Saturday, April 27, 2024
HomeEuropeയുദ്ധത്തിന്റെ ആദ്യ ഘട്ടം കഴിഞ്ഞെന്ന് റഷ്യ; തൽക്കാലം വെടി നിർത്തി

യുദ്ധത്തിന്റെ ആദ്യ ഘട്ടം കഴിഞ്ഞെന്ന് റഷ്യ; തൽക്കാലം വെടി നിർത്തി

റഷ്യ തൽക്കാലം യുദ്ധം നിർത്തി. രണ്ടാം ഘട്ടമായി കിഴക്കൻ യുക്രൈനിൽ റഷ്യൻ വിമതർ ഏറെയുള്ള ഡോൺബാസ് മേഖല പിടിക്കാനാണ് ഇനി ലക്ഷ്യമെന്നും അവർ വ്യക്തമാക്കുന്നു.
ഒന്നാം ഘട്ടം അവസാനിച്ചു എന്നു റഷ്യൻ സൈന്യം പറയുമ്പോൾ അതു പാശ്ചാത്യ രാജ്യങ്ങളുടെ സമ്മർദം കൊണ്ടു കൈവരിച്ച നേട്ടമാണെന്ന അവകാശവാദത്തിന് അർത്ഥമില്ല. രണ്ടു വിഷയങ്ങളാണ് ഇവിടെ പ്രസക്തമാകുന്നത്.

ഒന്ന്, പ്രസിഡന്റ് വ്ലദീമിർ പുട്ടിന്റെ പ്രതിച്ഛായക്കു മങ്ങലേറ്റിട്ടുണ്ട്. റഷ്യ വൻ ശക്തിയായാൽ പോലും ലോകത്തിൽ നിന്ന് ഒറ്റപ്പെട്ടു നിന്നു നിലനിൽക്കാനാവില്ല എന്ന തിരിച്ചറിവ്‌ ഉണ്ടായി  എന്നതാണ് ഒരു വ്യാഖ്യാനം. ഉപരോധങ്ങളുടെ വേദന അനുഭവിച്ചു തുടങ്ങുമ്പോൾ, വിട്ടുവീഴ്ചകൾ ഇല്ലാതെ ബലം പിടിച്ചിട്ടു കാര്യമില്ല എന്ന ബോധം ഉണ്ടാവുന്നു.

രണ്ട്, റഷ്യ പ്രതീക്ഷിച്ച പോലെ ഒരു വിനോദ യാത്ര ആയിരുന്നില്ല യുക്രൈൻ  ആക്രമണം. സൈന്യത്തിന് അപ്രതീക്ഷിതമായ പ്രഹരമേറ്റു. യുക്രൈൻ രഹസ്യാന്വേഷണ ഏജൻസിയായ എസ് യു ബി സംഘടിപ്പിച്ച വിവരങ്ങൾ ഉപയോഗിച്ച് പ്രസിഡന്റ് സെലെൻസ്കിയുടെ ഭരണകൂടം മറുതന്ത്രങ്ങൾ ആവിഷ്ക്കരിച്ചു തയാറായി നിന്നിരുന്നു എന്നാണ് ഇപ്പോൾ ലഭ്യമാവുന്ന റിപ്പോർട്ടുകളിൽ പറയുന്നത്. റഷ്യയ്ക്കു കനത്ത പ്രഹരം ഏല്പിച്ചു എന്നു സെലെൻസ്കി പറയുന്നുമുണ്ട്.
ആദ്യ ഘട്ടം കഴിഞ്ഞതു കൊണ്ട് ഇനി റഷ്യൻ വിമതർ ഏറെയുള്ള ഡോൺബാസ് എന്ന യുക്രൈൻ മേഖലയിൽ ശ്രദ്ധ വയ്ക്കും എന്നാണ് റഷ്യയുടെ നിലപാട്.
യുദ്ധം ഒരു മാസം പിന്നിട്ടപ്പോഴാണ് റഷ്യ വെടിനിർത്തുന്നത്. യുക്രൈൻ തലസ്ഥാനമായ കിയവ് ഒരൊറ്റ ദിവസം കൊണ്ടു  കീഴടക്കാമെന്ന റഷ്യൻ മോഹം പാഴായി എന്ന സത്യം ശേഷിക്കുന്നു. കിയവിൽ നിന്നു കൂട്ടപ്പലായനം ഉണ്ടായി. ജനങ്ങൾക്കു തിരിച്ചു വന്നാൽ പാർപ്പിടങ്ങളോ സ്വന്തമായി ഉണ്ടായിരുന്ന മറ്റെന്തെങ്കിലുമോ ഉണ്ടാവില്ല. അത്രയധികം നാശനഷ്ടങ്ങളാണ് അവിടെ ഉണ്ടായത്. എന്നാൽ കിയവ് പൂർണമായി കീഴടക്കാൻ റഷ്യൻ സൈന്യത്തിനു കഴിഞ്ഞിട്ടില്ല.
കിയവും മറിയുപോളും പോലുള്ള നഗരങ്ങൾ വീണാൽ യുക്രൈൻ സർക്കാരിനു ഒഴിയേണ്ടി വന്നേനെ. എന്നാൽ സെലെൻസ്കി തന്റെ കസേരയിൽ ഉറച്ചു തന്നെ ഇരിക്കുന്നു.
അപകടം തീർന്നു എന്ന് അതിനർത്ഥമില്ല.യുക്രൈന്റെ സൈന്യത്തിന് ഏറെ പരുക്കേറ്റിട്ടുണ്ട്. ഇനിയൊരു പോരാട്ടത്തിന് അവർക്കു പാശ്ചാത്യ സഖ്യ രാജ്യങ്ങൾ പല്ലും നഖവും നൽകണം. അക്കാര്യത്തിൽ ഫലപ്രദമായ നീക്കങ്ങൾ ഉണ്ടായിട്ടില്ല എന്ന പരാതി യുക്രൈനിൽ നിന്ന് തന്നെ ലോകം കേട്ടു കഴിഞ്ഞു.
കിഴക്കൻ മേഖലയിൽ യുക്രൈന്റെ കൈയിൽ നിന്ന് ഡോൺബാസ് പിടിച്ചെടുക്കാൻ റഷ്യൻ സേന നീങ്ങിയാൽ പോരാട്ടം കഠിനമാവും.
എന്നാൽ റഷ്യയുടെ വെടിനിർത്തൽ ഒരു തന്ത്രമാണെന്നു നിരീക്ഷകർ പറയുന്നുണ്ട്. അതായതു യുക്രൈന്റെ ശക്തമായ ചെറുത്തുനിൽപ്‌ അവരെ അമ്പരപ്പിച്ചതു കൊണ്ട് കുറേക്കൂടി ആസൂത്രിതമായി നീങ്ങേണ്ടതുണ്ടെന്നു റഷ്യ ചിന്തിക്കുന്നുണ്ടാവാം.
റഷ്യൻ വിമതർ യുക്രൈന്റെ ലുഹാൻസ്‌ക് മേഖലയുടെ 93 % നിയന്ത്രിക്കുന്നു എന്നാണ് റഷ്യൻ പ്രതിരോധ വകുപ്പ് പറയുന്നത്. ഡോൺബേസിൽ 54 ശതമാനവും. ഡോൻബാസ് ‘മോചിപ്പിച്ചാൽ’ യുദ്ധലക്ഷ്യം പൂർത്തിയായി എന്ന് അവകാശപ്പെട്ടു തടിതപ്പാം.
യുക്രൈൻ വ്യോമസേനയെ തകർത്തെന്നും റഷ്യ പറയുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular