Sunday, May 5, 2024
HomeEditorialഉടഞ്ഞ വിഗ്രഹം

ഉടഞ്ഞ വിഗ്രഹം

സാവിത്രി കമലാക്ഷിയമ്മയോട് ഒട്ടിപ്പിടിച്ചുകിടന്നു. മാതൃസ്‌നേഹത്തിന്റെ വറ്റാത്ത ഉറവകള്‍ അനുഭവിച്ചു മതിവരാത്ത ഒരു കൗമാരക്കാരിയാണവള്‍.
സാവിത്രി അമ്മയുടെ ചെവിയില്‍ മന്ത്രിച്ചു.
”അമ്മേ, എനിക്കയാളുടെകൂടെ കിടക്കാന്‍ വയ്യ. അയാളുടെ വായ്‌നാറ്റവും വിയര്‍പ്പുനാറ്റവും എനിക്കു സഹിക്കാനാവുന്നില്ല.”
”മോളേ, ഇതു പെണ്ണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതാ. നിനക്ക് പത്തുപതിനാറ് വയസ്സായില്ലേ? പെണ്ണായാല്‍ ഒരു ആണ്‍തുണ വേണം. ഇല്ലാണ്ടു പറ്റില്ല.”
”അമ്മേ, അയാള്‍ മനുഷ്യനല്ല, മൃഗമാണ്. കതകടച്ചുകഴിഞ്ഞാല്‍ അയാളുടെ പരാക്രമം ഒന്നുകാണണം. അയാളുടെ മകളാകാനുള്ള പ്രായമല്ലേയുള്ളു എനിക്ക്?”
”മോളേ, അതു ആദ്യമൊക്ക തോന്നുന്നതാ. നിന്റച്ഛന്‍ എനിക്കു പൊടവ തന്നപ്പം എനിക്കെത്രാ വയസ്സ്?
എനിക്കു നിന്റെ പ്രായം. പതിനഞ്ച്.
അന്നെനിക്കും തോന്നിയതാ ഇപ്പം നീ പറയുന്നതൊക്കെ. കൊറച്ചുകഴിഞ്ഞപ്പം അതൊക്കെ മാറി. നിന്നെ എനിക്കു തന്നിട്ട് രണ്ടുകൊല്ലം കഴിഞ്ഞപ്പോഴേയ്ക്കും നിന്റച്ഛന്‍ പോയില്ലേ, എന്നെ തനിച്ചാക്കിയിട്ട്. നീ നിന്റെ കെട്ടിയോനോട് സഹകരിക്കാന്‍ നോക്ക്.”
അമ്മയുടെ സാന്ത്വനവാക്കുകള്‍ ഗദ്ഗദത്തിലാണവസാനിച്ചത്.
”സഹകരിക്കാനോ? എന്തിന്? അയാള്‍ കരടിയാണമ്മേ. കരടിയോടെങ്ങനെ സഹകരിക്കാന്‍? അയാളുടെ നെഞ്ചും മുതുകും നിറയെ പൂടയാണ്. കരടിയുടെ പൂട. കരടിക്കു ഇണ കരടിയാണ്, മനുഷ്യപ്പെണ്ണല്ല.”
”മോളേ, അങ്ങനൊന്നും പറയല്ലേ. ആണ്‍തുണ പെരുംതുണയാണ്. അതു കൊറച്ചുനാള്‍ കഴിയുമ്പം നിനക്കു മനസ്സിലാവും. ഒന്നുരണ്ടു പിള്ളാരൊക്കെ ആയിക്കഴിയുമ്പം നീ സദാശിവനെ ദൈവത്തെപ്പോലെ പൂജിക്കും.”
”ഞാന്‍ മനുഷ്യപ്പെണ്ണാണ് അമ്മേ, പെണ്‍കരടിയല്ല കരടിക്കുട്ടികളെ പ്രസവിക്കാന്‍.”
കരടിക്കു ദേഹം മുഴുവന്‍ പൂടയുണ്ട്.
കരടിയുടെ കണ്ണുകളില്‍ ക്രൗര്യം നിഴലിക്കും..
കരടിക്ക് കൂര്‍ത്തുമൂര്‍ത്ത നഖങ്ങളുണ്ട്.
കരടി മാന്തും. ശരീരം മുഴുവന്‍ നഖക്ഷതം ഏല്ക്കും.
കരടി അട്ടഹസിക്കും.
കരടി അട്ടഹസിക്കുമ്പോള്‍ വായില്‍നിനിന്നും ആവി പറക്കും.
കരടി പാടും, മൃഗരാഗത്തില്‍.
കരടി പാടുമ്പോള്‍ പട്ടച്ചാരായത്തിന്റെ ഗന്ധം പരക്കും.
കരടിക്കു ചിരിക്കാനറിയില്ല..
കരടിക്ക് ആലിംഗനം ചെയ്യാനറിയില്ല..
കരടിക്ക് ചുംബിക്കാനറിയില്ല..
കരടിക്ക് തലോടാന്‍ അറിയില്ല..
കരടിക്ക് ലാളിക്കാന്‍ അറിയില്ല..
കരടിക്ക് സാന്ത്വനവാക്കുകളില്ല..
കരടിയുടെ വായില്‍നിന്നു വരുന്നതു പുളിച്ച തെറിയാണ്..
കരടിക്ക് പങ്കിടാന്‍ അറിയില്ല..
കരടി കീഴ്‌പ്പെടുത്തും..
കരടിക്കു കറുത്ത കറപിടിച്ച പല്ലുകളുണ്ട്..
കരടി ഇരയെ കടിച്ചുകീറും..
കരടി മൃഗമാണ്.. അവന്റെ ഡിഎന്‍എ വേറെയാണ്..
കരടിയുടെ മടയിലേയ്ക്കു പോകുവാന്‍ മനുഷ്യക്കുട്ടി വിസമ്മതിച്ചു.

കമലാക്ഷിയമ്മ സാവിത്രിയെ ശാസിച്ചു. അവളെ ഉന്തിത്തള്ളി പട്ടച്ചാരായത്തിന്റെ ഗന്ധം വമിക്കുന്ന മുറിയിലെത്തിച്ചു. അവിടെ കരടി പാടാന്‍ തുടങ്ങിയിരുന്നു.. ഇരുണ്ട മുറിയില്‍നിന്ന് മൃഗരാഗങ്ങള്‍ ഒഴുകിവന്നു. കമലാക്ഷിയമ്മ പതിവില്ലാതെ കൂര്‍ക്കം വലിച്ചു..
അല്പസമയം കഴിഞ്ഞ് ക്ഷുഭിതനായ സദാശിവന്‍ വെളിയില്‍ വന്നു. അയാളുടെ മുഖം വക്രിച്ചിരുന്നു. അയാള്‍ പറഞ്ഞു.
”സാവിത്രിക്കു ഒരു വിവാഹം ആവശ്യമില്ലായിരുന്നു. അവള്‍ക്ക് ഒരു കെട്ടിയോന്‍ ആവശ്യമില്ലായിരുന്നു. അവള്‍ പെണ്ണല്ല. അവള്‍ മദയാനയാണ്.”
സദാശിവന്റെ നാവു കുഴഞ്ഞിരുന്നു. വാക്കുകള്‍ കൂട്ടിയോജിപ്പിക്കാന്‍ അയാള്‍ ബുദ്ധിമുട്ടി.
”എന്ത്? സാവിത്രി പെണ്ണല്ലെന്നോ? എങ്ങനെ തോന്നി സദാശിവാ നിനക്കതു പറയാന്‍?”
കമലാക്ഷിയമ്മ ഒരുനിമിഷം മൗനം ഭജിച്ചു. അവര്‍ അല്പം താണശബ്ദത്തില്‍ പറഞ്ഞു.
”പിന്നൊരു കാര്യമുണ്ട് സദാശിവാ. പെണ്ണിനെ പാട്ടിലാക്കാന്‍ ഒരു പ്രത്യേക കഴിവ് വേണം. കടിച്ചുകീറി തിന്നാന്‍ അവള്‍ മൃഗമല്ല. ഏതു മദയാനയാണെങ്കിലും ഇണക്കുന്നത് പാപ്പാന്റെ കഴിവാ.”
മരുമകന്റെ മുഖത്തു നോക്കാതെയാണ് കമലാക്ഷിയമ്മ അതു പറഞ്ഞത്. വാക്കുകള്‍ക്ക് അതിരുകളുണ്ട്.

”എടാ, ഇടഞ്ഞുനില്ക്കുന്ന മദയാനയെ തളയ്ക്കാന്‍ ഒരു വഴിയേയുള്ളു.”
വാറ്റുചങ്കരന്‍ പറഞ്ഞു. വാറ്റുചങ്കരന്‍ കരടിസദാശിവന്റെ കൂട്ടുകാരനാണ്. ചങ്കരനോട് കരടി എല്ലാം പറയും. ചങ്കരനും കരടിയും ഒരുമിച്ച് പട്ടച്ചാരായം അടിക്കുന്നവരാണ്.
കരടിക്കു കാര്യം മനസ്സിലായില്ല.
”എന്താ അത്?” കരടി ആരാഞ്ഞു.
”മയക്കുവെടി.”
”മയക്കുവെടിയോ?” കരടിക്കു കാര്യം പിടികിട്ടിയില്ല.
ചങ്കരന്‍ ചിരിച്ചു. ചങ്കരന്‍ ചിരിക്കുമ്പോള്‍ പല്ലെല്ലാം വെളിയില്‍ കാണാം.
കറുത്ത കരിപിടിച്ച പല്ലുകള്‍.

പിറ്റേന്ന് ചങ്കരന്‍ ഒരു പൊതി കരടിയെ ഏല്പിച്ചു. വര്‍ത്തമാനക്കടലാസില്‍ പൊതിഞ്ഞ പ്ലാസ്റ്റിക്ക്കൂടില്‍ ഒരു വെളുത്തപൊടിയുണ്ടായിരുന്നു.
”ഒരു നുള്ളേ ഇടാവൂ. അല്ലെങ്കില്‍ ആള് വടിയാവും.”
”അതൊക്കെ എനിക്കറിയാം.”
കരടി ചിരിച്ചു. ചങ്കരനും ചിരിച്ചു.
”പിന്നെ കാര്യങ്ങളൊക്കെ വന്നു പറയണം.”

വിരണ്ട ആന പാപ്പാനെ അനുസരിക്കില്ല.
വിരണ്ട ആന പാപ്പാനെ ചവിട്ടും. ചിലപ്പോള്‍ കുത്തിമലര്‍ത്തും.
വിരണ്ട ആന പാപ്പാന്റെ തോട്ടിപ്രയോഗത്തിന് നിന്നു കൊടുക്കില്ല
വിരണ്ട ആനയെ ചങ്ങലയിടാന്‍ കഴിയില്ല..

മയക്കുവെടിവെച്ചാല്‍ ആന ശാന്തമാകും.
അല്പസമയം കഴിയുമ്പോള്‍ ആന താഴെ വീഴും.
ആന ഗാഢനിദ്രയിലാണ്ടുപോകും.
ഗാഢനിദ്രയിലായ മദയാന ഇടയുകയില്ല..
ചിലമണിക്കൂറുകള്‍ കഴിഞ്ഞ് മദയാന ഉണരും.
അപ്പോഴേയ്ക്കും മദയാന ബന്ധിക്കപ്പെട്ടു കഴിഞ്ഞിരിക്കും.
അപ്പോള്‍ പാപ്പാന്‍ പൊട്ടിച്ചിരിക്കും, മദയാനയെനോക്കി.
”നിന്റെ മദമെല്ലാം എവിടെപ്പോയി?” എന്നാണ് ആ ചിരിയുടെ അര്‍ത്ഥം..

മനുഷ്യപ്പെണ്ണിനെ നോക്കി കരടി ഉറക്കെ ചിരിച്ചു. അയാള്‍ ചിരിച്ചപ്പേള്‍ വായില്‍നിന്നും ആവി പറന്നു. ചാരായത്തിന്റെ ഗന്ധം അവിടെ പരന്നു.
സാവിത്രി എന്ന പതിനഞ്ചുകാരി പൊട്ടിത്തെറിച്ചു.
”നീ ആണ് ആണോടാ?
നീ ആണോടാ പര്‍ത്താവ്?”
കരടി വീണ്ടും വീണ്ടും ചിരിച്ചു.
വീട് നിറയെ പട്ടച്ചാരായത്തിന്റെ ഗന്ധം വ്യാപിച്ചു.
എന്നിട്ടയാള്‍ ഇറങ്ങിപ്പോയി, പൊട്ടിച്ചിരിച്ചുകൊണ്ടുതന്നെ.

മില്‍മാബൂത്തില്‍ പോയി പാല്‍ വാങ്ങി വീട്ടിലേയ്ക്കു വരുമ്പോഴാണ് സാവിത്രി പള്ളിയങ്കണത്തിലെ കണ്‍വന്‍ഷന്‍പന്തല്‍ കണ്ടത്. ഒരു പാതിരിയച്ചന്‍ പ്രസംഗിച്ചുകൊണ്ടുനില്ക്കുന്നു. കേള്‍ക്കാന്‍ രസം തോന്നി. പാതയോരത്തു നിന്നുകൊണ്ട് അച്ചന്റെ പ്രസംഗം ശ്രദ്ധിച്ചു.
”മണ്ണുകൊണ്ടാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. മണ്ണു കുഴയ്ക്കാന്‍ ദൈവം ഒരു ദ്രാവകം ഉപയോഗിച്ചു. ആ ദ്രാവകത്തിന്റെ പേരാണ് സ്‌നേഹം. സ്‌നേഹത്തില്‍ കുഴച്ച മണ്ണുകൊണ്ട് ദൈവം മനുഷ്യനെ ഉണ്ടാക്കി. അതു നെടുകെ കീറിയെടുത്തു. ഒരു പാതിക്ക് നരനെന്നും മറ്റെ പാതിക്ക് നാരിയെന്നും പേരിട്ടു. രണ്ട് പാതികളും പരസ്പരപൂരകങ്ങളാണ്. ഒരു പാതി മറ്റെ പാതിയെക്കാള്‍ ശ്രേഷ്ഠമൊന്നുമല്ല. രണ്ടാക്കപ്പെട്ട പാതികള്‍ വീണ്ടും ഒന്നാകാന്‍ വെമ്പുന്ന പ്രക്രിയയാണു രതി.
രതി സ്‌നേഹത്തിന്റെ പൂര്‍ത്തീകരണമാണ്. രതിയില്‍ ശരീരവും ആത്മാവും ഒന്നാക്കപ്പെടുന്നു.
തലോടലിനു കൊതിക്കുന്ന നിമിഷങ്ങള്‍..
ആലിംഗനത്തിനു വെമ്പുന്ന നിമിഷങ്ങള്‍..
ഗംഗയും യമുനയും ഒന്നായിച്ചേര്‍ന്നൊഴുകുന്ന നിമിഷങ്ങള്‍..
അതു ദൈവികമാണ്..
ദൈവം സ്‌നേഹമാണ്..
സ്‌നേഹത്തിന്റെ പ്രവാഹമാണ് രതി..
രതിയില്‍ കീഴ്‌പ്പെടുത്തലില്ല..
ഇരയും വേട്ടക്കാരനുമില്ല..
കീഴ്‌പ്പെടുത്തല്‍ മൃഗീയമാണ്.
ഞാന്‍ പറയുന്നത് സ്വര്‍ഗ്ഗത്തിലെ കാര്യമൊന്നുമല്ല.. പച്ചയായ മനുഷ്യജീവിതത്തിന്റെ കാര്യമാണ്. ഇന്നുമുതല്‍ നിങ്ങള്‍ പരീക്ഷിച്ചു നോക്കൂ. മാറ്റങ്ങള്‍ ഉണ്ടാകും.”
പാതിരിയച്ചന്റെ പ്രസംഗം.

സാവിത്രിയുടെ മനസ്സില്‍ ഒരു പുതിയ വെളിച്ചം ഉദിച്ചു.
മണ്ണില്‍നിന്നും മനുഷ്യനെ സൃഷ്ടിച്ച ആ ദ്രാവകം കൊണ്ട് കരടിയെ മനുഷ്യനാക്കാന്‍ പറ്റുമോ?
സാവിത്രിയുടെ ചുണ്ടുകളില്‍ നാണത്തില്‍ പൊതിഞ്ഞ ഒരു പുഞ്ചിരി വിടര്‍ന്നു..
ദിവ്യനായ ഒരു മഹര്‍ഷിയില്‍നിന്നും വീണുകിട്ടിയ വരദാനം പോലെ സാവിത്രിയുടെ മനസ്സിലേയ്ക്ക് ഒരു മന്ത്രം പ്രവേശിച്ചു. അവള്‍ ഉദ്വേഗത്തോടെ ഭവനത്തിലേയ്ക്കു നടന്നു..

വീട്ടിലേക്ക് പോകുന്നവഴി സാവിത്രി മംഗല്യയില്‍ കയറി. സ?ന്ദര്യം കൂട്ടാനുള്ള പല സാധനങ്ങളും വില്ക്കുന്ന കടയാണ് മംഗല്യ.
സാവിത്രി മുല്ലപ്പൂക്കള്‍ വാങ്ങി.
സിന്ദൂരം വാങ്ങി.
കണ്‍മഷി വാങ്ങി.
ചുണ്ടില്‍ പുരട്ടുന്ന ചായം വാങ്ങി.
അത്യന്തസുഗന്ധിയായ ടാല്‍കം പ?ഡര്‍ വാങ്ങി.
കപോലഭംഗി കൂട്ടുവാന്‍ ഇളം റോസ്‌നിറത്തിലുള്ള പൊടി വാങ്ങി.
അത് ബ്രഷുചെയ്ത് പുരട്ടുവാന്‍ മേക്കപ്പ് ബ്രഷ് വാങ്ങി.
കൈതപ്പൂവിന്റെ മണമുള്ള വാസനാതൈലം വാങ്ങി.
അന്ന് സാവിത്രി സായംകാലത്തിനുമുമ്പേ ഇളംചൂടുവെള്ളത്തില്‍ കുളിച്ചു. കാര്‍കൂന്തല്‍ ഈരിഴയന്‍ തോര്‍ത്തുകൊണ്ട് പലതവണ തുവര്‍ത്തി, ഈര്‍പ്പമില്ലെന്ന് ഉറപ്പുവരുത്തി.
പെട്ടിയില്‍ സൂക്ഷിച്ചിരുന്ന കടുംചുവപ്പ് നിറത്തിലുള്ള പട്ടുസാരി എടുത്തുടുത്തു.
മുല്ലപ്പൂമാല ചൂടി. വാസനതൈലം തേച്ചു. അണിഞ്ഞൊരുങ്ങി അവള്‍ മുറ്റത്ത് നില്പായി.
ഇന്ന് സ്‌നേഹം കൊടുക്കണം, സ്‌നേഹം വാങ്ങണം.
പള്ളീലച്ചന്‍ പറഞ്ഞ സ്‌നേഹത്തിന്റെ നറുംനിലാവെളിച്ചത്തില്‍ ഞാനും എന്റെ സദാശിവേട്ടനും മാത്രമുള്ള രാവാണിന്ന്. ഇന്ന് ഞങ്ങള്‍ പുതിയ ഒരദ്ധ്യായം ആരംഭിക്കും. പലതും ഓര്‍ത്തപ്പോള്‍ സാവിത്രിയുടെ മുഖം നാണത്തില്‍ മുങ്ങി.
അണിഞ്ഞൊരുങ്ങി നില്ക്കുന്ന സാവിത്രിയെ നോക്കി കമലാക്ഷിയമ്മ ഇരുത്തിമൂളി.
”ങ്ഹൂം”
ആ മൂളലില്‍ സ്‌നേഹവും താപവും അനുകമ്പയുമെല്ലാം അടങ്ങിയിരുന്നു.

അന്ന് പതിവിലും താമസിച്ചാണ് കരടിസദാശിവന്‍ വന്നത്. അയാളന്ന് പതിവിലേറെ മദ്യപിച്ചിരുന്നു. അരക്കാതം അകലെ വന്നപ്പോള്‍തന്നെ വികടസാഹിത്യത്തിന്റെ അകയൊലികള്‍ കേട്ടുതുടങ്ങി.
നാലുകാലില്‍ നടന്നാണ് സദാശിവനെത്തിയത്. താങ്ങിപ്പിടിക്കാന്‍ ചങ്കരനുണ്ടായിരുന്നു.
”ഹല്ല, ഇന്ന് മുല്ലപ്പൂ ചൂടിയാണോ…………..ശ്ശിയുടെ നില്പ്? ആരെക്കാണാനെടി…………..നീ അണിഞ്ഞൊരുങ്ങി നില്ക്കുന്നത്?”
സദാശിവന്റെ നാവില്‍നിന്നും തെറിവാക്കുകളുടെ ഒരു പെരുമഴതന്നെ പെയ്തിറങ്ങി.

സാവിത്രിക്ക് നിരാശയും ദു:ഖവും തോന്നി. അവള്‍ തലയില്‍ ചൂടിയിരുന്ന പൂമാല പൊട്ടിച്ചെറിഞ്ഞു. നിലവിളിച്ചുകൊണ്ടവള്‍ വീട്ടിലേക്കോടിക്കയറി.

സാവിത്രി കമലാക്ഷിയുടെ കരവലയത്തിനുള്ളില്‍ ഒട്ടിപ്പിടിച്ചുകിടന്നു. ഏതു വേദനയിലും മാതൃസന്നിധാനമാണാശ്രയം. രാവേറെച്ചല്ലുന്നതുവരെ അവളുടെ ഏങ്ങലടി ഉയര്‍ന്നുകൊണ്ടിരുന്നു. കപോലത്തിലെ കണ്ണുനീര്‍ച്ചാലുകള്‍ ഒഴുകിക്കൊണ്ടേയിരുന്നു. സാവിത്രിക്ക് പതിനാറു തികഞ്ഞിട്ടില്ല. ബാല്യത്തിന്റെ നിഷ്‌ക്കളങ്കത മാറുന്നതിനുമുമ്പുതന്നെ മംഗല്യച്ചരടെന്ന അമിക്കയറുകൊണ്ട് ബന്ധിക്കപ്പെട്ട ഹതഭാഗ്യയാണവള്‍.
അര്‍ദ്ധരാത്രികഴിഞ്ഞ് പോകുന്ന മദിരാശിമെയില്‍ തീവണ്ടിയുടെ ചൂളംവിളികേട്ടു. അടുത്തെവടിയോ ചാവാലിപ്പട്ടികള്‍ ഓരിയിടാന്‍ തുടങ്ങി. കന്നിമാസമല്ലേ, ശ്വാനദമ്പതികള്‍ ഓരിയിടുന്ന മാസമാണത്.
”അമ്മേ,” സാവിത്രി നേര്‍ത്തസ്വരത്തില്‍ വിളിച്ചു.
”ങും”
കമലാക്ഷി നേര്‍ത്തസ്വരത്തില്‍ വിളികേട്ടു.
”എന്തിനാണമ്മേ വിവാഹം?”
കമലാക്ഷിക്ക് ഉത്തരം മുട്ടി.
പക്ഷേ അവര്‍ നേര്‍ത്ത സ്വരത്തില്‍ പറഞ്ഞു.
”അതു നാട്ടില്‍ പതിവൊള്ളതല്യോ?”
”നാട്ടിലെ പതിവ് തീര്‍ക്കാന്‍ ഒരു പെണ്ണിന്റെ ജീവിതം തൊലയ്ക്കണോ?”
കമലാക്ഷിക്ക് വീണ്ടും ഉത്തരം മുട്ടി.
”അമ്മേ,”
അല്പസമയം കഴിഞ്ഞ് സാവിത്രി വീണ്ടും വിളിച്ചു.
”ങും”
”പെണ്ണായി പിറക്കുന്നത് ഒരു കുറ്റമാണല്ലേ, അമ്മേ?”
”നേരം കൊച്ചുവെളുപ്പാന്‍കാലമായി. നീ ഉറങ്ങാന്‍ നോക്ക്.”
പിന്നെ സാവിത്രി ഒന്നും പറഞ്ഞില്ല. പക്ഷേ അവളുടെ നെടുവീര്‍പ്പുകള്‍ നിലച്ചിരുന്നില്ല.

അടുത്തമുറിയില്‍നിന്നും കരടിസദാശിവന്റെ ഉച്ചത്തിലുള്ള കൂര്‍ക്കംവലി നിലച്ചതുപോലെ തോന്നി. പക്ഷേ പട്ടച്ചാരായത്തിന്റെ രൂക്ഷഗന്ധം അപ്പോഴും വായുവില്‍ തങ്ങിനിന്നിരുന്നു. പുറത്ത് കാല്‍പെരുമാറ്റം കേട്ടതുപോലെ കമലാക്ഷിക്ക് തോന്നി. അവള്‍ പെട്ടെന്നെഴുനേറ്റു. മുറിയുടെ സാക്ഷാ ഭദ്രമാണെന്നുറപ്പുവരുത്തി.
പ്രഭാതത്തില്‍ സാവിത്രി പറഞ്ഞു.
”എനിക്കിനി കരടിയെ കെട്ടിയോനായിട്ട് വേണ്ട.”
അവള്‍ കെട്ടുതാലി പൊട്ടിച്ചെറിഞ്ഞു.
”മോളേ, അങ്ങനെ പൊട്ടിച്ചെറിയാന്‍ പറ്റുന്നതല്ല കല്ല്യാണം. അതൊരു നീരാളിയാ. പിടിച്ചാല്‍ പിടിച്ചതാ. അത് പൊട്ടിക്കണമെങ്കില്‍ പോലീസും കോടതിയും വക്കീലാപ്പീസുമൊക്കെ കയറിയിറങ്ങണം. എന്നാലും മുറിവേല്ക്കുന്നത് പെണ്ണിനാ. പാവങ്ങളാണേല്‍ ഒരിടത്തുനിന്നും നീതി കിട്ടുമെന്ന് വിചാരിക്കണ്ട.”
സാവിത്രി കുരുക്കില്‍ വീണ നായയെപ്പോലെ മോങ്ങി.

ചില ദിവങ്ങള്‍ ഒഴുകിപ്പോയി. ഒരു പ്രഭാതയാമത്തില്‍ മുറ്റത്തെ ചക്കരമാവിന്‍ചോട്ടിലിരുന്ന് ഛര്‍ദ്ദിക്കുന്ന സാവിത്രിയുടെ പുറം തലോടിക്കൊണ്ട് കമലാക്ഷിയമ്മ മൊഴിഞ്ഞു.
”ഇന്നു നീ വിശ്രമിക്ക്. ജോലിയൊന്നും ചെയ്യണ്ട. ഇതൊക്കെ പെണ്ണുങ്ങക്ക് പറഞ്ഞിട്ടൊള്ളതാ.”
തികഞ്ഞ വെറുപ്പോടെ സാവിത്രി കാര്‍ക്കിച്ചുതുപ്പി.
”എനിക്കീ കരടിക്കുട്ടിയെ വേണ്ടമ്മേ.”
സാവിത്രി തേങ്ങിക്കൊണ്ട് പറഞ്ഞു.
”അങ്ങനെ പറയാനൊക്കുമോ! ദൈവം തരുന്നതല്ലേ?”

എന്തോ നിശ്ചയിച്ചുറച്ചപോലെ സാവിത്രി പൂജാമുറിയിലേക്കോടിക്കയറി. വരാന്തയുടെ ഒരുമൂലയില്‍ വേര്‍തിരിച്ചുവച്ചിരുന്ന ഒരു സ്ഥലമായിരുന്നത്. അവിടെ അലങ്കരിച്ചുവച്ചിരുന്ന ദൈവത്തിന്റെ വിഗ്രഹം അവള്‍ കൈയിലെടുത്തു. അതവള്‍ മുറ്റത്തേക്ക് വലിച്ചെറിഞ്ഞു. അതവിടെ വീണുടഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular