Friday, May 3, 2024
HomeIndiaഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ സീറ്റ് വിഹിതം കുറക്കാന്‍ കഴിയുമെന്ന് സമാജ് വാദി തെളിയിച്ചു -അഖിലേഷ്

ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ സീറ്റ് വിഹിതം കുറക്കാന്‍ കഴിയുമെന്ന് സമാജ് വാദി തെളിയിച്ചു -അഖിലേഷ്

ലഖ്നോ: ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ റെക്കോഡ് വിജയത്തിന് പിന്നാലെ പ്രതികരണവുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്.

സംസ്ഥാന നിയമസഭയില്‍ ബി.ജെ.പിയുടെ സീറ്റ് കുറക്കാന്‍ സമാജ് വാദി പാര്‍ട്ടിക്ക് കഴിയുമെന്ന് ഈ തെരഞ്ഞെടുപ്പിലൂടെ തെളിയിക്കപ്പെട്ടതായി അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു. ബി.ജെ.പിയുടെ പകുതിയിലധികം കള്ളത്തരങ്ങള്‍ തുടച്ചുനീക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞുവെന്നും ഇനിയും പൊതുതാല്‍പര്യങ്ങള്‍ക്ക് വേണ്ടി പോരാടുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ സമാജ് വാദിയുടെ സീറ്റ് രണ്ടര ഇരട്ടിയും വോട്ട് ശതമാനം ഒന്നര ഇരട്ടിയും വര്‍ധിപ്പിച്ച്‌ പിന്തുണ നല്‍കിയ യു.പിയിലെ ജനങ്ങള്‍ക്ക് ട്വിറ്ററിലൂടെ അദ്ദേഹം നന്ദി രേഖപ്പെടുത്തി. ജനങ്ങള്‍ക്ക് പാര്‍ട്ടിയില്‍ വിശ്വാസമുണ്ടെന്ന് തെരഞ്ഞെടുപ്പിലൂടെ ബോധ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശിലെ 403 നിയമസഭാ മണ്ഡലങ്ങളില്‍ 255ലും വിജയിച്ച്‌ 41.29 ശതമാനം വോട്ട് നേടിയാണ് ഇപ്രാവശ്യം ബി.ജെ.പി അധികാരം നിലനിര്‍ത്തിയത്. എങ്കിലും 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ ബി.ജെ.പിയുടെ സീറ്റുവിഹിതത്തില്‍ ഇടിവുണ്ടാക്കാന്‍ അഖിലേഷിന്‍റെ സമാജ് വാദിക്ക് കഴിഞ്ഞിട്ടുണ്ട്.

സംസ്ഥാനത്തെ 111 മണ്ഡലങ്ങളിലാണ് സമാജ് വാദി വിജയിച്ചിട്ടുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular