Friday, April 26, 2024
HomeUSAമെഡിക്കൽ സ്കോളർഷിപ് ഫണ്ടിലേക്ക് ഡോ. ജോസഫ് എം. ചാലിൽ ഒരു ലക്ഷം ഡോളർ ...

മെഡിക്കൽ സ്കോളർഷിപ് ഫണ്ടിലേക്ക് ഡോ. ജോസഫ് എം. ചാലിൽ ഒരു ലക്ഷം ഡോളർ നൽകി

ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പുസ്തകത്തിന്റെ രചയിതാവും നോവോ ഇന്റഗ്രേറ്റഡ് സയൻസസിന്റെ ചീഫ് മെഡിക്കൽ ഓഫീസറുമായ ഡോ. ജോസഫ് എം. ചാലിൽ തന്റെ അമ്മാവനും മലയാളിയുമായ റവ. ഡോ. മാത്യു ചാലിൽ എന്ന കത്തോലിക്കാ പുരോഹിതന്റെ ബഹുമാനാർത്ഥം തുടങ്ങുന്ന സ്കോളർഷിപ്പ് ഫണ്ടിലേക്ക്  $100,000 സംഭാവന ചെയ്തു.  പ്രശസ്തമായ നോവ സൗത്ത് ഈസ്റ്റേൺ യൂണിവേഴ്‌സിറ്റിക്ക് നൽകുന്ന സ്‌കോളർഷിപ്പ് ഫണ്ട്, യൂണിവേഴ്‌സിറ്റിയിലെ ദരിദ്രരും അർഹരുമായ അന്താരാഷ്ട്ര മെഡിക്കൽ വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി വിനിയോഗിക്കും.
റവ.ഡോ.മാത്യു എം.ചാലിൽ 
വിദ്യാഭ്യാസത്തിനും പരിസ്ഥിതിക്കുമായി ജീവിതം സമർപ്പിച്ച കാർമലൈറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റിന്റെ (സിഎംഐ)  കത്തോലിക്കാ പുരോഹിതനാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ (ഐഐടി , ചെന്നൈ)നിന്നാണ് അദ്ദേഹം ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്. 1982-ൽ പെർഡ്യൂ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഗണിതത്തിൽ. പി.എച്ച് ഡി ചെയ്ത ശേഷം ഇന്ത്യയിലേക്ക് മടങ്ങുകയും ദേവഗിരി കോളേജിൽ ഗണിതശാസ്ത്ര പ്രൊഫസറായി സേവനമനുഷ്ഠിക്കുകയും ചെയ്തു. 1994 വരെ അവിടെ പ്രിൻസിപ്പലായിരുന്നു.
1996-ൽ  സിഎംഐ ജനറൽ കൗൺസിലറായി നിയമിതനായി. ദക്ഷിണേന്ത്യയിലെ എല്ലാ സിഎംഐ പ്രവിശ്യകളും യുഎസ്എ, കാനഡ, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ സിഎംഐ പ്രവർത്തനങ്ങൾക്കും അദ്ദേഹം മേൽനോട്ടം വഹിച്ചു. നൂറുകണക്കിന് സ്‌കൂളുകൾ, 30-ലധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഇന്ത്യയിലെ ഒരു യൂണിവേഴ്‌സിറ്റി എന്നിവ സിഎംഐ കോൺഗ്രിഗേഷന്റെ ഉടമസ്ഥതയിലുണ്ട്.
ധർമ്മ ദീപ്തി സർവ്വകലാശാലയുടെ  വൈസ് ചാൻസലർ, ധർമ്മാരം വിദ്യാ ക്ഷേത്രം രജിസ്ട്രാർ എന്നിങ്ങനെ നിരവധി സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്. പരിസ്ഥിതി മലിനീകരണ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഗണിതശാസ്ത്ര സൂത്രവാക്യങ്ങൾ ഉപയോഗിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണ താൽപ്പര്യം. ലോകാരോഗ്യ സംഘടനയുടെ കൺസൾട്ടന്റും ഇന്ത്യാ ഗവൺമെന്റിന്റെയും യുണൈറ്റഡ് അറബ് എമിറേറ്റ്സ് രാജ്യത്തിന്റെയും ഉപദേശകനുമായിരുന്നു ഫാ.ചാലിൽ.
ഡോ.ജോസഫ് എം.ചാലിൽ 
ദി യൂണിവേഴ്സൽ ന്യൂസ് നെറ്റ്‌വർക്കിന്റെ (www.theunn.com) പ്രസാധകനാണ്  ഡോ. ജോസഫ് എം.ചാലിൽ, യു.എസ്. നേവി മെഡിക്കൽ കോർപ്‌സിൽ നിന്ന് വിരമിച്ച അദ്ദേഹത്തിന്  അമേരിക്കൻ കോളേജ് ഓഫ് ഹെൽത്ത്‌കെയർ എക്‌സിക്യൂട്ടീവിന്റെ ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്.
ആശുപത്രികൾ, ഹെൽത്ത് കെയർ സംവിധാനങ്ങൾ, മറ്റ് ഹെൽത്ത് കെയർ ഓർഗനൈസേഷനുകൾ എന്നിവയെ നയിക്കുന്ന 40,000-ലധികം ഹെൽത്ത് കെയർ എക്‌സിക്യൂട്ടീവുകളുള്ള ഒരു അന്താരാഷ്ട്ര പ്രൊഫഷണൽ സൊസൈറ്റിയാണ് അമേരിക്കൻ കോളേജ് ഓഫ് ഹെൽത്ത്കെയർ. ഡിബിവി ടെക്‌നോളജീസ്, ബോഹ്‌റിംഗർ ഇംഗൽഹൈം, അബോട്ട് ലബോറട്ടറീസ്, ഹോഫ്‌മാൻ-ലാ റോഷ് എന്നിവിടങ്ങളിലും ഡോ. ചാലിൽ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
 ഇൻഡോ-അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ മുൻ ചെയർമാൻ കൂടിയായ അദ്ദേഹം, യു.എസ്. ഹെൽത്ത് കെയർ പോളിസിയിൽ വിദഗ്ധനും രോഗി കേന്ദ്രീകൃത പരിചരണത്തിന് വേണ്ടി ശക്തമായി വാദിക്കുന്ന ആളുമാണ്. എല്ലാവർക്കും ആരോഗ്യപരിരക്ഷ ലഭ്യമാക്കുന്നതിനുള്ള ശക്തമായ വക്താവായ ഡോ. ചാലിലിന്റെ പുതിയ പുസ്തകം, ബിയോണ്ട് ദി കോവിഡ്-19 പാൻഡെമിക്, ആമസോണിന്റെ ബെസ്റ്റ് സെല്ലേഴ്‌സ് ലിസ്റ്റിലുണ്ട്.ഹെൽത്ത്‌കെയറിന്റെ ഭാവിയെ രൂപാന്തരപ്പെടുത്തിക്കൊണ്ട് ഒരു മെച്ചപ്പെട്ട ലോകം വിഭാവനം ചെയ്യുന്ന പുസ്തകമാണിത്.
മെഡിക്കൽ വിദ്യാഭ്യാസം ഏറ്റവും ആവശ്യമാണെന്ന് കോവിഡ് മഹാമാരി ലോകത്തെ പഠിപ്പിച്ചു എന്നും, ആരോഗ്യകരമായ ജീവിതം നയിക്കാൻ ആളുകളെ സഹായിക്കുന്നതിൽ ആരോഗ്യപ്രവർത്തകർക്കുള്ള പങ്ക് നമ്മൾ തിരിച്ചറിഞ്ഞു എന്നും  ഡോ. ചാലിൽ അഭിപ്രായപ്പെട്ടു.അതുകൊണ്ടുകൂടിയാണ്  വരാനിരിക്കുന്ന തലമുറയിലെ മെഡിക്കൽ വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമാകുന്നതിൽ സംതൃപ്തി തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അറ്റ്ലാന്റയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. സ്വാതി കുൽക്കർണി, ഡോ. കിരൺ സി പട്ടേൽ കോളേജ് ഓഫ് അലോപ്പതിക് മെഡിസിനിലെ (എൻഎസ്‌യു എംഡി) നിർദ്ധനരായ മെഡിക്കൽ വിദ്യാർത്ഥികളെ സഹായിക്കുന്നതിനുള്ള ഡോ. ചാലിലിന്റെ മഹാമനസ്കതയെ പ്രശംസിച്ചു.
വിശിഷ്ട ഇന്ത്യൻ അമേരിക്കക്കാരിൽ ഒരാളായ ജോസഫ് ചാലിൽ ദുരിതബാധിതരെ, പ്രത്യേകിച്ച് വിദ്യാർത്ഥികളെ സഹായിക്കുന്നതിൽ മുൻപന്തിയിലാണെന്നും ചൂണ്ടിക്കാട്ടി. അമേരിക്കയിൽ ഉന്നതപഠനം നടത്തുന്ന മിടുക്കരായ വിദ്യാർത്ഥികളെക്കൂടാതെ ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിൽ പഠിക്കുന്നവർക്കും ഡോ.ചാലിൽ സമാനമായ ധനസഹായം നൽകുമെന്നും അവിടെ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ ഭാവി ശോഭനമാക്കുമെന്നും അവർ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ത്യയിലും വിദേശത്തുമുള്ള സർവ്വകലാശാലകളിൽ അറിവും നൈപുണ്യവും തേടുന്ന വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനായി മുന്നോട്ട് വരാനും സംഭാവന നൽകാനും ഡോ. ചാലിലിന്റെ ഈ ചുവടുവയ്പ്പ്  നിരവധി ഇന്ത്യൻ-അമേരിക്കക്കാർക്ക് പ്രചോദനമാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular