Thursday, May 2, 2024
HomeEditorialശ്രീമദ് ഭഗവത്ഗീത -ഒരു ആമുഖം

ശ്രീമദ് ഭഗവത്ഗീത -ഒരു ആമുഖം

ഹിന്ദുമതവിശ്വാസികളല്ലാത്ത രണ്ടുപേരുടെ ചോദ്യങ്ങൾ ഇയ്യിടെ കേട്ടത് വളരെ രസകരമായി തോന്നി. അതിൽ ഒരാൾ ചോദിച്ചു. “നിങ്ങളുടെ  ഗീതയിൽ (ആ പ്രയോഗം തന്നെ തെറ്റാണ് എന്റെ ഗീതയല്ല; ആര് വായിച്ചു മനസ്സിലാക്കുന്നുവോ അവരുടെ ഗീത എന്ന് ശരി ) കോഴിവെട്ടും, ഭസ്മം എറിയലുമല്ലാതെന്താണുള്ളത്” മറ്റെയാൾ “ഗീത മുഴുവൻ വിഷം തുപ്പുന്നു”.  മതഭ്രാന്തുകൊണ്ട് അജ്ഞതയനുഭവിക്കുന്ന ആ സാധു മനുഷ്യരേപ്പോലെ അനേകരുണ്ട്. അവരെപോലുള്ളവരുടെ, അവരുടെ മതം മാത്രം ശരിയെന്നു വിശ്വസിക്കുന്നവരുടെ ചോദ്യങ്ങൾക്ക് മുന്നിൽ മറുപടി പറയാനറിയാതെ മിഴിച്ച് നില്‌ക്കേണ്ടിവരുന്ന  ഹിന്ദുമതവിശ്വാസികളും ഉണ്ട്. ഹിന്ദുമതത്തിൽ നിന്നും മതം മാറിയവരിൽ ഭൂരിപക്ഷം പേർക്കും ഗീത കേട്ടറിവുപോലുമില്ലായിരുന്നു എന്ന സത്യം ഭാരതീയരെ ഞെട്ടിക്കുന്നതാണ്.
ഗീത ഭാരതത്തിന്റെ പവിത്രമണ്ണിൽ പിറന്നുവീണിട്ടും അതെന്താണറിയാത്തവരും അതറിയാൻ ശ്രമിക്കാത്തവരുമായ ഭാരതീയരുണ്ട്. ഭഗവാന്റെ ഗീതം എന്ന് പറയുന്നെങ്കിലും ഗീതമല്ല. തത്വചിന്താപരമായ ആശയങ്ങൾ ഉൾകൊള്ളുന്ന സംഭാഷണ രൂപത്തിൽ ആണ് ഇതിന്റെ രചന. ഈ ഗ്രൻഥം മാനവരാശിക്ക് കിട്ടിയ ഒരു സന്ദേശമാണ്. ഇത് ഒരു മതം പറയുന്നില്ല. ഒരു മതത്തിൽ വിശ്വസിക്കാൻ പറയുന്നില്ല. ഇന്നത്തെ പ്രശ്നങ്ങളെ പരിഹരിച്ചുകൊണ്ടു ഭാവിയിലേക്ക് പുരോഗമിക്കാനുള്ള സഹായകഗ്രന്ധമാണ് ഗീത. ബന്ധനങ്ങളിൽ നിന്നും മനുഷ്യരെ സ്വതന്ത്രരാക്കാൻ ഗീത പാരായണം സഹായിക്കുന്നു. ഉപനിഷത്തുകളാകുന്ന പശുക്കളിൽ നിന്ന് കറവക്കാരനായ ഗോപാലകൃഷ്ണൻ കറന്നെടുത്ത പാലാണ് ഗീതയെന്നു വിശ്വസിച്ചുവരുന്നു. ഗീത ഉപനിഷത് സാരസംഗ്രഹമാണെന്നു വിവക്ഷ. ഗുരുവും, ശിഷ്യനുമായുള്ള സംഭാഷണരൂപത്തിലാണ് ഉപനിഷത്തുക്കൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഉപനിഷത് എന്ന വാക്കിനു താഴെ, അടുത്തിരിക്കുക എന്നൊക്കെ അർത്ഥമുണ്ട്. (അടുത്തിരുന്നു കേൾക്കുക എന്നുകൂടി അർത്ഥമുണ്ടെന്നു പണ്ഡിതർ) ചിരന്തനാഭാരതത്തിന്റെ അമൂല്യസമ്പത്താണ് ഉപനിഷദ്.
ഹിമാലയസാനുക്കളുടെ പ്രശാന്തതയിൽ ധ്യാനനിമഗ്നരായിരുന്ന മഹർഷിമാരിൽ നിന്നും വേദങ്ങളും ഉപനിഷത്തുക്കളുമുണ്ടായി. ഉപനിഷത് തത്വങ്ങൾ ഉൾകൊള്ളുന്ന ഗീത മനുഷ്യരുടെ യഥാർത്ഥ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നു. മനുഷ്യന്റെ പ്രയാസങ്ങളും  സംശയങ്ങളും സംഘര്ഷങ്ങളും അവനെ  ധർമ്മസങ്കടത്തിലാക്കുമ്പോൾ അവനെ നിരുന്മേഷനാക്കുമ്പോൾ ഗീതാപാരായണം അവനെ ഉയർത്തെഴുന്നേൽപ്പിക്കുന്നു.
ഭഗവത് ഗീതയുടെ പഴക്കത്തെച്ചൊല്ലി തർക്കങ്ങൾ ഉണ്ട്. കൃസ്തുവർഷത്തിനു നൂറുവർഷം മൂന്നോ പിന്നോ ആയിരിക്കാം ഇത് ഉത്ഭവിച്ചതെന്നു ചിലർ വിശ്വസിക്കുമ്പോൾ ഇതിനു അയ്യായിരത്തിൽ പരം വർഷത്തെ പഴക്കമുണ്ടെന്ന് ചിലർ വാദിക്കുന്നു. ഭാരതീയതത്വചിന്തകൾക്ക് പതിനായിരത്തിൽ പരം വർഷങ്ങളുടെ പഴക്കമുണ്ടെന്ന് തർക്കമറ്റ സംഗതിയാണ്. നേരത്തെ സൂചിപ്പിച്ചപ്പോലെ ഗീത ഉപനിഷത്തുക്കളുടെ സാരമാകുമ്പോൾ അതിന്റെ പഴക്കം ഊഹിക്കാവുന്നതാണ്. കുരുക്ഷേത്രയുദ്ധം നടന്ന വർഷം കൃസ്തുവിനു മുവ്വായിരം വർഷം മുമ്പെന്നാണ്. അപ്പോൾ ഗീതക്കും അത്രയും വർഷം പഴക്കമുണ്ടാകണം.
ഗീതയുടെ പശ്ചാത്തലം കുരുക്ഷേത്ര യുദ്ധഭൂമിയാണ്. മഹാഭാരതത്തിലെ ഭീഷ്മപർവ്വത്തിലാണ് ഗീതോപദേശം പ്രത്യക്ഷപ്പെടുന്നത്. ഭീഷ്മപർവ്വത്തിലെ ഇരുപത്തിയഞ്ച് മുതൽ നാല്പത്തിരണ്ടുവരെയുള്ള പതിനെട്ടധ്യായങ്ങൾ ചേർന്നതാണ് ഗീത. ഭഗവാന്റെ ഗീതം എന്നും ഇതറിയപ്പെടുന്നു. ഭഗവാൻ പാടിയതുകൊണ്ടു ഭഗവത്ഗീത. പതിനെട്ട് അധ്യായങ്ങളിൽ 700 ശ്ലോകങ്ങളിലായി ഗീത നിറഞ്ഞുനിൽക്കുന്നു. ഗീതോപദേശം നടക്കുന്നത് യുദ്ധത്തിന് മുമ്പാണ്. അല്ലാതെ യുദ്ധം നടന്നുകൊണ്ടിരിക്കുമ്പോഴല്ല. അതൊക്കെ ഏതു സ്‌റ്റെനോഗ്രാഫർ എഴുതിയെടുത്ത് എന്ന് ചോദിച്ചവരുണ്ട്. വേദവ്യാസൻ വിഘ്‌നേശ്വരനെ കൊണ്ടെഴുതിച്ചതാണ് മഹാഭാരതം, അതിലെ ഏതാനും ശ്ലോകങ്ങളാണ് ഗീത എന്നറിയാത്തവരാണ് അത്തരം സംശയം കൊണ്ട് വരുന്നത്.
യുദ്ധത്തിനു മുമ്പ് അത് നേരിൽ കാണാനുള്ള ശക്തി ധൃതരാഷ്ട്രർക്ക്‌  കൊടുക്കാൻ ശ്രീകൃഷ്ണൻ തയ്യാറായിരുന്നു. എന്നാൽ അദ്ദേഹം അത് നിരസിച്ചു. പകരം ആ ദിവ്യദൃഷ്ടി തന്റെ ഉപദേഷ്ടാവും സാരഥിയുമായ സഞ്ജയന് കൃഷ്ണൻ കൊടുത്തിരുന്നു. അദ്ദേഹത്തിന് ഭൂതവും, വർത്തമാനവും, ഭാവിയും കാണാൻ കഴിഞ്ഞിരുന്നു.  യുദ്ധം കഴിഞ്ഞു പത്താംദിവസം അന്നാണ് ശിഖണ്ഡിയെ മുൻനിർത്തി അർജുനനെയ്ത  ശരവർഷത്തിൽ മുങ്ങി ഭീഷ്മപിതാമഹൻ മൃതപ്രായനായി തേരിൽ നിന്നും ഭൂമിയിൽ പതിച്ചത്.ഭീഷ്മർ അമ്പേറ്റു വീണ ദുഃഖവാർത്തയറിഞ്ഞ ധൃതരാഷ്ട്രർ സഞ്ജയനോട് യുദ്ധത്തിന്റെ ആരംഭം മുതലുള്ള കാര്യങ്ങൾ ചോദിക്കുന്നതോടെ ഗീത ആരംഭിക്കുന്നു. (അമ്പത്തിയൊന്നു രാത്രികൾ ശരശയ്യയിൽ കിടന്നതിനുശേഷം സ്വച്ഛന്ദമൃത്യുവരിക്കാൻ അനുഗ്രഹമുള്ള ഭീഷ്മർ ഉത്തരായന കാലത്ത് തന്റെ ജീവൻ വെടിഞ്ഞു).
ധൃതരാഷ്ട്രരുടെ ചോദ്യമിതായിരുന്നു.
Dhritarashtra said: O Sanjaya, after my sons and the sons of Pandu assembled in the place of pilgrimage at Kurukshetra, desiring to fight, what did they do?
ധർമ്മഭൂമിയായ കുരുക്ഷേത്രത്തിൽ യുദ്ധത്തിനുള്ള ഉത്സാഹത്തോടെ എന്റെ ആൾക്കാരും പാണ്ഡവന്മാരും എന്ത് ചെയ്തു?
സഞ്ജയൻ യുദ്ധഭൂമിയിൽ ഒരുങ്ങുന്ന കാഴ്ചകൾ മഹാരാജാവിനു വിവരിച്ചുകൊടുക്കുന്നു ഇതിനിടയിൽ ആരോടോക്കെയാണ് യുദ്ധം ചെയ്യേണ്ടത്, ആരൊക്കെയാണ് ദുര്യോധനനുവേണ്ടി യുദ്ധം ചെയ്യാൻ വന്നിരിക്കുന്നത് ഇതൊക്കെ കാണാൻ രണ്ടു സേനയുടെയും നടുവിൽ തേർ നിർത്താൻ അർജുനൻ കൃഷ്ണനോട് അപേക്ഷിക്കുന്നു. അർജുനൻ തന്റെ ബന്ധുമിത്രാദികളെ ശത്രുപക്ഷത്ത് കണ്ടു വിഷാദമൂകനാകുന്നു. യുദ്ധത്തിന്റെ കെടുതികളെ കൃഷ്ണനോട് വിവരിക്കുന്നു. ആയുധമെടുക്കാതെ എതിർക്കാതെ നിൽക്കുന്ന തന്നെ കൗരവസൈന്യം കൊല്ലുന്നതായിരിക്കും ക്ഷേമമെന്നു അർജുനൻ കൃഷ്ണനെ അറിയിക്കുന്നു.  ദുഖത്തോടെ തളർന്നു അർജുനൻ ഗാണ്ടീവം താഴെയിട്ട് തേർത്തട്ടിൽ ഇരുന്നു. കൃഷ്ണൻ എല്ലാം കേട്ടിരുന്നു. പിന്നീട്  കൃഷ്ണൻ അർജുനനെ ഉപദേശിക്കുന്നതാണ് പിന്നീടുള്ള അദ്ധ്യായങ്ങൾ. ആദ്യം സാംഖ്യയോഗത്തെപ്പറ്റി പറയുന്നു.
ഈ അധ്യായത്തിലാണ് കൃഷ്ണൻ പറയുന്നത് :
“O Arjuna! Do not yield to impotence. It does not befit you. Cast off this wretched weakness of heart. Arise, O scorcher of enemies!”

അർജുനാ നീ ആണും പെണ്ണുമല്ലാത്ത അവസ്ഥയിലെത്തരുത്. ഇത് നിനക്ക് യോജിച്ചതല്ല മനസ്സിന്റെ തുച്ഛമായ ഈ ഭീരുത്വത്തെ കളഞ്ഞു എഴുന്നേൽക്കു.
ഗീതയിലെ പതിനെട്ടു അധ്യായങ്ങളെ ആറു വീതമുള്ള മൂന്നു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ആദ്യത്തെ ആറു അധ്യായങ്ങൾ “കർമ്മയോഗ ” എന്ന വിഭാഗത്തിൽ പെടുത്തിയിരിക്കുന്നു. അടുത്ത ആറു അധ്യായങ്ങൾ ഭക്തിയോഗ  എന്ന വിഭാഗത്തിലും ബാക്കിയുള്ളവ ജ്ഞാനയോഗത്തിലും ഉൾപ്പെടുത്തിയിരിക്കുന്നു.
യഥാർത്ഥ ഭക്തന് ഉണ്ടാകേണ്ട ഗുണങ്ങളെക്കുറിച്ച് ഗീത ഇങ്ങനെ പറയുന്നു. വിവേചനം, അതായത് നല്ലതും ചീത്തയും തിരിച്ചറിയൽ, ഇന്ദ്രിയസംയമനം, വൈരാഗ്യം, മനഃസംയമനം. ലൗകികവും ഭൗതികവുമായ കാര്യങ്ങളിൽ ആകർഷിക്കപ്പെടാതിരിക്കൽ തുടങ്ങിയവയാണ്. തത്വജ്ഞാനങ്ങൾക്കനുസരിച്ച് ജീവിക്കാൻ വേണ്ടി ഒരാൾ അനുഷ്ഠിക്കുന്ന പ്രായോഗികമാർഗ്ഗങ്ങളെ യോഗാസത്യങ്ങൾ  എന്ന് പറയുന്നു. വർത്തമാനകാലത്തെ മാതൃകാപരമായ ഔന്നത്യത്തിലേക്ക് ഉയർത്താൻ ഒരാൾ ശ്രമിക്കുന്നതിനെ യോഗ എന്ന് പറയുന്നു.ഗീതയിലെ അധ്യായങ്ങൾ യോഗ എന്നാണു വിശേഷിപ്പിച്ചിരിക്കുന്നത്.
കർമ്മം എന്ന് കേൾക്കുമ്പോൾ എല്ലാവരും ധരിക്കുന്നത് പ്രവർത്തിയെന്നാണ്. പ്രവർത്തിചെയ്യാൻ പ്രേരിപ്പിക്കുന്ന ആഗ്രഹത്തെയാണത്രെ കർമ്മം എന്ന് പറയുന്നത്. കർമത്തിന്റെ അനന്തരഫലങ്ങൾ അത് ചെയ്യാനുണ്ടായ ഉദ്ദേശ്യത്തെ ആശ്രയിച്ചിരിക്കും. ഭക്ഷണം പാകം ചെയ്യുന്നതിന് കർമ്മഫലമില്ല. വിശന്നിരിക്കുന്നവർക്ക് വേണി ഭക്ഷണം പാകം ചെയ്യുന്നത് സത്കർമ്മമാണ്. ഭക്ഷണത്തിൽ വിഷം കലർത്തി ആളുകൾക്ക് കൊടുക്കാൻ വേണ്ടി പാകം ചെയ്യുന്നത് ദുഷ്കർമ്മമാണ്. പ്രവർത്തിയുടെ പിറകിലുള്ള ഉദ്ദേശ്യമാണ് പ്രധാനം. തെളിഞ്ഞതും നേരായതുമായ ചിന്തയെപ്പറ്റിയാണ് ഗീത പ്രതിപാദിക്കുന്നത്.
“You have the right to work only but never to its fruits.
Let not the fruits of action be your motive, nor let your attachment be to inaction.”
ഫലം പ്രതീക്ഷിക്കാതെ കർമ്മം ചെയ്യുക, കർമ്മം ചെയ്യാതെ ഇരിക്കയുമരുത്. ആഗ്രഹം ഒരു മാനസികപ്രവർത്തിയാണ്. അത് ചിലപ്പോൾ ഒരു പ്രവർത്തിചെയ്യാൻ നമ്മെ പ്രേരിപ്പിക്കാം, ചെയ്യാതിരിക്കാൻ വിലക്കാം. മനസ്സിൽ ഒരു പാട് വീഴ്ത്തികൊണ്ട് ആ ചിന്ത ഒരു കർമ്മമുണ്ടാക്കുന്നു. ഭൂതകാലത്തിലെ ആ ചിന്ത വർത്തമാനകാലത്തിൽ ആകൃതി വയ്ക്കുന്നു. അതു ഭാവിയെ തീരുമാനിക്കുന്നു. വർത്തമാനം മാറ്റാൻ പ്രയാസമാണ്. പക്ഷെ നല്ല കർമ്മങ്ങളിലൂടെ  ഭാവിയെ രൂപീകരിക്കാൻ നമുക്ക് കഴിയുന്നു. കർമ്മം, ജീവാത്മാവ്, പരമാത്മാവ്, ബന്ധങ്ങൾ, ശരീരം, ജ്ഞാനം, ഭക്തി, മോക്ഷം എന്നിവയെക്കുറിച്ചുള്ള അർജുനന്റെ സംശയങ്ങൾ തീർത്തുകൊടുക്കുകയും അതിനായി താൻ ആരെന്ന് വിശ്വരൂപത്തിലൂടെ അര്ജുനന് കാണിച്ചുകൊടുക്കുകയും ചെയ്യുന്നു ഭഗവൻ കൃഷ്ണൻ. നമ്മളിലെല്ലാം ഒരു കുരുക്ഷേത്രമുണ്ട്. ഒരു മഹാഭാരതയുദ്ധം ദിനംപ്രതി അവിടെ ഒരുങ്ങുന്നു. നമ്മുടെ അജ്ഞതയാണ് അന്ധനായ ധൃതരാഷ്ട്രർ. നമ്മുടെ ആത്മാവു ആണ് അർജുനൻ. നമ്മുടെ ഹൃദയത്തിൽ വസിക്കുന്ന ഈശ്വരനാണ് തേരാളി. നമ്മുടെ ശരീരം രഥവും. ഇന്ദ്രിയങ്ങളാണ് കുതിരകൾ. നമ്മുടെ അഹംഭാവം, അഹങ്കാരം, ദുരാഗ്രഹം കാപട്യം, കാമം, അസൂയ, ഇഷ്ടാനിഷ്ടങ്ങൾ തുടങ്ങിയവ നമ്മുടെ ശത്രുക്കളും. ദൈനദിന ജീവിതത്തിലെ പ്രായോഗികപ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ഗീത പഠിപ്പിക്കുന്നു. ജ്ഞാനമാർഗ്ഗം, ഭക്തിമാർഗം, കർമ്മമാർഗം, എന്നീ മൂന്നു തത്വങ്ങൾ ഗീത വിവരിക്കുന്നു.
ഗീത ശ്രദ്ധാപൂർവം വായിക്കാതെയും, വായിച്ചത് മനസ്സിലാക്കാതെയും ഗീതയിലെ ശ്ലോകങ്ങൾ തെറ്റായി വ്യാഖ്യാനിച്ച് പലരും പലരെയും തെറ്റിദ്ധരിപ്പിക്കാറുണ്ട്.
“If you fight, you will either be slain on the battlefield and go to the celestial abodes, or you will gain victory and enjoy the kingdom on earth. Therefore arise with determination, O son of Kunti, and be prepared to fight.”

വധിക്കപ്പെട്ടാൽ സ്വർഗ്ഗപ്രാപ്തിയുണ്ടാകും. വിജയിയായാൽ നീ ഭൂമിയെ സ്വന്തമാക്കും. അതുകൊണ്ട് യുദ്ധത്തിന്   ദൃഢനിശ്ചയം  ചെയ്തു നീ എഴുന്നേൽക്കുക കൗന്തേയ എന്ന് ശ്രീകൃഷ്ണൻ അര്ജുനനോട് പറയുന്നുണ്ട്.

കൂടാതെ ഈ ഉപദേശങ്ങളും –

“If, however, you refuse to fight this righteous war, abandoning your social duty and reputation, you will certainly incur sin.”

ഈ ധർമ്മയുദ്ധം നീ ചെയ്യുകയില്ലെങ്കിൽ അത് നിമിത്തം നീ നിന്റെ സ്വധർമ്മവും കീർത്തിയും വെടിഞ്ഞ് പാപത്തെ പ്രാപിക്കും .

“Fight for the sake of duty, treating alike happiness and distress, loss and gain, victory and defeat. Fulfilling your responsibility in this way, you will never incur sin.”

സുഖദുഃഖങ്ങളെയും, ലാഭനഷ്ടങ്ങളെയും, ജയാപജയങ്ങളെയും തുല്യനിലയിൽ കണ്ടുകൊണ്ടു യുദ്ധം ചെയ്യുക. അങ്ങനെയെങ്കിൽ നീ പാപത്തിൽ നിന്നും ഒഴിവാകും.

ഈ ഭാഗം വായിച്ച് ഗീത മനുഷ്യരെ യുദ്ധം ചെയ്യാൻ പ്രേരിപ്പിക്കുന്നുവെന്നു വിശ്വസിക്കുന്നത് അജ്‌ഞതയാണ്. അർജുനനും കൃഷ്ണനും നിൽക്കുന്നത് ധർമ്മക്ഷേത്രമായ കുരുക്ഷേത്രത്തിലാണ്. തിന്മക്കെതിരെയുള്ള ധർമ്മയുദ്ധത്തിലാണ് അര്ജുനന് പോരാടേണ്ടത്. ഭഗവൻ കൃഷ്ണൻ അർജുനനോട് കർമ്മനിരത്താനാകാൻ ഉത്‌ഘോഷിക്കുന്നു. ജീവിതത്തോടാണ് നമുക്ക് യുദ്ധം ചെയ്യേണ്ടത്. പ്രയാസങ്ങൾ കണ്ടു തളർന്നിരിക്കാതെ ആത്മധൈര്യത്തോടെ വെല്ലുവിളികളെ നേരിടാനുള്ള കരുത്താർജ്ജിക്കയാണ് വേണ്ടത്.
തിന്മകളുടെ എണ്ണവും കരുത്തും (101  പേർ) എപ്പോഴും നന്മയെക്കാൾ (5 പേർ) കൂടുതലാവുന്നതും തന്മൂലം മനുഷ്യമനസ്സുകളിൽ ഭീതിപരക്കുന്നതും സ്വാഭാവികം. എന്നാൽ നന്മയുടെ ഭാഗത്ത് ഇപ്പോഴും ഈശ്വരനുണ്ടെന്ന വിശ്വാസമുണ്ടായിരിക്കണം. കൃഷ്ണൻ അര്ജുനനോട് പറയുന്നു.
“Whenever there is decay of righteousness, O Bharata,
And there is exaltation of unrighteousness, then I Myself come forth ;”
ധർമ്മത്തിന് തളർച്ചയും അധർമ്മത്തിനു ഉയർച്ചയും ഉണ്ടാകുമ്പോൾ ഞാൻ ജന്മമെടുക്കുന്നു.  വീണും കൃഷ്ണൻ പറയുന്നു.

“For the protection of the good, for the destruction of evil-doers,
For the sake of firmly establishing righteousness, I am born from age to age.”

സാധുക്കളെ രക്ഷിക്കാനും അധർമ്മികളെ നശിപ്പിച്ച് ധർമ്മം നില നിർത്താനുമായി ഞാൻ യുഗം തോറും ജന്മമെടുക്കുന്നു.
ഭഗവത് ഗീത തത്വചിന്താപരമായ ഒരു പ്രബന്ധമാണ്. ഇത് ഭാരതത്തിന്റെ പൈതൃകമാണ്. ഏതു മതസ്ഥർക്കും ഇത് വായിച്ച് മനസിലാക്കാവുന്നതാണ്. ഇത് ഒരു മതത്തെ പ്രതിനിധാനം ചെയ്യുന്നില്ല. എന്നാൽ ഒരു വിഭാഗം മാത്രം വിശ്വാസികൾ ഇത് വായിക്കുകയും ആദരിക്കുകയും ചെയ്യുന്നതുകൊണ്ട് അത് ആ വിഭാഗക്കാരുടെ എന്ന് വന്നു ഭവിച്ചതാണ്. ഇംഗളീഷ് ഭാഷയിൽ ധാരാളം പരിഭാഷകൾ ലഭ്യമാണ്. ഗീതോപദേശം എല്ലാവർക്കും വായിക്കാൻ താല്പര്യമുണ്ടായിരിക്കണമെന്നില്ല. പക്ഷെ വായിച്ചതിനുശേഷമേ അതേക്കുറിച്ച് വിമർശിക്കാവു.ലേഖനത്തിന്റെ ആരംഭത്തിൽ പറയുന്ന രണ്ടു വ്യക്തികൾ സ്വന്തം മതമല്ലാതെ മറ്റുള്ളതൊക്കെ പൈശാചികം എന്ന് വിശ്വസിക്കുന്ന സാധുക്കളാണ്. ശ്രീകൃഷ്ണൻ ഇങ്ങനെ അര്ജുനനോട് പറയുന്നുണ്ട്.
“This instruction should never be explained to those who are not austere or to those who are not devoted. It should also not be spoken to those who are averse to listening (to spiritual topics), and especially not to those who are envious of Me.”
സന്മാർഗ്ഗനിഷ്ഠയില്ലാത്തവരോട് നീ ഈ ഗീതാശാസ്ത്രം ഉപദേശിക്കരുത്. ഭക്തിയില്ലാത്തവനും, കേൾക്കാൻ താല്പര്യമില്ലാത്തവനും ഈശ്വരനെ നിന്ദിക്കുന്നവനും ഇത് ഉപദേശിക്കരുത്.

ശുഭം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular