Saturday, April 27, 2024
HomeEditorialജോഫ്രിന്‍ ജോസ്: സംഘടനാ രംഗത്തെ പരിചയവും ബിസിനസ് നേട്ടങ്ങളും കൈമുതലായി ഫോമാ ട്രഷറർ സ്ഥാനത്തേക്ക്

ജോഫ്രിന്‍ ജോസ്: സംഘടനാ രംഗത്തെ പരിചയവും ബിസിനസ് നേട്ടങ്ങളും കൈമുതലായി ഫോമാ ട്രഷറർ സ്ഥാനത്തേക്ക്

ഫോമയില്‍ ജോയിന്റ് ട്രഷററായി പ്രവര്‍ത്തിച്ച പരിചയവും ബിസിനസ് രംഗത്തെ നേട്ടങ്ങളും കൈമുതലായാണ് ജോഫ്രിന്‍ ജോസ് ഫോമ ട്രഷററായി മത്സരിക്കുന്നത്. ആനന്ദന്‍ നിരവേല്‍ – ഷാജി എഡ്വേര്‍ഡ് ടീമിന്റെ കാലത്ത് ജോയിന്റ് ട്രഷറര്‍ എന്ന നിലയില്‍ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കുവഹിച്ചു. പ്രത്യേകിച്ച് ഫോമയുടെ അഭിമാന പദ്ധതികളിലൊന്നായ ആര്‍.സി.സി പ്രൊജക്ട്. അതിനാവശ്യമായ പണം കണ്ടെത്താനും വിജയകരമാക്കാനും വലിയ പങ്കുവഹിച്ചു. അതുപോലെ അന്നത്തെ കേരള കണ്‍വന്‍ഷനും, ഫ്‌ളോറിഡയില്‍ നടന്ന കണ്‍വന്‍ഷനും സ്‌പോണ്‍സേഴ്‌സിനെ കണ്ടെത്താനും സെലിബ്രിറ്റി ഗസ്റ്റുകളെ കൊണ്ടുവരാനും മുന്നിലുണ്ടായിരുന്നു. അന്നത്തെ മികവ് ഒരുതലംകൂടി ഉയര്‍ത്തി നല്ല പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ജോഫ്രിന്‍  ഉറപ്പു നൽകുന്നു.

അതിനു പറ്റിയ ടീമിനൊപ്പമാണ് മത്സരിക്കുന്നത്. ഫോമയിലും സംഘടനകളിലും വിവിധ സ്ഥാനങ്ങള്‍ വഹിച്ച പരിചയസമ്പന്നരാണ് ജയിംസ് ഇല്ലിക്കല്‍ നേതൃത്വം നല്‍കുന്ന പാനല്‍. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി സിജില്‍ പാലയ്ക്കലോടി, സെക്രട്ടറി സ്ഥാനാര്‍ത്ഥി വിനോദ് കൊണ്ടൂര്‍ എന്നിവരൊക്കെ സംഘടനയിലും സമൂഹത്തിലും അറിയപ്പെടുന്നവരും ആദരിക്കപ്പെടുന്നവരുമാണ്.

ഫോമയുടെ ശ്രദ്ധേയമായ ഹെല്‍പിംഗ്  ഹാന്‍ഡ്‌സ് എന്ന ചാരിറ്റി വിംഗിന്റെ സെക്രട്ടറിയായ ബിജു ചാക്കോ (ന്യൂയോര്‍ക്ക്) ആണ് ജോയിന്റ് സെക്രട്ടറിയായി മത്സരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ടാല്‍ ഹെല്‍പിംഗ് ഹാന്‍ഡ്‌സ് പ്രവര്‍ത്തനം വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. അതിനുപുറമെ അമേരിക്കന്‍ മലയാളി ജീവിതത്തെ സ്വാധീനിക്കുന്ന വിവിധ പദ്ധതികളും മനസിലുണ്ട്. മികച്ച സംഘാടകനാണ് ജോ. ട്രഷറർ സ്ഥാനാർഥി ബബ്‌ലു  ചാക്കോ.

മെക്‌സിക്കോയിലെ കാന്‍കൂണിലാണ് കണ്‍വന്‍ഷന്‍ എന്നത് എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ഒരു വെല്ലുവിളിയാണ്. പ്രായമായ പലരും യാത്ര ചെയ്യാന്‍ മടിക്കുന്നു. ചെലവും ഒരു പ്രശ്‌നമായി ചിലർ  പറയുന്നു. കണ്‍വന്‍ഷനോടൊപ്പമല്ലാതെ ഇലക്ഷന്‍ നടത്തുന്നത് സംഘടനയ്ക്ക് ദോഷം തന്നെ. കണ്‍വന്‍ഷന്റെ പ്രസക്തി നഷ്ടപ്പെടും. കഴിഞ്ഞതവണ സൂമില്‍ ഇലക്ഷന്‍ നടന്നപ്പോള്‍ എല്ലാവരും തന്നെ വോട്ട് ചെയ്തത് ഓര്‍ക്കുന്നു.

ഏപ്രില്‍ അവസാനം ഫ്‌ളോറിഡയിലെ ടാമ്പയില്‍ നടക്കുന്ന ജനറല്‍ബോഡി, മേയില്‍ നടക്കുന്ന കേരള കണ്‍വന്‍ഷന്‍ എന്നിങ്ങനെ സുപ്രധാന പരിപാടികളാണ് വൈകാതെ നടക്കുന്നത്.

ഈ തിരക്കിലും പ്രചാരണം ശക്തമായി നടക്കുന്നു. എല്ലാവരുമായും ബന്ധപ്പെടുന്നു. നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നതില്‍ സന്തോഷമുണ്ട്.

ട്രഷററെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം നടത്താനാവുമെന്ന് ഉറപ്പുണ്ട്. ചിക്കാഗോ കണ്‍വന്‍ഷന്‍ ലാഭകരമായിരുന്നു. ഫ്‌ളോറിഡ കണ്‍വന്‍ഷനും കാര്യമായ നഷ്ടമില്ലാതെ പര്യവസാനിച്ചു. നഷ്ടം ഉണ്ടാകാതെ കണ്‍വന്‍ഷന്‍ നടത്താനാവുമെന്നാണ് കരുതുന്നത്. മുന്‍കാലങ്ങളില്‍ നഷ്ടം വന്നുവെങ്കിലും ഇനി അങ്ങനെ ഉണ്ടാവുമെന്ന് കരുതുന്നില്ല.

യുവജനങ്ങള്‍ക്ക് മാത്രമുള്ള പ്രോഗ്രാമുകള്‍ നടത്തി അവരെ ആകര്‍ഷിക്കുകയാണ് ഒരു ലക്ഷ്യം. ചെറുപ്പത്തില്‍ തന്നെ കുട്ടികളെ സംഘടനയുമായി ബന്ധപ്പെടുത്തിയാല്‍ ഭാവിയില്‍ അവര്‍ സംഘടനയില്‍ തുടരും. ഇപ്പോഴത്തെ അവസ്ഥ വരില്ല. അതിനാല്‍ എല്ലാ പരിപാടികളിലും കുടുംബമായി പങ്കെടുക്കണമെന്ന നിര്‍ദേശമാണ് തങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. ഈമാസം 25-നു ന്യൂയോര്‍ക്ക് കേരള സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ കുടുംബമായി വരാനാണ് എല്ലാവരോടും തങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഫോമയിലോ, ഫോമ ഇലക്ഷനിലോ ജാതിക്കോ മതത്തിനോ എന്തെങ്കിലും പ്രസക്തിയുള്ളതായി കരുതുന്നില്ല. ഒരാളോടും ഏത് പള്ളിക്കാരനാണെന്നോ, ഏതു  ക്ഷേത്രമാണെന്നോ  ഒരിക്കലും ചോദിച്ചിട്ടില്ല. അങ്ങനെ ഉണ്ടാകാനും പാടില്ല. മലയാളി എന്ന ഒരൊറ്റ പരിഗണന അല്ലാതെ മറ്റൊന്നും ഫോമയില്‍ ഉണ്ടാകാന്‍ പാടില്ല.

പാനലിന്റെ അതിപ്രസരമാണ് സംഘടന രണ്ടായത് എന്ന് പറയുന്നു. പക്ഷെ പിന്നീടുള്ള എല്ലാ ഇലക്ഷനിലും ഓരോ വിധത്തിലും പാനല്‍ ഉണ്ടായിരുന്നുവെന്നതാണ് വസ്തുത. ഒളിച്ചും പാത്തും പാനലായി മത്സരിക്കുന്നതിനേക്കാള്‍ നല്ലത് പാനല്‍ പ്രഖ്യാപിച്ച് മത്സരിക്കുകതന്നെയാണ്. ഒരേ ചിന്താഗതിയുള്ളവരാണ് പാനലായി വരുന്നത്. അവര്‍ വിജയിച്ചാല്‍ പ്രവര്‍ത്തനം കൂടുതല്‍ എളുപ്പമാകും. എന്നുകരുതി എതിര്‍ പാനലില്‍ നിന്നുള്ളവരും വിജയിച്ചാല്‍ അവരോടൊപ്പം പ്രവര്‍ത്തിക്കുന്നതിന് ഒരു വിഷമവുമില്ല. ഇലക്ഷന്‍ കഴിയുമ്പോള്‍ വീറും വാശിയും തീരുന്നു. പിന്നെയുള്ളത് സംഘടന മാത്രമാണ്. നേരത്തെ മത്സരിക്കുകയും തോല്ക്കുകയും ചെയ്തവരൊക്കെയാണ് പാനലിലുള്ളത്. പക്ഷെ തോല്‍വിക്കുശേഷവും വിജയിച്ചവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച പാരമ്പര്യത്തിനുടമകളാണ് അവര്‍. അതിനാല്‍ പരാജയത്തെ ഭയപ്പെടാനൊന്നും തങ്ങള്‍ ആരും ഒരുക്കമല്ല. അതിന്റെ ആവശ്യവുമില്ല.

സംഘടന മികച്ച രീതിയിലാണ് പോകുന്നതെന്ന് ജോഫ്രിന്‍ കരുതുന്നു. അത് കൂടുതല്‍ ഉയരങ്ങളിലെത്തിക്കുക എന്നതാണ് ഓരോ കമ്മിറ്റികളുടേയും ചുമതല. കോവിഡ് കാരണം രണ്ടു വര്‍ഷമായി പ്രവര്‍ത്തനങ്ങളെല്ലാം സൂമിലും മറ്റുമായി. അത് ബന്ധങ്ങളേയും സൗഹൃദങ്ങളേയും ബാധിച്ചു. എന്തായാലും ഈ മഹാമാരിക്ക് ഒരു അറുതി വന്നിരിക്കുന്നുവെന്നാണ് നാം ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്.

യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്റെ  മുന്‍ സെക്രട്ടറിയും പ്രസിഡന്റും ഇന്ത്യാ കാത്തലിക്ക് അസോസിയേഷന്റെ മുൻ പ്രസിഡന്റുമായ  ജോഫ്രിന്‍ ന്യൂയോര്‍ക്കിലെ അറിയപ്പെടുന്ന ബിസിനസുകാരനും, യോങ്കേഴ്‌സിലും സമീപ പ്രദേശങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന നിരവധി ബിസിനസ്‌ സ്ഥാപനങ്ങളുടെ ഉടമയുമാണ്.

മൂവാറ്റുപുഴ അയവന സ്വദേശിയായ ജോഫ്രിന്റെ പിതാവ്‌ മുന്‍ അയവന കോണ്‍ഗ്രസ്‌ മണ്‌ഡലം സെക്രട്ടറിയും, മാതാവ്‌ മുന്‍ അയവന പഞ്ചായത്ത്‌ മെമ്പറും, സഹോദരന്‍   അയവന യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റുമായിരുന്നു

കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം ഉള്ള ജോഫ്രിന്‍ സാമൂഹ്യ-സാംസ്‌കാരിക രംഗത്ത്‌ സജീവ സാന്നിധ്യവും തികഞ്ഞ വാഗ്‌മിയും, കലാകാരനും കൂടിയാണ്‌. ഫോമയുടെ തുടര്‍ന്നുള്ള വളര്‍ച്ചയ്‌ക്ക്‌ ജോഫ്രിന്റെ സംഭാവന വിലമതിക്കാനാവാത്തതായിരിക്കും.

ഭാര്യ നിഷാ ജോഫ്രിന്‍. പന്ത്രണ്ടിലും ഏഴിലും പഠിക്കുന്ന രണ്ട് മക്കള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോഫ്രിന്‍ ജോസ്‌ (914 424 7289).

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular