാസ്റ്ററൽ കെയർ, കോംപ്ലിമെന്ററി ഹീലിങ്ങ് എന്നിവയെക്കുറിച്ചുള്ള ജനപ്രിയ ടെലികോൺഫറൻസുകൾ അദ്ദേഹം അവതരിപ്പിച്ചു.അരിസോണയിലെ സ്‌കോഡെയിലെ കാസയിലും,വിവിധ ആശുപത്രികളിലും ഇത് പഠിപ്പിച്ചു.

2004-ൽ, കൻസാസ് സിറ്റിയിലെ നാഷണൽ അസോസിയേഷൻ ഓഫ് കാത്തലിക് ചാപ്‌ളേയിൻസിന്റെ ഇന്റർനാഷണൽ കോൺഫറൻസിൽ ചാപ്ളേയിൻമാർക്കായുള്ള തന്റെ നൂതനമായ ഹീലിംഗ് ശുശ്രൂഷയ്ക്ക്  അദ്ദേഹത്തിന് അംഗീകാരം   ലഭിച്ചു. അസോസിയേഷൻ ഓഫ് ക്ലിനിക്കൽ പാസ്റ്ററൽ എജ്യുക്കേഷൻ, നാഷണൽ അസോസിയേഷൻ ഓഫ് മസാജ് തെറാപ്പിസ്റ്റ് ആൻഡ് ബോഡി വർക്ക്സ് എന്നിവയിലൂടെ തുടർ വിദ്യാഭ്യാസ ക്രെഡിറ്റുകൾക്കായി അദ്ദേഹത്തിന്റെ വർക്ക്ഷോപ്പുകൾ അംഗീകരിക്കപ്പെട്ടു.

2015-ൽ, പ്രതീക്ഷിച്ച  തീയതിക്ക് അഞ്ച് വർഷം മുമ്പ്, പുരോഹിതർക്കും സാധാരണക്കാർക്കും ആത്മീയമായി വളരാനുള്ള ലാഭേച്ഛയില്ലാത്ത നവീകരണ കേന്ദ്രമായ ഹൗസ് ഓഫ് ബ്ലെസിംഗ്സ് ഫൗണ്ടേഷൻ സ്ഥാപിച്ചപ്പോൾ അദ്ദേഹം തന്റെ ക്രെഡോ ഭാഗ് (ബിഗ് ഹെയർ അഡാഷ്യസ് ഗോൾ) നേടി.

സാങ്കേതിക ജ്ഞാനമുള്ളതിനാൽ ഫാ. ജോസ് നിരവധി വെബ്‌സൈറ്റുകളും ചർച്ച് ആപ്പുകളും രൂപകൽപ്പന ചെയ്‌തു, നിലവിൽ എപ്പിസ്‌കോപ്പൽ ഡെയ്‌ലി എന്ന ഓൺലൈൻ പത്രം പ്രസിദ്ധീകരിക്കുന്നു. (www.episcopaldaily.net)

ഫാ. ജോസ് ദേശീയതലത്തിൽ കമ്മീഷൻ ചെയ്ത ഒരു സെന്ററിംഗ് പ്രെയർ ഫെസിലിറ്റേറ്ററും സ്പിരിച്വൽ ഡയറക്ടേഴ്‌സ്  ഇന്റർനാഷണലിന്റെ അംഗവുമാണ്. സെന്റ് ജെയിംസിലെ റെക്ടറായിരിക്കുന്നതിനു പുറമെ, വെസ്റ്റ് മിസൗറി രൂപതയുടെ സതേൺ ഡീനറിയുടെ ഡീനായും  സേവനമനുഷ്ഠിക്കുന്നു.

മൾട്ടി-മീഡിയ ആർട്ടിസ്റ്റായ ഫാ.തരകൻ   സംഗീതവും സൗണ്ട് ട്രാക്കുകളും രചിക്കുകയും ഷോർട്ട് ഫിലിമുകളും വിദ്യാഭ്യാസ വീഡിയോകളും വെബ്‌സൈറ്റുകളും സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

പ്രീസ്‌കൂൾ അധ്യാപകയും മികച്ച കമ്മ്യൂണിക്കേഷൻ സ്പെഷ്യലിസ്റ്റുമായ കിംബിയാണ് ഭാര്യ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular